Sub Lead

വെസ്റ്റ്ബാങ്കിലെ ജെനിന്‍ കാംപിനെ ഉപരോധിച്ച് ഫലസ്തീന്‍ അതോറിറ്റി; കടുത്ത ചെറുത്തുനില്‍പ്പ്; അതോറിറ്റിക്ക് ആയുധങ്ങള്‍ നല്‍കണമെന്ന് യുഎസ്

കാംപിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒരു കാര്‍ ബോംബ് സ്‌ഫോടനം നടന്നു

വെസ്റ്റ്ബാങ്കിലെ ജെനിന്‍ കാംപിനെ ഉപരോധിച്ച് ഫലസ്തീന്‍ അതോറിറ്റി; കടുത്ത ചെറുത്തുനില്‍പ്പ്; അതോറിറ്റിക്ക് ആയുധങ്ങള്‍ നല്‍കണമെന്ന് യുഎസ്
X

റാമല്ലാ: വെസ്റ്റ്ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി കാംപിന് നേരെ ആക്രമണം ശക്തമാക്കി ഫതഹ് പാര്‍ട്ടി നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റി. കഴിഞ്ഞ അഞ്ച് ദിവസമായി കാംപിനെ ഫലസ്തീന്‍ അതോറിറ്റി(പിഎ) സൈന്യം ചുറ്റിവളഞ്ഞ് ആക്രമിക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ജെനിന്‍ ബ്രിഗേഡ്‌സ് കമാന്‍ഡര്‍ യാസിദ് ജായേഷിനെ കഴിഞ്ഞ ദിവസം പിഎ സൈന്യം കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തെ ഹമാസ് അടക്കമുള്ള സംഘടനകള്‍ അപലപിച്ചു. ഇസ്രായേലി അധിനിവേശത്തെ നേരിടുന്നതിന് പകരം ഫലസ്തീന്‍ സ്വാതന്ത്രസമര പോരാളികളെയാണ് പിഎ നേരിടുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി.

ഇസ്രായേല്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി 1948ല്‍ ജൂതന്‍മാരുടെ സൈനികസംഘങ്ങള്‍ കുടിയൊഴിപ്പിച്ച ഫലസ്തീനികളാണ് 1953ല്‍ ഈ കാംപ് സ്ഥാപിച്ചത്. അതിന് ശേഷം ഫലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമാണ് കാംപ്. ഈ കാംപിന് നേരെ നേരെ ഇസ്രായേല്‍ സൈന്യം സ്ഥിരമായി ആക്രമണം നടത്താറുണ്ട്. ഇപ്പോള്‍ ഇസ്രായേലുമായി സഹകരിച്ചാണ് പിഎ സൈന്യം ജെനിന് നേരെ ആക്രമണം നടത്തുന്നത്.

ഇസ്രായേലി അധിനിവേശത്തെ ചെറുക്കാന്‍ രൂപീകരിച്ച ജെനിന്‍ ബ്രിഗേഡില്‍ ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ അല്‍ ഖുദ്‌സ് ബ്രിഗേഡ്, ഹമാസിന്റെ അല്‍ഖസം ബ്രിഗേഡ്, ഫതഹ് പാര്‍ട്ടിയുടെ അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡ്‌സ് എന്നിവര്‍ പങ്കാളികളാണ്. വെസ്റ്റ്ബാങ്കില്‍ ഭരണം നടത്തുന്ന ഫലസ്തീന്‍ അതോറിറ്റി പ്രധാനമായും ഫതഹ് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

പിഎ സൈന്യം ജെനിന്‍ കാംപില്‍ നടത്തുന്ന ക്രൂരതകളെ ഫതഹിന്റെ സൈനിക വിഭാഗമായ അല്‍ അഖ്‌സ ബ്രിഗേഡ്‌സും ഇത്തവണ നേരിടുന്നുണ്ട്. പ്രാദേശിക താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. പാര്‍ട്ടിയുമായുള്ള ബന്ധം അവര്‍ വിഛേദിച്ചതായും സൂചനയുണ്ട്. രാജ്യദ്രോഹികളെ വെസ്റ്റ് ബാങ്കില്‍ നിന്ന് പുറത്താക്കാനാണ് സൈനിക നടപടിയെന്ന് പിഎ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അന്‍വര്‍ റജബ് പറഞ്ഞു.

