Sub Lead

എസ്പിയിലെ മുസ്‌ലിം നേതാക്കളെ ചാക്കിലിടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് ഉവൈസി; ജയിലിലുള്ള അസം ഖാന് കത്തയച്ചു

അഖിലേഷ് യാദവ് മുസ്‌ലിംകള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് ചില എസ്പി നേതാക്കള്‍ അടുത്തിടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

എസ്പിയിലെ മുസ്‌ലിം നേതാക്കളെ  ചാക്കിലിടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് ഉവൈസി;   ജയിലിലുള്ള അസം ഖാന് കത്തയച്ചു
X

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ വിമത സ്വരം ഉയര്‍ത്തിയ മുസ്‌ലിം നേതാക്കളെ തങ്ങളുടെ ചേരിയിലെത്തിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി. എസ്പി നേതാവും രാംപൂര്‍ എംഎല്‍എയുമായ അസം ഖാനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് മജ്‌ലിസ് പാര്‍ട്ടി നേതൃത്വം കത്തയച്ചു. നിലവില്‍ സിതാപൂര്‍ ജയിലിലാണ് അസം ഖാന്‍. ജയിലില്‍ കിടന്ന് ജനവിധി തേടിയ അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ രാംപൂരില്‍ നിന്ന് ജയിച്ചിരുന്നു.

അഖിലേഷ് യാദവ് മുസ്‌ലിംകള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് ചില എസ്പി നേതാക്കള്‍ അടുത്തിടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സാംബാല്‍ എംപി ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖ്, അസം ഖാന്റെ സഹായി ഫസാഹത്് അലി ഷാനു എന്നിവരാണ് അഖിലേഷിനെതിരേ പരസ്യവിമര്‍ശനമുന്നയിച്ച് രംഗത്തുവന്നത്. എസ്പിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനല്ലെന്ന് ബാര്‍ഖ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അഖിലേഷ് യാദവ് അസം ഖാനെ അവഗണിച്ചു എന്നാണ് ഷാനു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എസ്പിയില്‍ മുസ്‌ലിം നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് മജ്‌ലിസ് പാര്‍ട്ടി അസം ഖാന് ജയിലിലേക്ക് കത്തയച്ചത്.

മുസ്‌ലിംകള്‍ക്കായി സമാജ്‌വാദി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്നും സമുദായത്തെ വെറും വോട്ട് ബാങ്കായി ഉപയോഗിക്കുകയാണ് അഖിലേഷ് ചെയ്യുന്നതെന്നും കത്തില്‍ മജ്‌ലിസ് പാര്‍ട്ടി വക്താവ് മുഹമ്മദ് ഫര്‍ഹാന്‍ ചൂണ്ടിക്കാട്ടുന്നു. അസം ഖാനെ പോലും അഖിലേഷ് അവഗണിച്ചത് ആശങ്കയുണ്ടാക്കുന്നു. ശാരീരിക അസ്വാസ്ഥ്യം കാരണം മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അസം ഖാന്‍.

എല്ലാവരും അദ്ദേഹത്തെ സന്ദര്‍ശിച്ചു. എന്നാല്‍ അഖിലേഷ് യാദവ് മാത്രം വന്നില്ല. ഇത് കടുത്ത അവഗണനയാണ്. ഇപ്പോള്‍ ചികില്‍സ കഴിഞ്ഞ് അസം ഖാന്‍ വീണ്ടും സിതാപൂര്‍ ജയിലിലേക്ക് തിരിച്ചുപോയി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 96 ശതമാനം മുസ്‌ലിംകളും വോട്ട് ചെയ്തത് എസ്പിക്കായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അഖിലേഷ് യാദവ് നന്ദി കാണിച്ചില്ലെന്ന് മുഹമ്മദ് ഫര്‍ഹാന്‍ കത്തില്‍ പറയുന്നു.അസം ഖാന്‍ മജ്‌ലിസ് പാര്‍ട്ടിയില്‍ ചേരണമെന്നാണ് ഉവൈസിയുടെ ആഗ്രഹം. ഇത് അദ്ദേഹത്തിനുള്ള വീടാണ്. മജ്‌ലിസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. ഉത്തര്‍ പ്രദേശില്‍ മജ്‌ലിസ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കണമെന്നും മുഹമ്മദ് ഫര്‍ഹാന്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ച് ഫര്‍ഹാന്‍, അസം ഖാന് മൂന്ന് പേജുള്ള കത്തയച്ചിരിക്കുകയാണ്. ഉവൈസി സീതാപൂര്‍ ജയിലിലെത്തി അസം ഖാനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയില്‍ അധികൃതരോട് സമയം ചോദിച്ചിട്ടുണ്ട്. അസം ഖാന്റെ മോചനം വേഗത്തില്‍ സാധ്യമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നും മജ്‌ലിസ് പാര്‍ട്ടി വക്താവായ ഫര്‍ഹാന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മജ്‌ലിസ് പാര്‍ട്ടി യുപിയില്‍ മല്‍സരിച്ചിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല. മികച്ച ഭൂരിപക്ഷം നേടി ബിജെപി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയപ്പോള്‍ എസ്പിക്ക് തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.

Next Story

RELATED STORIES

Share it