Sub Lead

അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തു; ഇടക്കാല ജാമ്യഹരജി ഹൈക്കോടതിയില്‍

അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തു; ഇടക്കാല ജാമ്യഹരജി ഹൈക്കോടതിയില്‍
X

ഹൈദരാബാദ്: പുഷ്പ-2 സിനിമ റിലീസിനിടെയുണ്ടായ തിക്കുംതിരക്കിലും സ്ത്രീ മരിച്ച കേസില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അറസ്റ്റിനെതിരെ അല്ലു നല്‍കിയ ഹര്‍ജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണ്. ഹൈക്കോടതിയുടെ തീരുമാനത്തിനു ശേഷമേ അല്ലുവിനെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമാവൂ. പുഷ്പയുടെ പ്രിമിയര്‍ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേസമയം, ബോധപൂര്‍വം ആരെയും ഉപദ്രവിക്കാന്‍ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പോലിസാണെന്നും അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നുമാണ് അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ വാദിച്ചത്. നടന്റെ അപ്രതീക്ഷിത സന്ദര്‍ശനമാണ് തിയറ്ററില്‍ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഡിസംബര്‍ നാലിന് നടന്ന പ്രീമിയര്‍ ഷോയ്ക്കിടെ ആയിരുന്നു അപകടം. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകന്‍ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് അല്ലു അര്‍ജുനെ കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it