Sub Lead

പോലിസ് റിക്രൂട്ട്‌മെന്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച: ബിജെപി നേതാവിനും മുന്‍ ഡിഐജിക്കും ലുക്ക് ഔട്ട് നോട്ടീസ്

പോലിസ് റിക്രൂട്ട്‌മെന്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച: ബിജെപി നേതാവിനും മുന്‍ ഡിഐജിക്കും ലുക്ക് ഔട്ട് നോട്ടീസ്
X

ഗുവാഹത്തി: പോലിസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബിജെപിയുടെ നേതാവായ ദിബാന്‍ ദേകയ്ക്കും മുന്‍ ഡിഐജി പി കെ ദത്തയ്ക്കുമെതിരേ അസം പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സപ്തംബര്‍ 20ന് പരീക്ഷ തുടങ്ങി മിനിറ്റുകള്‍ക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ 20ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രധാന പ്രതികളെന്ന് പോലിസ് പറയുന്ന ബിജെപി നേതാവ് ദിബാന്‍ ദേകയും മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി കെ ദത്തയെയും കണ്ടെത്താനായിട്ടില്ല. ഇരുവരുടെയും കണ്ടെത്തുന്നതിനുള്ള വിവരം നല്‍കുന്നതവര്‍ക്ക് അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഗുവാഹത്തിയിലെ ഹെന്‍ഗ്രബാരി പരിസരത്തെ വസതിയും ബെത്കുച്ചി പ്രദേശത്തെ ഭാര്‍ഗബ് ഗ്രാന്‍ഡ് ഹോട്ടലും ഉള്‍പ്പെടെ പി കെ ദത്തയുടെ വിവിധ സ്ഥലങ്ങളില്‍ പോലിസ് റെയ്ഡ് നടത്തി. പരിശോധനയില്‍ അപേക്ഷകരുടെ രസീതികള്‍, പരീക്ഷകള്‍ക്കും പരിശീലന സെഷനുകള്‍ക്കുമായുള്ള ഇംഗ്ലീഷ്, അസമീസ് ഭാഷയിലുള്ള പരസ്യങ്ങള്‍, 445 പ്രവേശന ഫോമുകള്‍ എന്നിവ കണ്ടെത്തി. ഹോട്ടലില്‍ നിന്ന് 5.45 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്ന് അസം (സിഐഡി) ഐജിപി സുരേന്ദ്ര കുമാര്‍ പോലിസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് സപ്തംബര്‍ 19ന് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തവര്‍ രജിസ്റ്റര്‍ ചെയ്തതായും പിറ്റേന്ന് പരീക്ഷാദിവസം രാവിലെ 7നു ചെക്ക് ഔട്ട് ചെയ്തതായും കണ്ടെത്തി. കൂടാതെ ഒരു പിസ്റ്റളും 40 റൗണ്ട് വെടിയുണ്ടകളെ കണ്ടെടുത്തു. പി കെ ദത്തയ്ക്ക് തോക്ക് ലൈസന്‍സ് ഉണ്ടെങ്കിലും മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞതാണെന്നും പോലിസ് വ്യക്തമാക്കി. അനധികൃതമായി സ്വത്തും പണവും പി കെ ദത്ത സ്വരൂപിച്ചതായും ഇക്കാര്യം അന്വേഷിക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷിക്കുന്ന കോടികളുടെ ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ബിജെപി നേതാവ് ദിബാന്‍ ദേകയെ ഗുവാഹത്തിയിലെ ഗണേശഗുരി പ്രദേശത്ത് നേരത്തെ കണ്ടെത്തിയിരുന്നു. ലോഡ്ജില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തതായും കേസുമായി ബന്ധപ്പെട്ട് ആറുപേരെ ഗുവാഹത്തി പോലിസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതായും എഡിജിപി (ക്രമസമാധാനം) ജി പി സിങ് പറഞ്ഞു. പരീക്ഷാ ക്രമക്കേടില്‍ ലോവര്‍ അസമിലെ നല്‍ബാരി ജില്ലയില്‍ നിന്നുള്ള നാല് പോലിസുകാരെ ഉള്‍പ്പെടെ ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബിജെപിയുടെ കിസാന്‍ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ദേക, കഴിഞ്ഞയാഴ്ച താന്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയെന്നും അധികൃതരെ അറിയിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അസമില്‍ നിന്ന് രക്ഷപ്പെടുകയാണെന്നും പറഞ്ഞിരുന്നു. അസം പോലിസിലെ ചില വന്‍കിട ഉദ്യോഗസ്ഥരാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 600 ഓളം സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്കുള്ള യോഗ്യതാ പരീക്ഷയ്ക്ക് 60,000 പേരാണ് അപേക്ഷിച്ചിരുന്നത്. ചോദ്യ പേപ്പര്‍ ചോര്‍ന്നതിനാല്‍ പരീക്ഷ റദ്ദാക്കി.

അറസ്റ്റിലായവരില്‍ കുല്‍ദീപ് രാജ്‌ബോങ്ഷി എന്നയാള്‍ക്കും ഭരണകക്ഷിയായ ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്നാണു റിപോര്‍ട്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്ക് ഭാവിയില്‍ നിയമനം നടത്തുന്നതിന് സുതാര്യത ഉറപ്പുവരുത്താനായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ തിങ്കളാഴ്ച എസ്എല്‍പിബി ബോര്‍ഡ് പുന: സംഘടിപ്പിച്ചു. അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്തയെ പുതിയ ചെയര്‍മാനായി നിയമിക്കുകയും നവംബര്‍ 20 നകം പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

Assam Police Issues Look-Out Notice For Ex-Cop, BJP Leader In Exam Scam




Next Story

RELATED STORIES

Share it