Sub Lead

ടിആര്‍പി തട്ടിപ്പ്: ബാര്‍ക്ക് മുന്‍ മേധാവിക്ക് അര്‍നബ് ഗോസ്വാമി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന് മുംബൈ പോലിസ്

ബാര്‍ക്ക് മുന്‍ സിഇഒ ദാസ് ഗുപ്തയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നും അദ്ദേഹത്തെ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പോലിസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്നും ക്രൈംബ്രാഞ്ച് വിഭാഗം ആവശ്യപ്പെട്ടു.

ടിആര്‍പി തട്ടിപ്പ്:    ബാര്‍ക്ക് മുന്‍ മേധാവിക്ക് അര്‍നബ് ഗോസ്വാമി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന് മുംബൈ പോലിസ്
X

മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിക്കാന്‍ ടിവി റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയതായി മുംബൈ പോലിസ്. ബാര്‍ക്കിന്റെ മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തക്കും അര്‍നബ് പണം നല്‍കിയതായി മുംബൈ പോലിസ് വ്യക്തമാക്കിയതായി 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ച ദാസ് ഗുപ്ത അറസ്റ്റിലായിരുന്നു. മറ്റൊരു മുന്‍ മുതിര്‍ന്ന ബാര്‍ക് ഉദ്യോഗസ്ഥനും ഗോസ്വാമിയുമായി തട്ടിപ്പിന്റെ ഭാഗമായതായും റിപ്പബ്ലിക് ടിവിയുടെ ഹിന്ദിയിലും കൃത്രിമം നടന്നതായും മുംബൈ പോലിസ് തിങ്കളാഴ്ച്ച പ്രാദേശിക കോടതിയെ അറിയിച്ചു. ബാര്‍ക്ക് മുന്‍ സിഇഒ ദാസ് ഗുപ്തയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നും അദ്ദേഹത്തെ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പോലിസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്നും ക്രൈംബ്രാഞ്ച് വിഭാഗം ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് അര്‍നബ് ഗോസ്വാമിക്കും ബാര്‍ക്ക് മുന്‍ മേധാവിക്കും എതിരേ മുംബൈ പോലിസിന്റെ ക്രൈംബ്രാഞ്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ചില ന്യൂസ് ചാനലുകളുടെ ടിആര്‍പി കൈകാര്യം ചെയ്തതിന് മുന്‍ ബാര്‍ക്ക് സിഇഒ റോമില്‍ രാംഗരിയയും ദാസ് ഗുപ്തയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലിസ് പറഞ്ഞു.

'ദാസ് ഗുപ്ത തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയ െ്രെപവറ്റ് ലിമിറ്റഡ്, റിപ്പബ്ലിക് ഭാരത് ഹിന്ദി, റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് എന്നീ വാര്‍ത്താ ചാനലുകളുടെ ടിആര്‍പി കൃത്രിമം നടത്തുകയും ചെയ്തു,' പോലിസ് റിമാന്‍ഡ് കുറിപ്പില്‍ ആരോപിച്ചു.

ബാര്‍ക്ക് സിഇഒ ആയിരിക്കെ ദാസ് ഗുപ്ത, ടിആര്‍പി കൈകാര്യം ചെയ്യുന്നതിനായി അര്‍നബ് ഗോസ്വാമിയും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി. പലപ്പോഴായി ദാസ്ഗുപ്തക്ക് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയതായും മുംബൈ പോലിസ് റിമാന്‍ഡ് റിപ്പോര്‍്ട്ടില്‍ പറയുന്നു.

താമസസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങാന്‍ ദാസ് ഗുപ്ത ഈ പണം ഉപയോഗിച്ചുവെന്നും പോലിസ് ആരോപിച്ചു.

കഴിഞ്ഞയാഴ്ച അറസ്റ്റിലായ ദാസ് ഗുപ്തയുടെ പോലീസ് കസ്റ്റഡി ഡിസംബര്‍ 30 വരെ നീട്ടി.

കൂടുതല്‍ പണമിടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നും മറ്റ് വാര്‍ത്താ ചാനലുകളുമായും ഇതേ കൃത്രിമം നടത്തിയിട്ടുണ്ടോയെന്നും അറിയാന്‍ ഇയാളെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും പോലിസ് പറഞ്ഞു.

ബാര്‍ക് സിഇഒ ആയിരിക്കെ ദാസ് ഗുപ്ത എല്ലാ ചാനലുകളുടെയും ടിആര്‍പി റേറ്റിംഗുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും ഇത് മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ വാര്‍ത്താ ചാനലുകളുടെ ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ 15ാമത്തെ വ്യക്തിയാണ് ദാസ് ഗുപ്ത.

ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരില്‍ ഒരാളുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ എത്തിയത് ഒരു കോടിയിലധികം രൂപയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അറസ്റ്റിലായ ബോമാപ്പള്ളി റാവു മിസ്ത്രി എന്നയാളുടെ അക്കൗണ്ടിലാണ് കണക്കില്‍പ്പെടാത്ത പണം എത്തിയത്. അഞ്ച് പേരുടെ അക്കൗണ്ടുകളില്‍ നിന്നായാണ് ഇത്രയും പണം ഈ അക്കൗണ്ടിലേക്ക് എത്തിയതെന്ന് മുംബൈ പോലിസ് പറഞ്ഞു.

മിസ്ത്രി മുഖേനയാണ് ചില പ്രത്യേക ചാനലുകള്‍ കാണുന്നതിന് പ്രതിഫലമായി വീട്ടുകാര്‍ക്ക് പണം വിതരണം ചെയ്തത്. നിലവില്‍ ഇയാളുടെ അക്കൗണ്ടില്‍ 20 ലക്ഷം രൂപയുണ്ട്. ഇയാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് 8.5 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇയാള്‍ക്ക് സ്ഥിരമായി ഒരു വരുമാനവും ഉണ്ടായതായി കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ നവംബര്‍ മുതല്‍ ഒരു കോടിയിലേറെ രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രണ്ട് മാസത്തെ ഇടവേളകളിലാണ് ഇയാളുടെ അക്കൗണ്ടിലേക്ക് തുക എത്തിയിട്ടുള്ളത്. ഓരോ തവണയും 20, 25 ലക്ഷം രൂപവീതമാണ് എത്തിയിട്ടുള്ളത്. അത്തരത്തില്‍ ആറ് തവണ പണം കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആരൊക്കെയാണ് പണം അയച്ചതെന്നും എന്തിനാണ് അയച്ചതെന്നും സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it