Sub Lead

സവാഹിരി വധം: ദോഹ ധാരണ ലംഘിച്ചത് യുഎസോ താലിബാനോ?

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 'നീതി നടപ്പാക്കി' എന്നും അഫ്ഗാനെ വീണ്ടും 'ഭീകരരുടെ സുരക്ഷിത താവളമാക്കാന്‍' വാഷിങ്ടണ്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ബൈഡന്‍ താലിബാനെക്കുറിച്ചോ കരാറിനെക്കുറിച്ചോ ഒന്നും പരാമര്‍ശിച്ചില്ലെങ്കിലും, യുഎസുമായുള്ള 2020 ദോഹ ഉടമ്പടി പാലിക്കാനുള്ള താലിബാന്റെ 'മനസ്സില്ലായ്മ അല്ലെങ്കില്‍ കഴിവില്ലായ്മ'യുടെ പേരില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പിന്നീട് രംഗത്തുവന്നിരുന്നു.

സവാഹിരി വധം: ദോഹ ധാരണ ലംഘിച്ചത് യുഎസോ താലിബാനോ?
X

കാബൂള്‍/വാഷിങ്ടണ്‍: അല്‍ഖാഇദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ യുഎസ് കൊലപ്പെടുത്തിയതിനു പിന്നാലെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് രണ്ട് വര്‍ഷം മുമ്പ് യുഎസും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ദോഹ ഉടമ്പടി.

ഞായറാഴ്ച രാവിലെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വില്ലയുടെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോഴാണ് തലയ്ക്ക് 25 മില്യണ്‍ ഡോളര്‍ വിലയുള്ള 71കാരനായ സവാഹിരിയെ യുഎസ് ആളില്ലാ വിമാനം അയച്ച് കൊലപ്പെടുത്തിയത്. ഏകദേശം 3,000ത്തോളം പേര്‍ കൊല്ലപ്പെട്ട യുഎസിലെ ലോക വ്യാപാര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണം ഏകോപിപ്പിക്കാന്‍ സവാഹിരി സഹായിച്ചുവെന്നാണ് യുഎസ് ആരോപണം.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 'നീതി നടപ്പാക്കി' എന്നും അഫ്ഗാനെ വീണ്ടും 'ഭീകരരുടെ സുരക്ഷിത താവളമാക്കാന്‍' വാഷിങ്ടണ്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ബൈഡന്‍ താലിബാനെക്കുറിച്ചോ കരാറിനെക്കുറിച്ചോ ഒന്നും പരാമര്‍ശിച്ചില്ലെങ്കിലും, യുഎസുമായുള്ള 2020 ദോഹ ഉടമ്പടി പാലിക്കാനുള്ള താലിബാന്റെ 'മനസ്സില്ലായ്മ അല്ലെങ്കില്‍ കഴിവില്ലായ്മ'യുടെ പേരില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പിന്നീട് രംഗത്തുവന്നിരുന്നു.

അല്‍ ഖാഇദ നേതാവിന് കാബൂളില്‍ ആതിഥ്യമരുളുകയും അഭയം നല്‍കുകയും ചെയ്ത് താലിബാന്‍ ദോഹ ഉടമ്പടി ഗുരുതരമായി ലംഘിച്ചു, മറ്റ് രാജ്യങ്ങളുടെ സുരക്ഷയെ ഭീഷണിപ്പെടുത്താന്‍ അഫ്ഗാന്റെ ഭൂപ്രദേശം 'തീവ്രവാദികള്‍' ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ലോകത്തിന് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉയരുന്ന തീവ്രവാദ ഭീഷണികളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനാണ് ഡ്രോണ്‍ ഓപ്പറേഷന്‍ നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു വാഷിംഗ്ടണ്‍ അഫ്ഗാന്‍ ജനതയെ 'ശക്തമായ മാനുഷിക സഹായ'ത്തോടെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ വര്‍ഷം അഫ്ഗാനില്‍ അധികാരത്തില്‍ തിരിച്ചെത്തിയ താലിബാന്‍ ആക്രമണത്തെ ശക്തമായി അപലപിക്കുകയും സവാഹിരിയുടെ പേര് പരാമര്‍ശിക്കാതെ ഇത് ദോഹ കരാറിന്റെ ലംഘനമാണെന്ന് ആരോപിക്കുകയും ചെയ്തു.

