Sub Lead

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി വിവാദം

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി വിവാദം
X

കൊല്‍ക്കത്ത: കേന്ദ്ര മന്ത്രിസഭയില്‍ പുതുതായി ആഭ്യന്തര സഹ മന്ത്രിയായി ചുമതലയേറ്റ നിസിത് പ്രമാണിക്കിന്റെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി വിവാദം. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ നിസിത് പ്രമാണിക്ക് രണ്ടു തിരഞ്ഞെടുപ്പുകളിലായി തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലങ്ങളിലെ വൈരുധ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി നിസിത് പ്രമാണിക് ആഭ്യന്തരമന്ത്രി അമിത് ഷായുടെ തൊട്ടു താഴെയുള്ള സഹമന്ത്രിയായി നിയമിതനായത്. 35 കാരനായ പ്രമാണിക് ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ലോക്‌സഭാ പ്രൊഫൈലില്‍ നല്‍കിയ വിവരങ്ങള്‍

2021 മാര്‍ച്ച് 18നു നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിലും 2019 മാര്‍ച്ച് 25നു ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി മാധ്യമിക് പരീക്ഷ അല്ലെങ്കില്‍ സെക്കന്‍ഡറി പരീക്ഷ എന്നാണ് നല്‍കിയിരുന്നത്. എന്നാല്‍, ലോക്‌സഭാ വെബ്‌സൈറ്റിലെ പ്രമാണിക്കിന്റെ പ്രൊഫൈലില്‍ പറയുന്നത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത 'ബാലകുര ജൂനിയര്‍ ബേസിക് സ്‌കൂളില്‍ നിന്ന് പഠിച്ച കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബാച്ചിലേഴ്‌സ്(ബിസിഎ) ആണെന്നാണ്. മൂന്നുവര്‍ഷത്തെ ബിരുദ കോഴ്‌സാണ് ബിസിഎ. ഇതിന് ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ 12ാം ക്ലാസ് പാസാവേണ്ടത് നിര്‍ബന്ധമാണ്. കൂച്ച് ബെഹാര്‍ ജില്ലയില്‍ നിന്നുള്ള നിരവധി തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) നേതാക്കള്‍ ഇതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വിജയിക്കാതെ ഒരാള്‍ക്ക് എങ്ങനെ ബിരുദം നേടാനാവുമെന്നാണ് മുന്‍ ടിഎംസി എംഎല്‍എ ഉദയന്‍ ഗുഹയുടെ ചോദ്യം.

ടിഎംസിയുടെ മുന്‍ കൂച്ച് ബെഹാര്‍ എംപി പാര്‍ത്ത പ്രതിം റോയിയും സാമൂഹിക മാധ്യമത്തിലൂടെ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. പ്രമാണിക്കിന്റെ ലോക്‌സഭാ പ്രൊഫൈലില്‍ പരാമര്‍ശിക്കുന്ന സ്‌കൂള്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു ജൂനിയര്‍ ബേസിക് സ്‌കൂളാണെന്നും ഇവിടെ എങ്ങനെ ഒരു ബിരുദം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പ്രമാണിക്കിന്റെ പ്രൊഫൈലില്‍ ഈ സ്‌കൂളില്‍ നിന്നാണ് അദ്ദേഹത്തിന് ബിരുദം നല്‍കിയതെന്ന് പരാമര്‍ശിക്കുന്നില്ല. സ്‌കൂളിലാണ് കോഴ്‌സ് നടത്തിയതെന്നാണ് പറയുന്നത്. പക്ഷേ, ബിരുദം നല്‍കിയ സ്ഥാപനം ഏതാണെന്ന് കൃത്യമായി പ്രൊഫൈലില്‍ പരാമര്‍ശിക്കുന്നില്ല. കോഴ്‌സ് വിശദീകരണവും അഫിലിയേഷനും പൂര്‍ത്തിയാക്കിയ സമയവും പോലുള്ള വിശദാംശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രമാണികിനു ചോദ്യങ്ങള്‍ ടെക്സ്റ്റായും വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ വഴി അയച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും 'ദി വയര്‍' റിപോര്‍ട്ട് ചെയ്തു.

നിസിത് പ്രമാണിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍

കൂച്ച് ബെഹാര്‍ ജില്ലയിലെ ടിഎംസി യൂത്ത് വിംഗ് നേതാവായിരുന്ന നിസിത് പ്രാമാണിക്ക് 2018ലാണ് പാര്‍ട്ടി പുറത്താക്കിയത്. തുടര്‍ന്ന് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്നു. മമത ബാനര്‍ജി വിശ്വസ്തനായ മുകുള്‍ റോയിക്കൊപ്പം ബിജെപിയിലേക്കു പോയ പ്രമാണിക് ലോക്‌സഭാ ടിക്കറ്റ് നേടി മാര്‍ജിനില്‍ വിജയിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍, ദിന്‍ഹത സീറ്റില്‍ നിന്ന് നേരിയ വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം മുകുള്‍ റോയ് ടിഎംസിയിലേക്ക് തിരിച്ചെത്തിയപ്പോള്‍ പ്രമാണിക്കിനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം നല്‍കിയത്. നിസിത് പ്രമാണിക്ക് കൊലപാതകം, കൊള്ള, മോഷണം, സ്‌ഫോടകവസ്തു കൈവശം വയ്ക്കല്‍ എന്നീ വകുപ്പുകളിലായി 2019 ലെ സത്യവാങ്മൂലത്തില്‍ തനിക്കെതിരേ 11 ക്രിമിനല്‍ കേസുകളും 2021ലെ സത്യവാങ്മൂലത്തില്‍ 13 കേസുകളും ഉണ്ടെന്നാണു പറയുന്നത്.

Amit Shah's New Deputy Nisith Pramanik's Educational Qualification Triggers a Controversy

Next Story

RELATED STORIES

Share it