Sub Lead

ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്നു കേസിലെ വിവാദ സാക്ഷി കിരണ്‍ ഗോസാവി പിടിയില്‍

സ്വകാര്യ കുറ്റാന്വേഷകനായ കിരണ്‍ ഗോസാവിയെ പൂനെ പോലിസ് ആണ് കസ്റ്റഡിയിലെടുത്തത്.

ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്നു കേസിലെ വിവാദ സാക്ഷി കിരണ്‍ ഗോസാവി പിടിയില്‍
X

മുംബൈ: ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ പ്രതിയായ ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയിലെ വിവാദ സാക്ഷി കിരണ്‍ ഗോസാവി പിടിയില്‍. സ്വകാര്യ കുറ്റാന്വേഷകനായ കിരണ്‍ ഗോസാവിയെ പൂനെ പോലിസ് ആണ് കസ്റ്റഡിയിലെടുത്തത്. ആഡംബരക്കപ്പലിലെ എന്‍സിബി റെയ്ഡിന് പിന്നാലെ കിരണ്‍ ഗോസാവിയും ആര്യന്‍ ഖാനും ഒരുമിച്ചുള്ള ചിത്രം പുറത്തു വന്നിരുന്നു.

2018 ലെ ഒരു തട്ടിപ്പു കേസില്‍ കിരണ്‍ ഗോസാവിക്കെതിരെ പൂനെ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. കേസില്‍ ഗോസാവിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലിസ് സൂചിപ്പിച്ചു.

അതേസമയം, ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് നിതിന്‍ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണിതെന്നും ആര്യന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു. ആര്യന്റെ പക്കലില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണങ്ങള്‍ ഇല്ലാതെയാണ് അറസ്റ്റു ചെയ്തതും ജാമ്യം നിഷേധിച്ചതുമെന്ന് റോഹ്തഗി പറഞ്ഞു.

നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങ് ആര്യന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ആര്യന് ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നാണ് എന്‍സിബി വാദിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് സുഹൃത്ത് അബ്ബാസ് മെര്‍ച്ചന്റിനും നടി മൂണ്‍മൂണ്‍ ധമേച്ചയ്ക്കും മറ്റുള്ള കുറ്റാരോപിതര്‍ക്കുമൊപ്പം ആര്യന്‍ഖാനെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്.

സമീര്‍ വാംഖഡെയെ ചോദ്യം ചെയ്യും

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡേയ്ക്ക് എതിരായ ആരോപണം അന്വേഷിക്കാന്‍ അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തി. എന്‍സിബി സംഘം രണ്ട് ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. സമീര്‍ വാംഖഡെയെയും സംഘം ചോദ്യം ചെയ്യും. കേസിലെ പ്രധാന സാക്ഷിയായ കിരണ്‍ ഗോസാവിയും വാംഖഡേയും കേസുമായി ബന്ധപ്പെട്ട് 25 കോടി രൂപയുടെ പണമിടപാട് നടത്തി എന്നാണ് ആരോപണം.

Next Story

RELATED STORIES

Share it