Sub Lead

അതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന നിയമം പുനപരിശോധിക്കണമെന്ന് ഹരജി

നികിതയെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി അവര്‍ ജോലി ചെയ്യുന്ന സ്ഥാപനമായ ആക്‌സെഞ്ചറിലേക്ക് പ്രതിഷേധക്കാര്‍ എത്തുകയാണ്.

അതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന നിയമം പുനപരിശോധിക്കണമെന്ന് ഹരജി
X

ന്യൂഡല്‍ഹി: ഗാര്‍ഹികപീഡന നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ഭാര്യയും കുടുംബവും പീഡിപ്പിച്ചതിനെ തുടര്‍ന്ന് ബംഗളൂരു സ്വദേശി അതുല്‍ സുഭാഷ് ജീവനൊടുക്കിയതിന് പിന്നാലെയാണ് ഹരജി നല്‍കിയിരിക്കുന്നത്.

വിവാഹിതരായ സ്ത്രീകളെ സ്ത്രീധന ആവശ്യത്തില്‍ നിന്നും ഗാര്‍ഹിക പീഡനത്തില്‍ നിന്നും സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അഡ്വ. വിശാല്‍ തിവാരി നല്‍കിയ ഹരജി പറയുന്നു. സ്ത്രീകള്‍ വ്യാപകമായി വ്യാജപരാതികള്‍ നല്‍കുന്നതിനാല്‍ യഥാര്‍ത്ഥ പീഡനപരാതികള്‍ പോലും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ബംഗളൂരു സ്വദേശിയായ അതുല്‍ സുഭാഷിന്റെ മരണം പുരുഷന്‍മാര്‍ നേരിടുന്ന മാനസിക പീഡനങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. അതിനാല്‍, അത്തരം നിയമങ്ങള്‍ പുന:പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.

അതേസമയം, അതുല്‍ സുഭാഷിന്റെ മരണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഭാര്യ നികിതക്ക് ബംഗളൂരു പൊലീസ് സമന്‍സ് അയച്ചു. ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ നികിതയുടെ വീട്ടിലെത്തിയ പൊലീസ് സംഘം, പൂട്ടിയിട്ട വാതിലില്‍ സമന്‍സിന്റെ പകര്‍പ്പ് ഒട്ടിച്ചാണ് മടങ്ങിയത്. നിഖിതയെ കൂടാതെ, അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരെല്ലാം ഒളിവിലാണ്.

അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയിലാണ് നികിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. വിവാഹമോചനക്കേസിന്റെ പേരില്‍ ഭാര്യയും കുടുംബവും വര്‍ഷങ്ങളായി തന്നെ കേസുകളിലൂടെയും മറ്റും പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് അതുല്‍ ജീവനൊടുക്കിയത്. വിവാഹമോചനക്കേസ് കൈകാര്യം ചെയ്ത യുപിയിലെ ജഡ്ജി നീതി നടപ്പാക്കിയില്ലെന്നും പറഞ്ഞിരുന്നു. 2019ലാണ് അതുലും നിഖിതയും വിവാഹിതരായത്. 2022 ല്‍ സ്ത്രീധന പീഡനം ആരോപിച്ച് നിഖിത ഭര്‍ത്താവിനെതിരെ ആദ്യ പരാതി നല്‍കി. തന്റെ പിതാവിന്റെ മരണത്തിനു കാരണം അതുലാണെന്ന് ആരോപിച്ചും പരാതിപ്പെട്ടു. ആ പരാതി വ്യാജമാണെന്നു പിന്നീട് പൊലീസ് കണ്ടെത്തി.

അതിനിടെ, നികിതയെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി അവര്‍ ജോലി ചെയ്യുന്ന സ്ഥാപനമായ ആക്‌സെഞ്ചറിലേക്ക് പ്രതിഷേധക്കാര്‍ എത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് കമ്പനി അക്കൗണ്ട് ലോക്ക് ചെയ്തു.

Next Story

RELATED STORIES

Share it