Sub Lead

വഖ്ഫ് ബോര്‍ഡ് നിയമനം: വിശ്വാസം വ്രണപ്പെടുത്തുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

വഖ്ഫ് ബോര്‍ഡ് നിയമനം: വിശ്വാസം വ്രണപ്പെടുത്തുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

കൊല്ലം: മുസ് ലിം സംഘടനകളുടെ പ്രതിഷേധം കണക്കിലെടുക്കാതെ വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം വഖ്ഫ് എന്ന മതപരമായ സംജ്ഞയിലെ വിശ്വാസപരമായ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി പ്രസ്താവിച്ചു.

വിശ്വാസികള്‍ തങ്ങളുടെ വസ്തുവകകള്‍ ദൈവപ്രീതിയും പരലോക മോക്ഷവും ലക്ഷ്യം വച്ചു കൊണ്ട് വിശ്വാസപരമായ ആവശ്യങ്ങള്‍ക്കു വിശ്വാസികളുടെ വകയായി പതിച്ചു നല്‍കുന്നതാണ് വഖ്ഫ് സ്വത്തുക്കള്‍.

മസ്ജിദുകള്‍ക്കും മദ്‌റസകള്‍ക്കും സമാനമായ ആവശ്യങ്ങള്‍ക്കുമാണ് വിശ്വാസികള്‍ വഖ്ഫ് ചെയ്യാറുള്ളത്. അത്തരത്തില്‍ പവിത്രമായ ഉദ്ദേശ്യാര്‍ഥം വഖ്ഫ് ചെയ്യപ്പെട്ട ഭൂമികള്‍ പലതും അന്യാധീനപ്പെട്ടു പോയിട്ടുണ്ട്. പ്രസ്തുത വഖ്ഫ് ഭൂമികളുടെ സംരക്ഷണത്തിനായി നിയമപരമായി സ്ഥാപിക്കപ്പെട്ട സ്വയംഭരണ സ്ഥാപനമാണ് വഖ്ഫ് ബോര്‍ഡ്.

ഈ സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്ക് വിടുമ്പോള്‍ മുസ്‌ലിം സമുദായത്തിന് മാത്രം അര്‍ഹതപ്പെട്ട കൈകാര്യധികാരം വിശ്വാസപരമായ വികാരം ഉള്‍കൊള്ളാത്തവര്‍ക്കു കൂടി പങ്കിട്ടു കൊടുക്കുക എന്ന അന്യായവും അനൗചിത്യവുമാണ് വന്നു ചേരുന്നത്.

ഈ അര്‍ഥത്തിലാണ് പതിനായിരത്തിലധികം നിയമന സാധ്യതകളുണ്ടായിട്ടും ദേവസ്വം ബോര്‍ഡിലെ നിയമനം പിഎസ്‌സിക്ക് വിടാതെ ഹൈന്ദവ വിശ്വാസികളുടെ വികാരം മാനിച്ച് സര്‍ക്കാര്‍ അവര്‍ക്ക് മാത്രം വിട്ടുകൊടുത്തിട്ടുള്ളത്. സര്‍ക്കാര്‍ അവിടെ കാണിക്കാത്ത നിര്‍ബന്ധബുദ്ധിയാണ് 150 ല്‍ താഴെ മാത്രം തസ്തികകളുള്ള വഖ്ഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിടുന്നതില്‍ കാണിക്കുന്നത്.

മസ്ജിദുകള്‍ക്കും വഖ്ഫ് സ്വത്തുക്കള്‍ക്കും നേരെ സംഘപരിവാര്‍ ശക്തികള്‍ അന്യായമായ കൈയേറ്റം നടത്തുന്ന ഇക്കാലത്തെ സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം വിവേചനപരവും സംഘപരിവാര്‍ പ്രീണനവുമാണെന്നേ വിലയിരുത്താനാവൂ.

ആയതിനാല്‍ മുസ് ലിം സമുദായത്തിന്റെ വിശ്വാസപരമായ വികാരം വ്രണപ്പെടുത്തുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ എത്രയും വേഗം പിന്‍മാറുകയും നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it