Sub Lead

ബാങ്ക് വിളിക്കെതിരായ സംഘപരിവാര്‍ നീക്കം; സാമുദായിക സൗഹാര്‍ദത്തിന് മാതൃകയായി മഹാരാഷ്ട്രയിലെ ഹിന്ദു സമൂഹം

ബാങ്ക് വിളിക്കെതിരായ സംഘപരിവാര്‍ നീക്കം;  സാമുദായിക സൗഹാര്‍ദത്തിന് മാതൃകയായി മഹാരാഷ്ട്രയിലെ ഹിന്ദു സമൂഹം
X

മുംബൈ: ബാങ്ക് വിളിക്കെതിരേ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍ നീക്കം ശക്തമായിരിക്കെ സാമുദായിക സൗഹാര്‍ദത്തിന് മാതൃകയാവുകയാണ് മഹാരാഷ്ട്രയിലെ ഒരു ഹിന്ദു ഭൂരിപക്ഷ ഗ്രാമം. ഹിന്ദുക്കള്‍ കൂടുതലുള്ള ഗ്രാമമായ ധസ്‌ലപിര്‍വാഡിയിലെ ഏക് മുസ് ലിം പള്ളിയില്‍ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യരുതെന്ന് പ്രമേയം പാസാക്കിയിരിക്കുകയാണ് ഗ്രാമത്തിലെ ഹിന്ദു സമൂഹം. ബാങ്ക് ദിനചര്യയുടെ ഭാഗമാണെന്നും ഗ്രാമത്തില്‍ ആര്‍ക്കും ഇത് കൊണ്ട് ബുദ്ധിമുട്ടില്ലെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ ജല്‍ന ജില്ലയിലെ ഗ്രാമപഞ്ചായത്താണ് ധസ്ലപിര്‍വാഡി. ഏകദേശം 600 മുസ്‌ലിം കുടുംബങ്ങള്‍ ഉള്‍പ്പെടെ 2,500 ഓളം ജനസംഖ്യയുണ്ട്. ഏപ്രില്‍ 24 ന് പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് ഗ്രാമസഭ സംഘടിപ്പിച്ചു. അവിടെ ഗ്രാമവാസികള്‍ പള്ളിയില്‍ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യരുതെന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി.

'ഞങ്ങള്‍ ഗ്രാമീണര്‍ എല്ലാ ജാതിയിലും പെട്ടവരാണ്. അറുന്നൂറോളം മുസ്‌ലിം കുടുംബങ്ങളാണ് ഇവിടെയുള്ളത്. വര്‍ഷങ്ങളായി ഞങ്ങള്‍ സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നു, രാജ്യത്തുടനീളം എന്ത് രാഷ്ട്രീയം കളിച്ചാലും അത് ഞങ്ങളുടെ ബന്ധങ്ങളെയും പാരമ്പര്യങ്ങളെയും ബാധിക്കരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു, 'ഗ്രാമത്തിലെ സര്‍പഞ്ച് രാം പാട്ടീല്‍ പറഞ്ഞു.

'ബാങ്ക് ഗ്രാമവാസികളുടെ ജീവിതമാര്‍ഗമായി മാറിയിരിക്കുന്നു, അതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും അവരവരുടെ പതിവ് ജോലികള്‍ ചെയ്യുന്നു. ഗ്രാമവാസികള്‍ രാവിലെ ബാങ്ക് കഴിഞ്ഞ് ജോലി ആരംഭിക്കുകയും ഉച്ചയ്ക്ക് ഒന്നിന് ശേഷം ഉച്ചയ്ക്ക് 1. 30 ന് ഉച്ചഭക്ഷണ ഇടവേള എടുക്കുകയും ചെയ്യുന്നു. വൈകീട്ട് അഞ്ചിന് വൈകീട്ടത്തെ ബാങ്കോടെ ജോലി അവസാനിപ്പിക്കുന്നു. വൈകുന്നേരം 7 മണിക്കുള്ള ബാങ്ക് അത്താഴത്തിനുള്ള സമയം അടയാളപ്പെടുത്തുന്നു. തുടര്‍ന്ന് 8.30നുള്ള അവസാന ബാങ്കിന് ശേഷം എല്ലാവരും ഉറങ്ങാന്‍ പോകുന്നു,' പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കുമെന്ന് പള്ളിയിലെ മൗലവിയായ സാഹിര്‍ ബേഗ് മിര്‍സ ഗ്രാമസഭയില്‍ പറഞ്ഞിരുന്നു.

ജാതിയോ മതമോ നോക്കാതെ എല്ലാ വീടുകളിലും നടക്കുന്ന പരിപാടികളില്‍ ഗ്രാമവാസികള്‍ എപ്പോഴും പങ്കെടുത്തിരുന്നുവെന്ന് പാട്ടീല്‍ പറഞ്ഞു. സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനായി, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മതപരമായ ആഘോഷങ്ങളില്‍ മഹാദേവ ക്ഷേത്രത്തില്‍ കാവി പതാക ഉയര്‍ത്താന്‍ ഗ്രാമവാസികള്‍ മുസ് ലിം യുവാവിനെ ക്ഷണിച്ചിരിക്കുകയാണ്.

പുറത്ത് നടക്കുന്ന വിദ്വേഷ രാഷ്ട്രീയത്തില്‍ നിന്ന് ഗ്രാമത്തെ അകറ്റി നിര്‍ത്തുക എന്നതാണ് ഉദ്ദേശ്യമെന്ന് പാട്ടീല്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഞങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങളുണ്ട്, പക്ഷേ ഞങ്ങളുടെ ഗ്രാമത്തെ ഇതില്‍ നിന്നെല്ലാം മാറ്റി നിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it