Sub Lead

'രാമക്ഷേത്രത്തെ എതിര്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസ് ആഗസ്ത് അഞ്ചിന് സമരം നടത്തിയത്'; വര്‍ഗീയ ആരോപണവുമായി അമിത് ഷാ

രാമക്ഷേത്രത്തെ എതിര്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസ് ആഗസ്ത് അഞ്ചിന് സമരം നടത്തിയത്; വര്‍ഗീയ ആരോപണവുമായി അമിത് ഷാ
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സമരത്തിനെതിരേ വര്‍ഗീയ ആരോപണം നടത്തി പ്രതിരോധിക്കാനുള്ള ശ്രമവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോധ്യയിലെ രാമക്ഷേത്രത്തെ എതിര്‍ക്കുന്നതിനാലാണ് ആഗസ്ത് അഞ്ചിന് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അമിത് ഷാ പറഞ്ഞു. രാമക്ഷേത്രത്തിന് തറക്കല്ലിട്ട ആഗസ്ത് അഞ്ച് തന്നെ കോണ്‍ഗ്രസ് പ്രതിഷേധത്തിനായി തെരഞ്ഞെടുത്തു. കറുത്ത വസ്ത്രം ധരിച്ചത് അവരുടെ പ്രീണന രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ സന്ദേശം നല്‍കാനാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയാഗാന്ധിക്കും ഡയറക്ടറേറ്റ് പുതിയ സമന്‍സ് അയച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ് വെള്ളിയാഴ്ച പ്രതിഷേധം നടത്തിയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാവരും നിയമത്തെ മാനിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.

വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജിഎസ്ടി വര്‍ധന, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയാണ് വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാജ്യവ്യാപകമായി വന്‍ പ്രതിഷേധം നടത്തിയത്. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയ പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ഉള്‍പ്പെടെയുള്ള നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. ആറ് മണിക്കൂറിന് ശേഷമാണ് പോലിസ് ഇവരെ വിട്ടയച്ചത്. കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ 335 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായി ഡല്‍ഹി പോലിസ് അറിയിച്ചു.

ജനാധിപത്യത്തിന്റെ മരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നും ഏകാധിപത്യത്തിനെതിരെ നിലകൊള്ളുന്നവര്‍ക്കെതിരെ നിഷ്ഠൂരമായി ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കരുതെന്നതാണ് സര്‍ക്കാരിന്റെ ഏക അജണ്ടയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Next Story

RELATED STORIES

Share it