- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ്: ഒരു രാഷ്ട്രത്തിൻ്റെ തോരാത്ത കണ്ണുനീർ
ബാബരി മസ്ജിദിനെ കുറിച്ചുള്ള മരിക്കാത്ത ഓർമകളുമായി വീണ്ടും ഒരു ഡിസംബർ 6 കൂടി കടന്നുവരുകയാണ്. ഇന്ത്യാ ചരിത്രത്തിലെ അങ്ങേയറ്റം അഭിശപ്തമായ ദിനങ്ങളിലൊന്നായിരുന്നു 1992 ഡിസംബർ 6. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരപ്രവൃത്തികളിലൊന്നിന് സാക്ഷ്യം വഹിച്ച ദിനം. ബാബരി മസ്ജിദിൻ്റെ ശില പോലും അവശേഷിക്കാത്ത 32 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. രാഷ്ട്രശരീരത്തിനേറ്റ ഒരിക്കലും ഉണങ്ങാത്ത മുറിവായി, രാജ്യഹൃദയത്തെ ഗ്രസിച്ച വിങ്ങുന്ന നൊമ്പരമായി, ഒരു രാഷ്ട്രത്തിൻ്റെ തോരാത്ത കണ്ണുനീരിൻ്റെ ഓർമകളുമായി പക്ഷേ, ബാബരി മസ്ജിദ് ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണ്.
464 വർഷം ഫൈസാബാദിൻ്റെ മണ്ണിൽ തലയുയർത്തിനിന്ന, 421 വർഷം നിത്യവും ബാങ്കൊലികൾ മുഴങ്ങിയ ബാബരി മസ്ജിദിൻ്റെ നിയമപോരാട്ടങ്ങളുടെ ചരിത്രത്തിന് 166 വർഷം നീണ്ട വഴിദൂരമുണ്ട്. 1885ൽ തുടങ്ങിയ നിയമ യുദ്ധത്തിൻ്റെ ദുരന്തപര്യവസായിയായ ചരിത്രം ഒടുങ്ങുന്നത് 2019 നവംബർ 9ലെ സുപ്രിംകോടതിയുടെ അന്യായവും വിചിത്രവുമായ വിധിന്യായത്തോടെയാണ്. 1883ൽ ബാബരി ഭൂമിയിൽ പള്ളിക്കു സമീപം ക്ഷേത്രം പണിയാൻ അനുവദിക്കണമെന്ന മഹന്ത് രഘുബർദാസിൻ്റെ ആവശ്യത്തിന് അനുമതി നിഷേധിക്കുകയായിരുന്നു അന്നത്തെ ഫൈസാബാദ് പോലിസ് ഡെപ്യൂട്ടി കമ്മീഷണർ. വീണ്ടും ഇതേ ആവശ്യമുന്നയിച്ച് 1885ൽ ഹരജിയുമായെത്തിയ രഘുബർ ദാസിന് ബ്രിട്ടിഷ് ഇന്ത്യയിലെ കോടതി അനുമതി നിഷേധിക്കുകയും അപ്പീൽ തള്ളുകയും ചെയ്തു. 1934ൽ പള്ളിക്ക് ഭാഗികമായി കേടുവരുത്തിയ പ്രദേശത്തെ ഹിന്ദുകൾക്ക് കൂട്ടപ്പിഴ ചുമത്തിയ ബ്രിട്ടീഷ് അധികാരികൾ സർക്കാർ ചെലവിൽ പള്ളിയുടെ കേടുപാടുകൾ തീർത്തു കൊടുക്കുകയും ചെയ്തു. ഇത്രയും വിശദമായി ഈ ചരിത്രം പറഞ്ഞത് ബ്രിട്ടിഷ് ഇന്ത്യയിലെ കോടതികളിൽനിന്ന് ബാബരി മസ്ജിദിനു ലഭിച്ച നീതിയുടെ ചെറിയൊരു കണികയെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ നീതിപീഠങ്ങളിൽനിന്ന് ലഭിച്ചിരുന്നെങ്കിൽ മതനിരപേക്ഷതയുടെ അഭിമാനസ്തംഭമായും മനുഷ്യ സൗഹാർദത്തിൻ്റെ മഹിത പ്രതീകമായും ബാബരി മസ്ജിദ് ഇന്നും തലയുയർത്തി നിൽക്കുമായിരുന്നു എന്ന് ഓർമിപ്പിക്കുവാനാണ്.
ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വൈരുധ്യങ്ങളുടെ കലവറയാണെന്ന്, ദ വയറിനു വേണ്ടി കരൺ ഥാപ്പർ നടത്തിയ ഒരു അഭിമുഖത്തിൽ ഇന്ത്യയിലെ മുനിര നിയമജ്ഞരിൽ പ്രമുഖനായ ദുഷ്യന്ത് ദവെ ഈയടുത്ത ദിവസം പോലും അഭിപ്രായപ്പെടുകയുണ്ടായി. 1949 ഡിസംബർ 22ന് പള്ളിക്കുള്ളിൽ അതിക്രമിച്ചു കടന്ന് വിഗ്രഹം പ്രതിഷ്ഠിച്ചതും 1992 ഡിസംബർ 6ന് പള്ളി തകർത്തതും കൊടിയ ക്രിമിനൽ കുറ്റമെന്നു നിരീക്ഷിച്ച സുപ്രിംകോടതി തന്നെയാണ് ആ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കു തന്നെ പള്ളി നിലനിന്നിരുന്ന സ്ഥലം വിട്ടുകൊടുക്കുന്നതും അവിടെ ക്ഷേത്രം പണിയാൻ വിധി കൽപ്പിക്കുന്നതും എന്നത് എത്രയോ വിചിത്രവും അപഹാസ്യവും അന്യായവുമാണെന്നോർക്കുക.
ബാബരി കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ഒരു ന്യായാധിപനായിരുന്നു ഇക്കഴിഞ്ഞ നവംബർ 10ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു വിരമിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ബാബരി വിധിയുടെ മുഖ്യപരികർമിയും അദ്ദേഹമാണെന്ന് അദ്ദേഹത്തിൻ്റെ തന്നെ പിന്നീടുള്ള വെളിപ്പെടുത്തലിൽനിന്ന് വ്യക്തവുമാണ്. ബാബരി കേസിൽ ദൈവത്തോട് സഹായം തേടിയാണ് വിധിയെഴുതിയതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നുണ്ട്. ആ ദൈവം തന്നെ കക്ഷിയായ, അതായത് പ്രതിഷ്ഠ കക്ഷിയായ കേസിലെ വിധിന്യായത്തിൽ അഞ്ചു ന്യായാധിപരിൽ ഒരാൾ പോലും ഒപ്പുവച്ചിരുന്നില്ല. തെളിവുകൾക്കും നിയമത്തിനും പകരം വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയ ആ വിധി ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവമായ ഒന്നായിരുന്നു. ദുഷ്യന്ത് ദവെ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കിയതു പോലെ വിവേകപൂർവമായ ഒന്നായിരുന്നില്ല, മറിച്ച് വികാരപരവും മതാവേശം മുറ്റിയതുമായ ഒരു വിധിയായിരുന്നു അത്. ഒരു ആരാധനാലയം നിലനിന്നിരുന്ന സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശ തർക്കത്തിൽ കൈയേറ്റക്കാരനു തന്നെ ഭൂമി വിട്ടുകൊടുത്ത വിചിത്ര വിധി.
ഒരു പള്ളിയെച്ചൊല്ലി മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കുമിടയിൽ ദീർഘകാലം നിലനിന്ന സംഘർഷാത്മകമായ ഒരു പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമായി ബാബരി വിധി മാറിയോ? ഇല്ല, പ്രശ്നത്തിന് പരിഹാരമായല്ല പുതിയ പ്രശ്നങ്ങളുടെ തുടക്കമായാണ് ആ വിധി മാറിയത്. ബാബരി മസ്ജിദ് വിധിയുടെ ചുവടുപിടിച്ച് നിരവധി പള്ളികൾക്കുമേൽ പുതിയ അവകാശവാദങ്ങൾ ഉയർന്നു വരുന്നത് അതിനു തെളിവാണ്. ഈ അപകട സാധ്യത മുന്നിൽകണ്ടാണ് ആരാധനാലയ സംരക്ഷണ നിയമം 1991 ൽ ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയത്. ആരാധനാലയങ്ങൾക്കു മേൽ വ്യാജ അവകാശവാദങ്ങളുമായി ഇനിയാരും വരരുതെന്ന ദീർഘവീക്ഷണമാണ് ആ നിയമ നിർമാണത്തിൻ്റെ പ്രേരണ. എല്ലാ ആരാധനാലയങ്ങളും 1947 ആഗസ്റ്റ് 15ലെ തദ്സ്ഥിതി തുടരണമെന്നതായിരുന്നു ആ പ്രത്യേക നിയമത്തിൻ്റെ കാതൽ. ബാബരി കേസിൽ വിധി പറയുമ്പോഴും അത് പ്രസ്തുത കേസിനു മാത്രം ബാധകമായതാണെന്നും ആരാധനാലയ സംരക്ഷണ നിയമത്തിൻ്റെ അന്തസ്സത്ത പരിരക്ഷിക്കപ്പെടേണ്ടതാണെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ചരിത്രത്തിൽ സംഭവിച്ചതായി ആരോപിക്കപ്പെടുന്ന പിഴവുകൾ വർത്തമാനത്തെയും ഭാവിയെയും തച്ചു തകർക്കാൻ കാരണമാവരുതെന്നാണ് ആരാധനാലയ നിയമത്തിൻ്റെ പ്രസക്തിക്ക് അടിവരയിട്ടുകൊണ്ട് 1994ൽ ഒരു കേസിൽ വിധി പറയവേ, സുപ്രിംകോടതി അസന്ദിഗ്ധമായി പ്രസ്താവിച്ചത്. എന്നാൽ, അതേ സുപ്രിംകോടതി തന്നെ പുതിയ കാലുഷ്യങ്ങൾക്ക് വഴി തുറക്കാൻ ആരാധനാലയ നിയമത്തെ ചവറ്റുകുട്ടയിൽ തള്ളുന്ന സമീപനം സ്വീകരിക്കുന്നതാണ് പിന്നീട് നാം കാണുന്നത്.
