Sub Lead

മുസ് ലിം വിരുദ്ധ പ്രസംഗം; പ്രധാനമന്ത്രിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം: മുഖ്യമന്ത്രി

മുസ് ലിം വിരുദ്ധ പ്രസംഗം; പ്രധാനമന്ത്രിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം: മുഖ്യമന്ത്രി
X

കണ്ണൂര്‍: രാജ്യത്തെ മുസ് ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്ന് അധിക്ഷേപിച്ച് പ്രസംഗിച്ച പ്രധാനമന്ത്രിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീകണ്ഠപുരത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനില്‍ മുസ് ലിംകള്‍ക്കെതിരേ നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്. സ്വാതന്ത്യസമര പ്രസ്ഥാനം ശക്തിപ്പെടുത്തി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും വലിയ പങ്കുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാടി രക്തസാക്ഷിത്വം വരിച്ചവരില്‍ മുസ് ലിംകളുമുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഒരുപങ്കും വഹിക്കാതെ ബ്രിട്ടീഷുകാരുടേതിനുസമാനമായ താല്‍പ്പര്യമാണ് തങ്ങളുടേതുമെന്ന് പ്രഖ്യാപിച്ചവരാണ് ആര്‍എസ്എസ്. ആ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മോദിയെപ്പോലുള്ളവര്‍ക്കുമാത്രമേ ഇത്തരം വര്‍ഗീയജല്‍പ്പനം നടത്താനാവൂ. ജനാധിപത്യത്തിന്റെ മൂല്യമുയര്‍ത്താന്‍ ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉണരണം. നിരവധി വര്‍ഗീയ കലാപങ്ങള്‍ക്കാണ് സംഘപരിവാര്‍ നേതൃത്വം നല്‍കിയത്. ഗുജറാത്തില്‍ ലക്ഷ്യമിട്ടത് വംശഹത്യയായിരുന്നു. മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ നടന്നതും വംശഹത്യയാണ്. ക്രിസ്ത്യാനികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നു തീരുമാനിച്ചാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് പറയുന്നത്. പല സംസ്ഥാനങ്ങളിലും സംഘപരിവാര്‍ നടത്തുന്ന ന്യൂനപക്ഷവേട്ടയ്ക്ക് കൂട്ടുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it