Sub Lead

ലോക്ക് ഡൗണ്‍: ഹിന്ദു സ്ത്രീയുടെ മൃതദേഹം ചുമന്ന് മുസ് ലിംകള്‍ നടന്നത് 2.5 കിലോമീറ്റര്‍(വീഡിയോ)

മുസ് ലിം യുവാക്കളുടെ പ്രവൃത്തിയെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പ്രശംസിച്ചു

ലോക്ക് ഡൗണ്‍: ഹിന്ദു സ്ത്രീയുടെ മൃതദേഹം ചുമന്ന് മുസ് ലിംകള്‍ നടന്നത് 2.5 കിലോമീറ്റര്‍(വീഡിയോ)
X

ഇന്‍ഡോര്‍: കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനിടെ, മരണപ്പെട്ട ഹിന്ദു സ്ത്രീയുടെ മൃതദേഹം ചുമന്ന് മുസ് ലിം യുവാക്കള്‍ നടന്നത് 2.50 കിലോമീറ്ററോളം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ലോക്ക് ഡൗണ്‍ കാരണം മൃതദേഹം സംസ്‌കരിക്കാന്‍ ഹിന്ദു കുടുംബത്തിന് എല്ലാവിധ സഹായവുമായും അയല്‍വാസികളായ മുസ് ലിംകള്‍ നല്‍കി. 65 കാരിയായ ഹിന്ദു സ്ത്രീ മരണപ്പെട്ടപ്പോള്‍ മൃതദേഹം കൊണ്ടുപോവാന്‍ പോലും വാഹനം കിട്ടാതായതോടെയാണ് മുസ്‌ലിംകള്‍ രംഗത്തെത്തിയത്. 2.5 കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലേക്കാണ് മൃതദേഹം കൊണ്ടുപോവേണ്ടത്. കൊറോണ ഭീതി കാരണം ബന്ധുക്കളില്‍ ഭൂരിഭാഗവും സംസ്‌കാര ചടങ്ങിനെത്തിയില്ല. തുടര്‍ന്ന് സമീപവാസികളായ മുസ് ലിംകളാണ് സ്ത്രീയുടെ മക്കളെ അന്ത്യകര്‍മങ്ങളില്‍ സഹായിച്ചത്. തൊപ്പിയിട്ട മുസ് ലിം യുവാക്കള്‍ മുഖാവരണവും ധരിച്ച് മൃതദേഹം തോളിലേറ്റി രണ്ടര കിലോമീറ്ററോളം ചുമന്നുകൊണ്ടുപോവുകയായിരുന്നു. സംസ്‌കാരത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഇവരാണ് ചെയ്തത്.

മുസ് ലിം യുവാക്കളുടെ പ്രവൃത്തിയെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പ്രശംസിച്ചു. 'ഹിന്ദു സ്ത്രീയുടെ മൃതദേഹം മുസ് ലിം യുവാക്കളും സ്ത്രീയുടെ രണ്ട് ആണ്‍മക്കളും ചേര്‍ന്ന് അന്ത്യകര്‍മങ്ങള്‍ക്കായി ചുമലില്‍ ചുമന്നത് പ്രശംസനീയമാണ്. ഇത് സമൂഹത്തിന് ഒരു മാതൃകയാണ്. ഇത് നമ്മുടെ സംസ്‌കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരം രംഗങ്ങള്‍ പരസ്പര സ്‌നേഹവും സാഹോദര്യവും വര്‍ധിപ്പിക്കുന്നു' മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ട്വിറ്ററില്‍ കുറിച്ചു.

കുട്ടിക്കാലം മുതല്‍ തന്നെ അറിയാവുന്ന സ്ത്രീയാണെന്നും ഇത് തങ്ങളുടെ കടമയാണെന്ന് കരുതുന്നതെന്നും മുസ് ലിം യുവാക്കള്‍ വാര്‍ത്താഏജന്‍സിയായ പിടിഐയോട് പറഞ്ഞു. നേരത്തെയും സമാന രീതിയിലുള്ള സംസ്‌കാരച്ചടങ്ങിനെ കുറിച്ച് വാര്‍ത്ത പുറത്തുവന്നിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രവിശങ്കര്‍ എന്നയാള്‍ മരണപ്പെട്ടപ്പോള്‍ കൊറോണ ഭീതിയില്‍ ബന്ധുക്കളാരും അന്ത്യകര്‍മങ്ങള്‍ക്കെത്താതിരുന്നപ്പോള്‍ അയല്‍വാസികളായ മുസ് ലിംകളാണ് സംസ്‌കാരച്ചടങ്ങുകള്‍ നിര്‍വഹിച്ചത്.


Next Story

RELATED STORIES

Share it