Sub Lead

കേരളോല്‍സവത്തില്‍ മുസ്‌ലിം വിരുദ്ധ ടാബ്ലോ; പ്രതിഷേധം ശക്തം (വീഡിയോ)

കേരളോല്‍സവത്തില്‍ മുസ്‌ലിം വിരുദ്ധ ടാബ്ലോ; പ്രതിഷേധം ശക്തം (വീഡിയോ)
X

കൊച്ചി: കോതമംഗലത്ത് നടന്ന സംസ്ഥാന കേരളോല്‍സവത്തിലെ ബഹുജന റാലിയില്‍ മുസ്‌ലിം വിരുദ്ധ ടാബ്ലോ. ശൈശവ വിവാഹത്തിനെതിരെ എന്ന പേരില്‍ അവതരിപ്പിച്ച ടാബ്ലോയാണ് മുസ്‌ലിംകളെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നത്. ആര്‍എസ്എസ് കാലങ്ങളായി മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന പ്രചാരണങ്ങളെ സ്ഥിരീകരിക്കുന്ന രീതിയിലുള്ള ഈ ടാബ്ലോ, സര്‍ക്കാര്‍ തന്നെ കൊണ്ടുവന്നത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി.

ടാബ്ലോയില്‍ മുസ്‌ലിംകളെ ലക്ഷ്യം വെച്ചത് അത്യന്തം അപലപനീയമാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ബാബു മാത്യു പ്രസ്താവനയില്‍ പറഞ്ഞു.

ശൈശവ വിവാഹം കേരളത്തില്‍ എത്രത്തോളം ഉണ്ടെന്നോ അത് ഏതെങ്കിലും സമുദായത്തില്‍ കൂടുതലായി നടക്കുന്നുണ്ടെന്നോ ഉള്ള ഒരു ഔദ്യോഗിക രേഖകളും ലഭ്യമല്ല. 2021 വരെയുള്ള കണക്കുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അത് പ്രകാരം ശൈശവ വിവാഹം ദേശീയ ശരാശരിയെക്കാള്‍ ഏറെ കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. ലഹരി ഉള്‍പ്പെടെ കേരളത്തെ കാര്‍ന്നു തിന്നുന്ന വിഷയങ്ങള്‍ക്കൊപ്പം വളരെ അപ്രസക്തമായ ശൈശവ വിവാഹം പോലുള്ള ഒരു വിഷയം ടാബ്ലോയില്‍ കൊണ്ട് വരികയും അതില്‍ മുസ്‌ലിംകളെ പ്രതിസ്ഥാനത്തു നിര്‍ത്തി ലക്ഷ്യം വെക്കുകയും ചെയ്തതില്‍ ഗൂഢാലോചനയുണ്ട്. സര്‍ക്കാര്‍ മുന്‍കയ്യെടുത്തു നടത്തുന്ന ഒരു പരിപാടിയില്‍ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ശൈശവ വിവാഹ ടാബ്ലോയുടെ പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന ടാബ്ലോ പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുഡിവൈഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷിന്റെ കോലം കത്തിച്ചു.


സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് സമാനമായി സര്‍ക്കാര്‍ പരിപാടിയില്‍ ഇത്തരത്തില്‍ ഒരു ടാബ്ലോ തയ്യാറാക്കിവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എല്‍ദോസ് ഡാനിയല്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ എ അന്‍സാരി എന്നിവര്‍ അറിയിച്ചു.യുഡിവൈഎഫ് നേതാക്കളായ, റഫീഖ് മുഹമ്മദ്, ജോര്‍ജ് ജോസ്, അഡ്വ. എം എം അന്‍സാര്‍, അജ്‌നാസ് ബാബു, ബേസില്‍ കൈനാട്ടുമറ്റം, റൈഹാന്‍ മുഹമ്മദ്, അബൂബക്കര്‍ ഈട്ടിപ്പാറ, യഹിയാ മണിയാട്ടുകുടി , അന്‍ഷാജ് കുരിമ്പിനാപറ, ടി എ ഷിഹാബ് സംസാരിച്ചു.

Next Story

RELATED STORIES

Share it