Sub Lead

അസമില്‍ ബംഗാളി വംശജരായ മുസ്ലിംകളുടെ ചരിത്രം രേഖപ്പെടുത്തിയ മ്യൂസിയം അടച്ചുപൂട്ടി മുദ്രവച്ചു

അസാമിലെ ബിജെപി നേതാക്കള്‍ ഗോള്‍പാറയിലെ ലഖിപൂര്‍ പ്രദേശത്തെ ദപ്കര്‍ഭിതയില്‍ സ്ഥിതി ചെയ്യുന്ന മിയ മ്യൂസിയം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയും ഹിമന്ത ബിശ്വ ശര്‍മ്മയും മ്യൂസിയത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് മ്യൂസിയം അടച്ചുപൂട്ടി മുദ്രവച്ചത്.

അസമില്‍ ബംഗാളി വംശജരായ മുസ്ലിംകളുടെ ചരിത്രം രേഖപ്പെടുത്തിയ മ്യൂസിയം അടച്ചുപൂട്ടി മുദ്രവച്ചു
X

ഗുവാഹതി: അസമിലെ ഗോള്‍പാറ ജില്ലയില്‍ മിയ മുസ്ലിംകളുടെ ചരിത്രം രേഖപ്പെടുത്തിയ മ്യൂസിയം അധികൃതര്‍ അടച്ചുപൂട്ടി മുദ്രവച്ചു. കെട്ടിടം അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ചാണ് അധികൃതര്‍ നടപടി സ്വീകരിച്ചതെന്ന് സ്‌ക്രോള്‍ ഡോട്ട് ഇന്‍ റിപോര്‍ട്ട് ചെയ്തു.

അസാമിലെ ബിജെപി നേതാക്കള്‍ ഗോള്‍പാറയിലെ ലഖിപൂര്‍ പ്രദേശത്തെ ദപ്കര്‍ഭിതയില്‍ സ്ഥിതി ചെയ്യുന്ന മിയ മ്യൂസിയം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയും ഹിമന്ത ബിശ്വ ശര്‍മ്മയും മ്യൂസിയത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് മ്യൂസിയം അടച്ചുപൂട്ടി മുദ്രവച്ചത്.

ഒക്‌ടോബര്‍ 23ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ മ്യൂസിയത്തില്‍, മിയ സമുദായത്തില്‍ നിന്നുള്ള പ്രാചീന വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നത്. 1890കളുടെ അവസാനത്തില്‍ അസമില്‍ സ്ഥിരതാമസമാക്കിയ ബംഗാള്‍ വംശജരായ പാര്‍ശ്വവത്കരിക്കപ്പെട്ട മുസ്ലിംകളാണ് മിയ സമുദായത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വ്യാവസായിക കൃഷി ആവശ്യങ്ങള്‍ക്കായി ബ്രിട്ടീഷുകാരാണ് അവരെ കൊണ്ടുവന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായാണ് മ്യൂസിയം സ്ഥാപിച്ച വീട് നല്‍കിയതെന്നും എന്നാല്‍ ഇത് മ്യൂസിയത്തിനായി അനധികൃതമായി ഉപയോഗിക്കുകയായിരുന്നുവെന്നും ഗോള്‍പാറ ജില്ലാ ഗ്രാമവികസന ഏജന്‍സി ഒക്‌ടോബര്‍ 24ന് നല്‍കിയ അറിയിപ്പില്‍ ആരോപിക്കുന്നു.

ഒരു മ്യൂസിയം സ്ഥാപിക്കുന്നത് പദ്ധതിയുടെ ഉദ്ദേശ്യത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും കീഴില്‍ വരുന്നതല്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. നോട്ടീസിനുള്ള മറുപടി ഉടന്‍ ലോക്കല്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കാന്‍ മ്യൂസിയം മാനേജ്‌മെന്റിനോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കിഴക്കന്‍ അസമിലെ ദിബ്രുഗഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രശാന്ത ഫുക്കന്‍ മ്യൂസിയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നേരത്തേ മുന്നോട്ട് വന്നിരുന്നു. മ്യൂസിയം ഉടന്‍ അടച്ചുപൂട്ടണമെന്നും അസമിനെ ബംഗ്ലാദേശി മുസ്ലീങ്ങളില്‍ നിന്ന് രക്ഷിക്കണമെന്നും മുന്‍ ബിജെപി എംഎല്‍എ ശിലാദിത്യ ദേവും ആവശ്യപ്പെട്ടിരുന്നു.

2020ല്‍ കോണ്‍ഗ്രസ് എംഎല്‍എ ഷെര്‍മാന്‍ അലി അഹമ്മദാണ് മ്യൂസിയം നിര്‍മിക്കാന്‍ നിര്‍ദേശിച്ചത്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്ന ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര്‍ദേവ കലാക്ഷേത്രയില്‍ ഇത് സ്ഥാപിക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Next Story

RELATED STORIES

Share it