Sub Lead

ബാബരിക്ക് 'പകരം പള്ളി'; നാലുവര്‍ഷം കൊണ്ട് പിരിച്ചത് വെറും ഒരു കോടി; സമിതികള്‍ പിരിച്ചുവിട്ടു

ബാബരിക്ക് പകരം പള്ളി; നാലുവര്‍ഷം കൊണ്ട് പിരിച്ചത് വെറും ഒരു കോടി; സമിതികള്‍ പിരിച്ചുവിട്ടു
X

ന്യൂഡല്‍ഹി: സംഘപരിവാര ഹിന്ദുത്വ കര്‍സേവകര്‍ തകര്‍ത്ത ബാബരി മസ്ജിദിന് പകരമെന്നു പറഞ്ഞ് സുപ്രിംകോടതി ഉത്തരവിലൂടെ അയോധ്യയില്‍ പുതിയ പള്ളി നിര്‍മിക്കാനുള്ള സമിതികള്‍ പിരിച്ചുവിട്ടു. ധന്നിപൂരില്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ച് നാലു വര്‍ഷമായിട്ടും വെറും ഒരു കോടി രൂപ മാത്രമാണ് സമാഹരിച്ചത്. ഇതേത്തുടര്‍ന്നാണ് സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് രൂപീകരിച്ച ഇന്തോ-ഇസ് ലാമിക് കള്‍ചറല്‍ ഫൗണ്ടേഷനു കീഴിലുള്ള നാല് സമിതികളും പിരിച്ചുവിട്ടു. സംഘടനയ്ക്കും സമുദായത്തിനും നാണക്കേട് ഉണ്ടാക്കിയെന്നു പറഞ്ഞാണ് നടപടി. ബാബരി മസ്ജിദിനു പകരമെന്നു പറഞ്ഞ് ഭൂമി നല്‍കിയതിനെയും പള്ളി നിര്‍മിക്കുന്നതിനെയും രാജ്യത്തെ ഭൂരിഭാഗം മുസ് ലിം സംഘടനകളും സമുദായംഗങ്ങളും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല. തുടക്കംമുതല്‍ മുസ് ലിം സമുദായത്തിന്റെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണമാണ് ഇപ്പോള്‍ കൂടുതല്‍ പുറത്തായത്.

ഇന്തോ-ഇസ് ലാമിക് കള്‍ചറല്‍ ഫൗണ്ടേഷനു കീഴിലുള്ള അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍സ്, വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്. രാജ്യത്തെ വിശ്വാസികളും മറ്റും കൈയൊഴിഞ്ഞതോടെ പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട്, വിദേശത്തുനിന്ന് പണം പിരിക്കാന്‍ അനുമതി നേടാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷന്‍. നൂറ്റാണ്ടുകള്‍ മുസ് ലിംകള്‍ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്ന ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. വിചിത്രവും അനീതി നിറഞ്ഞതുമായ വിധിയെന്ന് പരക്കെ ആക്ഷേപമുയര്‍ന്നതിനു പിന്നാലെ 2023 ജനുവരി 22ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് രാമക്ഷേത്രം തുറന്നു കൊടുത്തത്. ഈസമയത്തെല്ലാം ബാബരി പള്ളിക്കു പകരമെന്നു പറഞ്ഞ് നിര്‍മിക്കാനൊരുങ്ങിയ മസ്ജിദിന്റെ ഭൂമി സംബന്ധിച്ചും വിവിധ അനുമതികള്‍ സംബന്ധിച്ചും തര്‍ക്കം തുടരുകയായിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക മുസ് ലിം സംഘടനകളും ഈ പള്ളിയെ പിന്തുണച്ചിരുന്നില്ല. നാല് കമ്മിറ്റികളും കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും അതാണ് കടുത്ത നടപടികളിലേക്ക് കടക്കാന്‍ കാരണമെന്നുമാണ് ഐഐഎഫ്‌സി സെക്രട്ടറി അതാര്‍ ഹുസയ്ന്‍ വ്യക്തമാക്കി. 19ന് ലഖ്‌നോവില്‍ നടന്ന ട്രസ്റ്റ് യോഗത്തിന് ശേഷമാണ് കമ്മറ്റികള്‍ പിരിച്ചുവിട്ടതെന്നും അദ്ദേഹം അറിയിച്ചു.

അയോധ്യയില്‍ ഇന്ത്യ ഇസ് ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന പള്ളിക്ക് മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദ് എന്നു പേര് മാറ്റിയിരുന്നു. നേരത്തേ നിര്‍ദേശിക്കപ്പെട്ട മസ്ജിദെ അയോധ്യ എന്ന പേര് മാറ്റിയതായി ഈ വര്‍ഷം ആാദ്യമാണ് വ്യക്തമാക്കിയത്. പള്ളിയുടെ ആദ്യത്തെ രൂപരേഖയും പൂര്‍ണമായും മാറ്റിയിരുന്നു. മസ്ജിദ് പോലെ തോന്നിക്കുന്നില്ലെന്ന അഭിപ്രായത്തെത്തുടര്‍ന്നാണ് അഞ്ച് മിനാരങ്ങളുള്ള പുതിയ ഡിസൈന്‍ ഉണ്ടാക്കിയത്. പ്രവാചകന്റെ പേരില്‍ നിര്‍മിക്കുന്ന പള്ളി രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായിരിക്കുമെന്നു അവകാശവാദം. ആറ് മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞിരുന്നു. എന്നാല്‍, ധനസമാഹരണത്തിന് ആരും സഹകരിച്ചില്ല. കാന്‍സര്‍ ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി, ഗവേഷണകേന്ദ്രം എന്നിവ ഉള്‍പ്പെടുന്നതാവും പള്ളി സമുച്ഛയം എന്നാണ് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ബാബരി മസ്ജിദ് വിഷയത്തിലേതു പോലെ തന്നെ ഇതിലും സമുദായത്തോട് വഞ്ചന കാണിക്കുമെന്ന പലരുടെയും വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്.

Next Story

RELATED STORIES

Share it