ഫതഹ് പാര്‍ട്ടി നേതാവായിരുന്ന യാസര്‍ അറഫാത്ത് 1994ല്‍ ഒപ്പിട്ട ഓസ്‌ലോ കരാര്‍ ആണ് ഇസ്രായേല്‍ അധിനിവേശത്തിന് കീഴില്‍ വെസ്റ്റ് ബാങ്കിലും മറ്റും ഭരണം നടത്താന്‍ ഫലസ്തീന്‍ അതോറിറ്റി രൂപീകരിച്ചത്. പ്രശസ്ത ഫലസ്തീനിയന്‍ ബുദ്ധിജീവിയായിരുന്ന എഡ്വേര്‍ഡ് സെയ്ദ് അടക്കമുള്ളവര്‍ ഇതിനോട് വിയോജിച്ചിരുന്നു. ഹമാസ് അടക്കം നിരവധി സംഘടനകളും ഈ കരാറിനെ എതിര്‍ക്കുന്നു.

പക്ഷെ, പിഎ സര്‍ക്കാരിനെ നേരിടുന്നതിന് പകരം ഇസ്രായേലി അധിനിവേശ സേനയെയാണ് ജെനിന്‍ ബ്രിഗേഡ് നേരിട്ടിരുന്നത്. ഫലസ്തീനികള്‍ ഐക്യപ്പെടേണ്ടതുണ്ടെന്ന നിലപാടായിരുന്നു ഇതിന് കാരണം. പക്ഷെ, ഇസ്രായേലിന് ഒപ്പം നിന്ന് ജെനിനിലെ അഭയാര്‍ത്ഥികളെ ആക്രമിക്കുന്ന നിലപാടാണ് പിഎ സ്വീകരിക്കുന്നത്.

അതേസമയം, പിഎക്ക് സൈനിക സഹായം നല്‍കാന്‍ തയ്യാറാണെന്നും ഇത് അംഗീകരിക്കണമെന്നും ഇസ്രായേലിന് യുഎസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പിഎ ഭരണകൂടത്തെ ജെനിന്‍ ബ്രിഗേഡ്‌സ് തകര്‍ക്കുമോയെന്ന ഭയമാണ് യുഎസിനുള്ളതെന്ന് ഏക്‌സിയോമിലെ റിപോര്‍ട്ട് പറയുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഇസ്രായേല്‍ അധിനിവേശവും മൂലം പിഎ അനുദിനം ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച്ച റെയിഡിന് എത്തിയ പിഎ സൈന്യത്തെ പോരാളികള്‍ തുരത്തിയോടിച്ചിരുന്നു. തുടര്‍ന്ന് അവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് ജെനിനില്‍ പരേഡും നടത്തി. പിന്നീട് കാംപിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒരു കാര്‍ ബോംബ് സ്‌ഫോടനം നടന്നു. ഇതില്‍ മൂന്നു പിഎ പോലിസുകാര്‍ കൊല്ലപ്പെടുകയും ചെയ്തു.

കാര്‍ ബോംബ് സ്‌ഫോടനം റാമല്ലയിലെ പിഎ അധികാരികളെ ഞെട്ടിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ജെനിന്‍ കാംപിനെ ആക്രമിക്കാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നാണ് പിഎ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രഖ്യാപിച്ചിരിക്കുന്നത്. സൈനിക നടപടിയുടെ കാര്യം യുഎസ് ഭരണകൂടത്തെയും നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേശകരെയും മഹ്മൂദ് അബ്ബാസ് അറിയിച്ചിട്ടുണ്ട്. സൈനിക നടപടിക്ക് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ മൈക്ക് ഫെന്‍സെല്‍ അംഗീകാരം നല്‍കി. പിഎ സൈന്യത്തിന് വേണ്ട ആയുധങ്ങളുടെയും വെടിയുണ്ടകളുടെയും പട്ടികയും അധികൃതര്‍ യുഎസിന് നല്‍കിയിട്ടുണ്ട്. ഇറാന്റെ പിന്തുണയുളള ജെനിന്‍ ബ്രിഗേഡ്‌സിന്റെ കൈവശം അത്യാധുനിക ആയുധങ്ങളുണ്ടെന്നും അവരെ നേരിടാന്‍ പിഎക്ക് സഹായം ആവശ്യമാണെന്നുമാണ് യുഎസിന്റെ നിലപാട്.

ജെനിന് സമാനമായ പതിനെട്ട് കാംപുകള്‍ വെസ്റ്റ്ബാങ്കിലുണ്ട്. ഇവിടങ്ങളിലും പ്രതിരോധ പ്രസ്ഥാനങ്ങള്‍ ശക്തമാണ്. ജെനിന് പിന്തുണ പ്രഖ്യാപിച്ച് അവരെല്ലാം രംഗത്ത് വന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it