Sub Lead

പാഠ്യപദ്ധതിക്കായി മൊബൈല്‍ ആപ്പ്, സ്വതന്ത്ര്യസമര സേനാനികളുടെ ജീവചരിത്രം; മദ്‌റസാ വിദ്യാഭ്യാസത്തിലും യോഗി സര്‍ക്കാരിന്റെ കൈകടത്തല്‍

പാഠ്യപദ്ധതിക്കായി മൊബൈല്‍ ആപ്പ്, സ്വതന്ത്ര്യസമര സേനാനികളുടെ ജീവചരിത്രം; മദ്‌റസാ വിദ്യാഭ്യാസത്തിലും യോഗി സര്‍ക്കാരിന്റെ കൈകടത്തല്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മദ്‌റസാ വിദ്യാഭ്യാസത്തിലേക്കും കടന്നുകയറി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മദ്‌റസാ വിദ്യാഭ്യാസം 'ആധുനികവല്‍ക്കരിക്കുക' എന്ന ലക്ഷ്യം ഉയര്‍ത്തിക്കാട്ടിയാണ് മതപഠനത്തില്‍ യോഗി സര്‍ക്കാര്‍ ഇടപെടുന്നത്. മദ്‌റസാ പാഠ്യപദ്ധതികള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. സ്വാതന്ത്ര്യസമരസേനാനികളുടെ ചരിത്രം ഉള്‍പ്പെടുത്താനെന്ന പേരില്‍ പാഠ്യപദ്ധതിയിലും കൈകടത്തലുണ്ടാവും. മദ്‌റസാ വിദ്യാര്‍ഥികളുടെ പഠനത്തിനായി വികസിപ്പിക്കുന്ന മൊബൈല്‍ ആപ്പിലൂടെ സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിത കഥകളും പഠിപ്പിക്കാനാണ് തീരുമാനം.

മുസ്‌ലിം കുട്ടികള്‍ക്ക് ആധുനികവും നൂതനവുമായ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മദ്‌റസാ വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ആപ്പ് നിര്‍മിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഇതിലാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതകഥകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. യുപി ന്യൂനപക്ഷക്ഷേമ മന്ത്രിയും യോഗി മന്ത്രിസഭയിലെ ഏക മുസ്‌ലിമുമായ ദാനിഷ് ആസാദ് അന്‍സാരിയാണ് പുതിയ നീക്കങ്ങളെക്കുറിച്ച് വിശദീകരിച്ചത്. മദ്‌റസാ വിദ്യാര്‍ഥികളെ പൂര്‍ണമായി ദേശഭക്തരാക്കുമെന്നും അവര്‍ രാജ്യസ്‌നേഹം നിറഞ്ഞവരായിരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പ്രസ്താവിച്ചു.

മുസ്‌ലിം സമുദായത്തില്‍നിന്നുള്ള പാവപ്പെട്ട സ്ത്രീകളുടെ വിവാഹത്തിന് യോഗി സര്‍ക്കാര്‍ ധനസഹായം നല്‍കും. വിദ്യാര്‍ഥികളില്‍ ദേശസ്‌നേഹമുണ്ടാക്കുന്നതിനും അവരുടെ മെച്ചപ്പെട്ട ഭാവിയ്ക്കായി ആധുനിക വിദ്യാഭ്യാസം നേടാന്‍ അവരെ സഹായിക്കുന്നതിനുമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിയിലെ മദ്‌റസാ പാഠ്യപദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിന് അനുസരിച്ചുള്ളതായിരിക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി ധരംപാല്‍ സിങ് ദിവസങ്ങള്‍ക്ക് മുമ്പ് സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്തെ മദ്‌റസകളിലെല്ലാം വിദ്യാര്‍ഥികളെ ദേശീയതയെക്കുറിച്ച് പഠിപ്പിക്കും. ഭീകരവാദികളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ അവിടെയുണ്ടാവില്ല.

അന്യായമായി കൈയേറിയ വഖ്ഫ് ഭൂസ്വത്തുക്കള്‍ തിരിച്ചുപിടിക്കും. സംസ്ഥാനത്തെ മുഴുവന്‍ മുനിസിപ്പാലിറ്റികളിലും ഗോശാലകള്‍ സ്ഥാപിക്കും. ഗോശാലകളിലുള്ള പശുക്കളെ പുറത്ത് അലഞ്ഞുതിരിഞ്ഞുനടക്കാന്‍ അനുവദിക്കില്ലെന്നും ധരംപാല്‍ സിങ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂണിലാണ് മദ്രസ വിദ്യാര്‍ഥികള്‍ക്കായി ആപ്പ് നിര്‍മിക്കാന്‍ യോഗി സര്‍ക്കാര്‍ സര്‍ക്കാര്‍ സംസ്ഥാന മദ്‌റസാ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. പുതിയ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥത്ഥികള്‍ക്ക് മൊബൈല്‍ ആപ്പുകള്‍ പ്രയോജനപ്പെടുമെന്ന രീതിയിലാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. പഠനസാമഗ്രികള്‍, പരീക്ഷ വിജ്ഞാപനം, ഫലം തുടങ്ങിയ വിവരങ്ങള്‍ ആപ്പ് വഴി വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും.

Next Story

RELATED STORIES

Share it