Sub Lead

ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരായ പ്രതിഷേധം അക്രമാസക്തമായി; ജനക്കൂട്ടം മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു (വീഡിയോ)

ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരായ പ്രതിഷേധം അക്രമാസക്തമായി; ജനക്കൂട്ടം മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു (വീഡിയോ)
X

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ജില്ലയുടെ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു. ആന്ധ്രാപ്രദേശിലെ അമലപുരം ടൗണിലാണ് സംഭവം. കൊനസീമ ജില്ലയുടെ പേര് അംബേദ്കര്‍ കൊനസീമ എന്ന് മാറ്റിയതിനെതിരേയാണ് വ്യാപക അക്രമം അരങ്ങേറിയത്. പ്രതിഷേധക്കാരും പോലിസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. ഇതെത്തുടര്‍ന്ന് പോലിസ് ജനക്കൂട്ടത്തിന് നേരേ ലാത്തിച്ചാര്‍ജ് നടത്തി.


തുടര്‍ന്നാണ് സംസ്ഥാന ഗതാഗത മന്ത്രി പിനിപെ വിശ്വരൂപന്റെയും എംഎല്‍എ പൊന്നാട സതീഷിന്റെയും വീടിന് തീയിട്ടത്. സംഭവസമയത്ത് മന്ത്രിയെയും കുടുംബത്തെയും സുരക്ഷിതമായ ഇടത്തേക്ക് പോലിസ് മാറ്റിയിരുന്നു. പ്രതിഷേധക്കാര്‍ ഒരു പോലിസ് വാഹനവും കോളജ് ബസ്സും കത്തിച്ചു. കല്ലേറില്‍ ഇരുപതോളം പോലിസുകാര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പോലിസ് ലാത്തി വീശിയാണ് ഓടിച്ചത്.

ഈസ്റ്റ് ഗോദാവരി ജില്ലയുടെ ഭാഗമായിരുന്ന കൊനസീമ ഏപ്രില്‍ നാലിനാണ് ജില്ലയായി പ്രഖ്യാപിക്കുന്നത്. അടുത്തിടെയാണ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ബി ആര്‍ അംബേദ്കര്‍ കൊനസീമ എന്നാക്കാന്‍ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ ജില്ലകളുടെ എണ്ണം 26 ആയി. എതിര്‍പ്പുളളവര്‍ അറിയിക്കണമെന്ന് വിജ്ഞാപനം കഴിഞ്ഞയാഴ്ചയാണ് പുറത്തിറക്കിയത്. ഇതിനിടെയാണ് വ്യാപകമായ ആക്രമണം റിപോര്‍ട്ട് ചെയ്തത്. സ്വാതന്ത്ര്യസമര സേനാനി അല്ലൂരി സീതാരാമ രാജു, ടിഡിപി സ്ഥാപകന്‍ മുന്‍ മുഖ്യമന്ത്രിയായ എന്‍ ടി രാമറാവു, സത്യസായി ബാബ, 15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയും സന്യാസിയുമായ അന്നമാചാര്യ എന്നിവരുടെ പേരിലും ജില്ലകള്‍ പ്രഖ്യാപിച്ചിരുന്നു.

കൊനസീമയുടെ പേര് ബിആര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു.

ജില്ലയുടെ പുനര്‍നാമകരണത്തെ കൊനസീമ സാധന സമിതി എതിര്‍ക്കുകയും കൊനസീമ എന്ന പേര് നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്തു. പേരുമാറ്റുന്നതിനെതിരേ സമിതി ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിക്കുകയും ജില്ലാ കലക്ടര്‍ ഹിമാന്‍ഷു ശുക്ലയ്ക്ക് നിവേദനം നല്‍കുകയും ചെയ്തു.

Next Story

RELATED STORIES

Share it