Sub Lead

ലോറന്‍സ് ബിഷ്‌ണോയിയെ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയിരുന്നതായി കാനഡ

കാനഡയിലെ സിഖ് വിമതരെ ഉപദ്രവിക്കാന്‍ ഇന്ത്യ ഇയാളുടെ സംഘത്തെ ഉപയോഗിക്കുകയാണെന്നും നതാലി വെളിപ്പെടുത്തി.

ലോറന്‍സ് ബിഷ്‌ണോയിയെ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയിരുന്നതായി കാനഡ
X

ഒട്ടാവ: ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ നിയന്ത്രിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നതായി കാനഡയുടെ ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ ഉപദേഷ്ടാവ് (എന്‍എസ്‌ഐഎ) നതാലി ഡ്രൂയിന്‍. കാനഡയിലെ പാര്‍ലമെന്ററി സമിതിയുടെ മുന്നിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കാനഡയിലെ സിഖ് വിമതരെ ഉപദ്രവിക്കാന്‍ ഇന്ത്യ ഇയാളുടെ സംഘത്തെ ഉപയോഗിക്കുകയാണെന്നും നതാലി വെളിപ്പെടുത്തി.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ദോവലുമായി ഒക്ടോബര്‍ 12ന് സിംഗപ്പൂരില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും നതാലി പറഞ്ഞു. ഇന്ത്യ-കാനഡാ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ നാലു മാര്‍ഗങ്ങളാണ് കാനഡ മുന്നില്‍വച്ചത്. ''ലോറന്‍സ് ബിഷ്‌ണോയിയെ ഇന്ത്യ നിയന്ത്രിക്കണം, കാനഡയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിര്‍ത്തണം, ഇതു വരെ ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം, ഇനി ആരും ഇത്തരം പ്രവൃത്തികള്‍ക്ക് മുതിരാതിരിക്കണം എന്നിവയായിരുന്നു കാനഡയുടെ ആവശ്യങ്ങള്‍.

കൂടാതെ, അമേരിക്കയില്‍ ഗുര്‍പന്ത്‌വന്ത് സിങ്ങിനെതിരെ നടന്ന വധഗൂഡാലോചന അന്വേഷിക്കാന്‍ രൂപീകരിച്ചതു പോലുള്ള സമിതി കാനഡയുടെ കാര്യത്തിലും ഇന്ത്യ രൂപീകരിക്കണം. കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ആരോപണവിധേയരായ ആറു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രത്യേക പരിരക്ഷ ഒഴിവാക്കി അവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കണം.

ഈ കാര്യങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ നയതന്ത്ര പ്രതിനിധികളെ അനഭിമതരായി പ്രഖ്യാപിച്ച് നടപടിയെടുക്കുമെന്നും കാനഡ മുന്നറിയിപ്പ് നല്‍കി. ഇതില്‍ ഇന്ത്യ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന പ്രസ്താവന ഒക്ടോബര്‍ പതിനാലിന് പോലിസ് ഇറക്കിയത്.

ഇന്‍ഡോ-കനേഡിയന്‍ കമ്മ്യൂണിറ്റിക്കെതിരായ കൊലപാതകങ്ങള്‍, കൊലപാതക ഗൂഢാലോചനകള്‍, കൊള്ളയടിക്കല്‍, ഉപദ്രവിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതായി ഡ്രൂയിന്‍ പാര്‍ലമെന്ററി സമിതിയെ അറിയിച്ചു.

2023 ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപണം വന്നതോടെ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ഉള്‍പ്പെടെയുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചു.

Next Story

RELATED STORIES

Share it