ദുഷ്യന്ത് ദവെ സൂചിപ്പിച്ചതുപോലെ ഉന്നത നീതിപീഠത്തിൻ്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടാണ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ കാലത്തു നാം കണ്ടത്. ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ചെങ്കിലും പിന്നീട് വിധിയിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു സുപ്രിംകോടതി. അന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആനുഷംഗികമായി നടത്തിയ പരാമർശങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു നിർമിതിയുടെ സ്വഭാവത്തെ കുറിച്ചുള്ള ജിജ്ഞാസയ്ക്ക് ഹിന്ദുക്കൾക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഫലമോ, ഗ്യാൻവാപി മസ്ജിദിൽ സർവേ നടന്നു. പല പള്ളികൾക്കുമേലും വ്യാജ അവകാശവാദങ്ങളുമായി ഹിന്ദുത്വർ രംഗത്തുവരുന്നു. കോടതികൾ കയറിയിറങ്ങുന്നു. സർവേക്ക് അനുമതി ലഭിക്കുന്നു. ഇനി ഖനനമായിരിക്കും അടുത്ത പടി. തുടർന്ന് സംഘപരിവാരത്തിൻ്റെ പേശീബലം ഉപയോഗിച്ചുള്ള കടന്നുകയറ്റം, പിടിച്ചെടുക്കൽ, ഒടുവിൽ തകർക്കൽ. അതേ, ബാബരിയുടെ വഴിയേതന്നെയാണ് മറ്റു പള്ളികളുടെയും ഗതി. 1991ലെ ആരാധനാലയ സംരക്ഷണ നിയമം തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. സ്വതന്ത്രാസ്തിത്വമുള്ള ജുഡീഷ്യറിയെ പോലും വരുതിയിലാക്കാൻ ശക്തിയുള്ള, ജനാധിപത്യവിരുദ്ധമായ നിരവധി നടപടികൾക്ക് കുപ്രസിദ്ധി നേടിയ ബിജെപി സർക്കാർ കേന്ദ്ര ഭരണത്തിൽ തുടരുവോളം നിയമം ഞങ്ങൾക്ക് പുല്ലാണെന്ന് വിളിച്ചുകൂവാനുള്ള സംഘപരിവാരത്തിൻ്റെ ധാർഷ്ട്യപ്രകടനം സ്വാഭാവികം മാത്രം. അതെ ദുഷ്യന്ത് ദവെ പറഞ്ഞതുപോലെ ഇവിടെ നിയമവാഴ്ചയാണ് തകർന്നു വീഴുന്നത്. നീതിപീഠത്തിൻ്റെ നിഷ്പക്ഷതയാണ് പിച്ചിച്ചീന്തപ്പെടുന്നത്.
ഏറ്റവും ഒടുവിൽ ഉത്തർപ്രദേശിലെ സംഭൽ ശാഹീ ജാമിഅ് മസ്ജിദിൽ ഒരു കോടതി ഉത്തരവിനെ തുടർന്ന് നടന്ന സർവേയാണ് സംഘർഷത്തിലേക്കും പോലിസ് വെടിവയ്പിൽ ആറുപേർ കൊല്ലപ്പെടുന്നതിലേക്കും നയിച്ചത്. ഈ കാലുഷ്യത്തിലേക്ക് നയിച്ചത് ബാബരി കേസിലും ഗ്യാൻവാപി കേസിലും സുപ്രിംകോടതി കൈക്കൊണ്ട സമീപനങ്ങളാണ്. സംഭലിൽ വീണ ചോരയ്ക്ക് നീതിപീഠത്തിൻ്റെ കൈയൊപ്പ് കൂടിയുണ്ടെന്നാണ് ഇതിനർഥം.
