Sub Lead

മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശിലെ ക്രൈസ്തവ സ്‌കൂളിന് നേരെ ആക്രമണം; 11 ബജ്‌റംഗ്ദള്ളുകാര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ വിദിഷയിലുള്ള സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് നൂറുകണക്കിന് ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടത്

മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശിലെ ക്രൈസ്തവ സ്‌കൂളിന് നേരെ ആക്രമണം; 11 ബജ്‌റംഗ്ദള്ളുകാര്‍ അറസ്റ്റില്‍
X

ഭോപ്പാല്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശിലെ ക്രൈസ്തവ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളിന് നേരെ ആക്രമണം അഴിച്ചുവിട്ട കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. ഇന്നലെ വൈകിട്ട് 11 പേരെ പോലിസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റ് ചെയ്ത നാലു പേരെ റിമാന്റ് ചെയ്തു. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചു നാന്നൂറോളം ബജ്‌റംഗ്ദള്‍ വിഎച്ച്പി പ്രവര്‍ത്തകരാണ് സ്‌കൂള്‍ ആക്രമിച്ചത്.മധ്യപ്രദേശിലെ വിദിഷയിലുള്ള സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് നൂറുകണക്കിന് ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടത്. ജയ് ശ്രീരാം, ഭാരത് മാതാകി ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി സംഘടിച്ചെത്തിയ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളിന് മുന്നിലെ പൂന്തോട്ടവും ജനല്‍ ചില്ലുകളും അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ഉച്ചയോടെ സ്‌കൂളിന് നേരെ ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലിസ് പറഞ്ഞു. ഉച്ചയ്ക്ക് 12:10 ഓടെ, സെന്റ് ജോസഫ് ഹൈസ്‌കൂളിന് പുറത്ത് 400 ഓളം ആളുകള്‍ പ്രതിഷേധവുമായി സംഘടിച്ചെത്തുകയായിരുന്നു.

സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്നതിനിടേയാണ് സംഭവം. അക്രമാസക്തരായ ജനക്കൂട്ടം സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി സ്വത്ത് നശിപ്പിക്കുകയായിരുന്നു. ഇരുമ്പ് വടികളും കല്ലുകളും മാരകായുധങ്ങളുമായെത്തിയ സംഘം 'ജയ് ശ്രീറാം' വിളിച്ച് സ്‌കൂള്‍ സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്രദര്‍ ആന്റണി തിനുങ്കല്‍ പറഞ്ഞു. ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍ പോലിസ് സംരക്ഷണം നല്‍കിയില്ലെന്നും തിനുങ്കല്‍ മാധ്യമങ്ങളോട് പറഞ്ഞു, 'ഞങ്ങള്‍ പോലിസിനോട് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും സമാധാനപരമായി പിരിഞ്ഞുപോകുകയും ചെയ്യുമെന്ന് പോലിസ് ഉറപ്പുനല്‍കി. സംരക്ഷണം നല്‍കുമെന്നും പോലിസ് പറഞ്ഞു. എന്നാല്‍, അക്രമികളെ തടയുന്നതില്‍ പോലിസ് പരാജയപ്പെട്ടു. അക്രമികള്‍ പിരിഞ്ഞു പോയതിന് ശേഷം മാത്രമാണ് പോലിസ് എത്തിയത്'. ബ്രദര്‍ ആന്റണി തിനുങ്കല്‍ പറഞ്ഞു. എന്നാല്‍, സ്‌കൂള്‍ അധികൃതരുടെ ആരോപണം ഗഞ്ച് ബസോദ തഹസില്‍ സബ് ഡിവിഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ഭരത് ഭൂഷണ്‍ നിഷേധിച്ചു. സമാധാനപരായ പ്രതിഷേധമാണ് നടന്നതെന്നും അവസരം മുതലെടുത്ത് ഏതാനും അക്രമികള്‍ സ്‌കൂള്‍ കെട്ടിടത്തിലെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ അധികാരികള്‍ക്ക് സംരക്ഷണം നല്‍കുക മാത്രമല്ല ഉടനടി നടപടിയുണ്ടാകുകയും ചെയ്തു. ആക്രമണം നടത്തിയ 11 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it