കഴിഞ്ഞ 20 വര്‍ഷത്തെ പരാജയപ്പെട്ട അനുഭവങ്ങളുടെ ആവര്‍ത്തനമാണ് ഇത്തരം നടപടികളെന്നും യുഎസിന്റെയും അഫ്ഗാനിസ്താന്റെയും മേഖലയുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും താലിബാന്‍ മുഖ്യ വക്താവ് സബീഹുല്ല മുജാഹിദ് പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണിനു പിന്നാലെ ഇരുപക്ഷവും കൊണ്ടുവന്ന ദോഹ ഉടമ്പടി വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കൊലപാതകം ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം ആരാണ് കരാര്‍ ലംഘിച്ചത്? അനന്തരഫലം എന്താകും തുടങ്ങിയ കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

'ഇത് രണ്ട് കക്ഷികള്‍ക്കിടയിലുള്ള വിശ്വാസത്തിന്റെ ഗുണനിലവാരത്തില്‍ മാത്രം ജീവിക്കുന്ന ഒരു കരാറാണ്. ആ വിശ്വാസം മോശമായി തകര്‍ന്നിരിക്കുന്നു' എന്നാണ് അഫ്ഗാനില്‍ ഒരു ദശാബ്ദത്തോളം അനുഭവപരിചയമുള്ള എഴുത്തുകാരനും കണ്‍സള്‍ട്ടന്റുമായ ഗ്രേം സ്മിത്ത് പറയുന്നത്.


എന്താണ് ദോഹ കരാര്‍?

'അനന്തമായ യുദ്ധം' അവസാനിപ്പിക്കുമെന്ന പ്രതിജ്ഞയില്‍ പ്രചാരണം നടത്തിയ മുന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ രൂപംകൊണ്ട കരാറാണ് ദോഹ കരാര്‍.17 വര്‍ഷത്തെ രക്തരൂക്ഷിതമായ യുദ്ധത്തിനും വിവിധ നയതന്ത്ര ശ്രമങ്ങള്‍ക്കും ശേഷം 2020 ഫെബ്രുവരിയിലാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍വച്ച് യുഎസിന്റെ പ്രത്യേക ദൂതന്‍ സല്‍മയ് ഖലീല്‍സാദും താലിബാന്‍ രാഷ്ട്രീയ മേധാവി മുല്ല അബ്ദുല്‍ ഗനി ബരാദറും മുന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ സാക്ഷിയാക്കി കരാറില്‍ ഒപ്പുവച്ചത്.

'അമേരിക്കയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന' ആക്രമണങ്ങള്‍ നടത്താന്‍ അല്‍ഖാഇദ, ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്‍ ഖൊറാസന്‍ (ഐഎസ്‌കെ) അല്ലെങ്കില്‍ മറ്റ് സായുധ ഗ്രൂപ്പുകള്‍ തുടങ്ങിയവയെ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ സമ്മതിച്ചിരുന്നു. നാറ്റോ പിന്തുണയുള്ള അഫ്ഗാന്‍ ഗവണ്‍മെന്റുമായി സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാനും താലിബാന്‍ സമ്മതിച്ചു. ഗ്രൂപ്പ് നേരത്തേ ഇത്തരം ചര്‍ച്ചകള്‍ക്ക് വിസമ്മതിച്ചിരുന്നു.

പകരമായി, അഫ്ഗാനിസ്താനിലെ സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് യുഎസ് പ്രതിജ്ഞയെടുത്തു. കൂടാതെ പൂര്‍ണ്ണ നാറ്റോ സൈനിക പിന്‍മാറ്റവും യുഎസ് വാഗ്ദാനം ചെയ്തിരുന്നു.

ബൈഡന്‍ അധികാരമേറ്റെടുത്ത ശേഷം യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതിന്റെ അവസാന തീയതി വൈറ്റ് ഹൗസ് 2021 സെപ്റ്റംബര്‍ 11 വരെ നീട്ടി.

എന്നാല്‍, സൈന്യത്തെ പിന്‍വലിച്ച് ദിവസങ്ങള്‍ക്കുള്ളില്‍, അഫ്ഗാന്‍ സര്‍ക്കാര്‍ തകരുകയും മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിടുകയും ചെയ്തു. തുടര്‍ന്ന് താലിബാന്‍ മിന്നലാക്രമണത്തിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തു. പതിറ്റാണ്ടുകളായി യുദ്ധം ചെയ്തിരുന്ന താലിബാനും യുഎസും തമ്മില്‍ ചര്‍ച്ചകളിലൂടെ ഒരു ഒത്തുതീര്‍പ്പിലെത്തിച്ചതിലെ വലിയ നേട്ടമായാണ് ദോഹ കരാര്‍ വിലയിരുത്തപ്പെടുന്നത്.

