Sub Lead

അഫ്ഗാനിസ്താനില്‍ ബ്രിട്ടീഷ് സൈനികര്‍ കൂട്ടക്കൊലകള്‍ നടത്തിയെന്ന് കണ്ടെത്തി; തലയണ മുഖത്ത് വെച്ചു തലയ്ക്ക് വെടിവെച്ചു

അഫ്ഗാനിസ്താനില്‍ ബ്രിട്ടീഷ് സൈനികര്‍ കൂട്ടക്കൊലകള്‍ നടത്തിയെന്ന് കണ്ടെത്തി; തലയണ മുഖത്ത് വെച്ചു തലയ്ക്ക് വെടിവെച്ചു
X

ലണ്ടന്‍: അഫ്ഗാന്‍ അധിനിവേശത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനികര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തി. കൊടുംക്രിമിനലുകളായ ഇവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ സംരക്ഷിച്ചെന്നും പ്രതിരോധ മന്ത്രാലയം രൂപീകരിച്ച സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപോര്‍ട്ട് പറയുന്നു. അധിനിവേശ സൈനികര്‍ അഫ്ഗാനികളെ അതിക്രൂരമായി പീഡിപ്പിക്കുകയും പൈശാചികമായ രീതിയില്‍ കൊലപ്പെടുത്തുകയും ചെയ്തുവെന്ന മുന്‍ ആരോപണങ്ങള്‍ ശരിയാണെന്ന തെളിവുകളും മൊഴികളുമാണ് പുറത്തുവന്നിരിക്കുന്നത്.

ഗ്രാമങ്ങളില്‍ നിന്ന് അഫ്ഗാനികളെ പിടികൂടി മുഖത്ത് തലയണ പിടിപ്പിച്ച് പിസ്റ്റള്‍ കൊണ്ട് തലയ്ക്ക് വെടിവച്ചു കൊല്ലുന്നതായിരുന്നു ഒരു സൈനികന്റെ രീതിയെന്നും കണ്ടെത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ ഫോഴ്‌സ് സൈനികര്‍ ചില പ്രദേശങ്ങളിലെ ആരോഗ്യമുള്ള എല്ലാ പുരുഷന്‍മാരെയും ആണ്‍കുട്ടികളെയും കൊലപ്പെടുത്തിയെന്നും കണ്ടെത്തി. അധിനിവേശത്തിന് എതിരേ ആരും ആയുധമെടുക്കരുതെന്ന നിലപാടായിരുന്നു ഇതിന് കാരണം.

2010 മുതല്‍ 2013 വരെയുള്ള കാലത്താണ് ഈ അതിക്രമങ്ങളും കൊലപാതകങ്ങളും നടന്നിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തുന്ന സൈനികര്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്ന സംവിധാനമാണ് ബ്രിട്ടീഷ് സൈന്യം അഫ്ഗാനിസ്താനില്‍ രൂപീകരിച്ചിരുന്നത്. കൊലയാളികളെ നിയമനടപടികളില്‍ നിന്ന് സംരക്ഷിക്കാന്‍ 'ഗോള്‍ഡന്‍ പാസ്' പോലൊരു സംവിധാനവും പ്രാബല്യത്തിലുണ്ടായിരുന്നു.

2011 ഫെബ്രുവരിയില്‍ അഫ്ഗാനിസ്താനിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തെ കുറിച്ച് ഒരു സൈനികന്‍ മേലുദ്യോഗസ്ഥന് അയച്ച ഇ-മെയിലിന്റെ പകര്‍പ്പും അന്വേഷണ റിപോര്‍ട്ടിന്റെ ഭാഗമാണ്. ബ്രിട്ടീഷ് സൈനികര്‍ പിടികൂടിയ ഒരു താലിബാന്‍ പോരാളിയെ ഉണ്ടയില്ലാത്ത തോക്കുമായി ഒരു കെട്ടിടത്തിന് അകത്തേക്ക് കയറ്റിവിട്ടു. ആ കെട്ടിടത്തില്‍ നിരവധി സാധാരണക്കാരുണ്ടായിരുന്നു. അല്‍പ്പസമയത്തിനകം അകത്തേക്ക് പോയ സൈനികന്‍ താലിബാന്‍ പോരാളിയുടെ കൈവശമുണ്ടായിരുന്ന തോക്കുമായാണ് തിരികെയെത്തിയത്. ആ കെട്ടിടത്തിലെ എല്ലാവരും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം കണ്ട മറ്റൊരു സൈനികന്‍ ഇക്കാര്യം മേലുദ്യോഗസ്ഥനെ ഇമെയിലിലൂടെ അറിയിക്കുകയായിരുന്നു. അഫ്ഗാനികള്‍ മണ്ടന്‍മാരാണെന്നും കൊല്ലപ്പെടാന്‍ അര്‍ഹരാണെന്നുമാണ് സൈനികമേധാവി ഈ ഇമെയിലിന് മറുപടി നല്‍കിയത്.

ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരായ യുദ്ധക്കുറ്റ ആരോപണങ്ങളും തെളിവുകളും അഫ്ഗാനിസ്താനില്‍ മാത്രമായി ഒതുങ്ങുന്നില്ല. ലിബിയയിലും സിറിയയിലും ഇവര്‍ നടത്തിയ അക്രമങ്ങളും അന്വേഷണ പരിധിയിലാണ്. ലിബിയയില്‍ നിരവധി പേരെ കൊന്ന അഞ്ച് സൈനികര്‍ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. സിറിയക്കാരെ തെരുവിലൂടെ നടന്നുവെടിവെച്ചു കൊന്നതിന് ഒമ്പത് സൈനികര്‍ക്കെതിരേ മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്.

അധിനിവേശം കഴിഞ്ഞ് നാട്ടില്‍ തിരികെയെത്തുന്ന സൈനികര്‍ മയക്കുമരുന്നു കച്ചവടം നടത്തുന്നതായും റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഇക്കാര്യം വെളിപ്പെട്ടത്. എന്നാല്‍, ദേശസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നു പറഞ്ഞ് ഇവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയില്ല.

Next Story

RELATED STORIES

Share it