കാശിയിലും മഥുരയിലും സംഭലിലും അവസാനിക്കുന്നില്ല സംഘപരിവാരത്തിൻ്റെ ചോരക്കളികൾ. ഉത്തർപ്രദേശിലെ ലഖ്നോവിലെ ടീലേ വാലി മസ്ജിദ്, ഡൽഹിയിലെ ഖുത്തുബ് മിനാറിലെ ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദ്, മധ്യപ്രദേശിലെ കമാൽ മൗലാ മസ്ജിദ്, ഗുജറാത്തിലെ സിദ്ധാപൂർ ജാമിഅ് മസ്ജിദ്, പശ്ചിമ ബംഗാളിലെ അദീന മസ്ജിദ്, അഹ്‌മദാബാദിലെ ജുമുഅ മസ്ജിദ്, താജ് മഹൽ, അജ്മീർ ദർഗ തുടങ്ങി പിടിച്ചടക്കാനുള്ള പള്ളികളുടെയും സ്മാരകങ്ങളുടെയും സ്മൃതികുടീരങ്ങളുടെയും പട്ടിക അവസാനമില്ലാത്ത വിധം നീണ്ടതാണ്.
കരൺ ഥാപറുമായുള്ള അഭിമുഖത്തിൽ ദുഷ്യന്ത് ദവെ എന്ന അതിപ്രശസ്തനായ നിയമജ്ഞൻ "എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. എൻ്റെ അവസ്ഥ ഇതാണെങ്കിൽ മുസ്‌ലിം ന്യൂനപക്ഷത്തിൻ്റെ സ്ഥിതിയെന്താവും" എന്ന് ഹൃദയം പൊട്ടി വിലപിച്ചത് നാം കണ്ടു. ദവെയുടെ സ്ഫുടമാർന്നതും ശക്തവുമായ വാക്കുകളും ഇടറുന്ന തൊണ്ടയും ഉതിരുന്ന കണ്ണീരും രാജ്യം ഇന്നെത്തി നിൽക്കുന്ന അവസ്ഥയുടെ വാചാലമായ വ്യാഖ്യാനമാണ്.
ഈ പശ്ചാത്തലത്തിലാണ് ബാബരി മസ്ജിദിനെ കുറിച്ചുള്ള ഓർമകൾക്ക് പ്രസക്തിയേറുന്നത്. മറവിക്കു വിട്ടുകൊടുക്കേണ്ട ഒന്നല്ല ബാബരി മസ്ജിദ് എന്നു തിരിച്ചറിവിൽ നിന്നാണ് നിയമവാഴ്ചയും നീതിയും നിർഭയത്വവും സുരക്ഷയും സമാധാനവും സാഹോദര്യവും പുലരുന്ന പുതിയൊരു ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള അശ്രാന്ത പരിശ്രമത്തിന് നാം ഊർജം സ്വീകരിക്കേണ്ടത്. ബാബരിയുടെ മണ്ണിൽ മസ്ജിദാണ് നീതി എന്ന പ്രതീക്ഷാനിർഭരമായ സ്വപ്നത്തിൻ്റെ സാക്ഷാൽക്കാരത്തിനായി മതനിരപേക്ഷ ഇന്ത്യ ഒറ്റക്കെട്ടായി ഉണർന്നെണീക്കേണ്ടത്.
BY കെ എച്ച് നാസര്‍
RELATED STORIES
പി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്കുന്ന സംരക്ഷണം മതനിരപേക്ഷതയ്ക്ക്...
11 Jan 2025 6:28 AM GMTമുസ്ലിംകള്‍ക്കെതിരേ വംശീയാക്ഷേപം നടത്തിയ പി സി ജോര്‍ജ്ജിനെതിരേ...
11 Jan 2025 6:20 AM GMTപത്തനംതിട്ട പീഡനം: മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു; നാലു...
11 Jan 2025 6:01 AM GMTഇത് വഖ്ഫ് ബോർഡോ അതോ ഭൂമാഫിയ ബോർഡോ; യു പി സംസ്ഥാന വഖ്ഫ് ബോർഡിനെതിരേ...
11 Jan 2025 5:47 AM GMTസ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചു
11 Jan 2025 5:45 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 40 ശതമാനം അധികമാവാമെന്ന്...
11 Jan 2025 5:40 AM GMT