എന്നിരുന്നാലും, കരാറിലെ അവ്യക്തമായ ഭാഷ സംബന്ധിച്ച് അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. കരാറിലെ ഭാഷ പോലെ കരാര്‍ ആരാണ് കൃത്യമായി ലംഘിച്ചതെന്ന് വ്യക്തമല്ലെന്ന് അഫ്ഗാനിസ്ഥാനിലെ സമാധാനവും സംഘര്‍ഷ സംഭവവികാസങ്ങളും വിലയിരുത്തുന്ന ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ ഏഷ്യാ പ്രോഗ്രാമിലെ അനലിസ്റ്റായ ഇബ്രാഹീം ബാഹിസ് പറയുന്നു.

ധാരണ പല തരത്തിലും അവ്യക്തമാണ്. ഇരു വിഭാഗത്തിനും കാര്യങ്ങള്‍ സുഖകരമാക്കാന്‍ ഒരുപക്ഷെ മനപ്പൂര്‍വ്വം അവ്യക്തമാക്കിയതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

'ഭാവിയില്‍ അഫ്ഗാനിസ്താന്‍ സായുധ ഗ്രൂപ്പുകളുടെ ഒരു സുരക്ഷിത താവളമാകില്ലെന്ന് യുഎസിന് മതിയായ ഉറപ്പ് നല്‍കുമ്പോള്‍ തന്നെ ഈ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു പ്രസ്ഥാനമെന്ന നിലയില്‍ നിര്‍ബന്ധിതരാകില്ലെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.

യുഎസിനെ സംബന്ധിച്ചിടത്തോളം, അഫ്ഗാന്‍ തലസ്ഥാനത്ത് സവാഹിരിയുടെ സാന്നിധ്യം ഒരു ലംഘനമായാണ് കാണുന്നത്, അല്‍ഖാഇദ ഉള്‍പ്പെടെയുള്ള ഒരു 'അന്താരാഷ്ട്ര ഭീകര ഗ്രൂപ്പുകള്‍'ക്കും താലിബാന്‍ 'ആതിഥേയത്വം വഹിക്കില്ല' എന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു.ഡ്രോണ്‍ ആക്രമണത്തിന് തൊട്ടുപിന്നാലെ, സവാഹിരിയുടെ സാന്നിധ്യം മറച്ചുവെക്കാന്‍ താലിബാന്‍ ശ്രമിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച ഒരു ബ്രീഫിംഗില്‍ ആരോപിച്ചിരുന്നു.

'സവാഹിരിയുടെ ഭാര്യയെയും മകളെയും അവരുടെ മക്കളെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ഹഖാനി ശ്രൃംഖലയിലെ താലിബാന്‍ അംഗങ്ങള്‍ ഉടനടി നടപടി സ്വീകരിച്ചതായും അവര്‍ സുരക്ഷിത ഭവനത്തിലാണ് താമസിക്കുന്നതെന്ന് കാര്യം മറയ്ക്കാനായിരുന്നു ഈ ശ്രമമമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അല്‍ഖാഇദ പോലുള്ള ഗ്രൂപ്പുകളെ അന്താരാഷ്ട്ര ആക്രമണങ്ങളില്‍ നിന്ന് തടയാമെന്നും എന്നാല്‍ അവരുടെ അംഗങ്ങളെ രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും പുറത്താക്കാതിരിക്കുകയും ചെയ്യണമെന്നാണ് താലിബാന്‍ കരാറില്‍ പറയുന്നത്.ഏത് ഭാഗത്താണ് കരാര്‍ ലംഘിച്ചത് എന്നത് പരിഗണിക്കാതെ തന്നെ, 'ദോഹ കരാറിന് യഥാര്‍ത്ഥത്തില്‍ ഒരു നിര്‍വ്വഹണമോ മധ്യസ്ഥതയോ ഇല്ലായിരുന്നു' എന്ന് ബാഹിസ് പറഞ്ഞു.'അതിനാല്‍ ഓരോ കക്ഷിയുടെയും വ്യാഖ്യാനത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍, തര്‍ക്കം പരിഹരിക്കുന്ന ഒരു സംവിധാനം യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നില്ല' -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതു മുതല്‍, അവരും യുഎസും കരാര്‍ ലംഘിച്ചുവെന്ന് പരസ്പരം ആരോപിച്ചിരുന്നു.

'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ സമ്മതത്തോടെ അല്‍ഖാഇദയ്ക്കും മറ്റ് സായുധ ഗ്രൂപ്പുകള്‍ക്കുമെതിരെ വാഷിംഗ്ടണ്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് ദോഹ കരാര്‍ പറയുന്നു. എന്നാല്‍ ആക്രമണത്തെ കുറിച്ച് അമേരിക്ക താലിബാനെ അറിയിക്കുകയോ അവരുമായി എന്തെങ്കിലും ഏകോപനത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച പറഞ്ഞു.

Next Story

RELATED STORIES

Share it