Big stories

ഒരു ഓര്‍മ ദിനം കൂടി; ബാബരി ധ്വംസനത്തിന് മൂന്ന് പതിറ്റാണ്ട്

ഒരു ഓര്‍മ ദിനം കൂടി; ബാബരി ധ്വംസനത്തിന് മൂന്ന് പതിറ്റാണ്ട്
X

ബാബരി മസ്ജിദ് മണ്ണോട് ചേര്‍ന്നിട്ട് ഇന്നേയ്ക്ക് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. ഇന്ത്യയുടെ മതേതരത്വ ജനാധിപത്യ പാരമ്പര്യത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ആ ദിനത്തിന് 30 വര്‍ഷങ്ങള്‍. ഓരോ ഡിസംബര്‍ 6 വരുമ്പോഴും ആ കറുത്ത ദിനത്തിന്റെ ഓര്‍മകള്‍ കടന്നുവരും. ബാബരി മസ്ജിദിന്റെ മൂന്ന് ഖുബ്ബകള്‍ വര്‍ഗീയ രാക്ഷസന്‍മാര്‍ തകര്‍ത്ത് തരിപ്പണമാക്കിയത് അന്നാണ്. ബാബരിക്ക് മുകളില്‍ സംഹാര താണ്ഡവമാടിയ ജാതിക്കോമരങ്ങള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ജുഡീഷ്യറിയെ വിമര്‍ശിക്കാത്ത നിയമജ്ഞന്‍മാര്‍ ചുരുക്കം പേര്‍ മാത്രം. ഒരു കോടതി വിധിക്കും മായ്ക്കാന്‍ കഴിയാത്ത ഓര്‍മകളാണ് ബാബരി സമ്മാനിച്ചിട്ടുള്ളത്.


മുഗള്‍ സാമ്രാജ്യസ്ഥാപകനായ സഹീറുദ്ദീന്‍ ബാബര്‍ പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ തോല്‍പ്പിച്ചശേഷം ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ തന്റെ ഗവര്‍ണറായി നിയമിച്ച ബാബറിന്റെ സേനാ നായകനായിരുന്ന മീര്‍ബാഖി 1528 ല്‍ തരിശുഭൂമിയില്‍ നിര്‍മിച്ച മുസ്‌ലിം പള്ളിയാണ് ചരിത്രത്തില്‍ ബാബരി മസ്ജിദ് എന്ന പേരില്‍ അറിയപ്പെട്ടത്. മുഗള്‍ ഭരണം അവസാനിപ്പിച്ച് ഇന്ത്യയുടെ അധികാരം പിടിച്ചെടുത്ത ബ്രിട്ടീഷ് സാമ്രാജ്യം വാണകാലത്തും പ്രസ്തുത ആരാധനാലയം മുസ്‌ലിം ഉടമസ്ഥതയില്‍ തുടര്‍ന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു നിര്‍മിതിയാണ് ബാബരി മസ്ജിദ്.


ബാബരി മസ്ജിദിന്റെ മിഹ്‌റാബില്‍ നിന്നുള്ള ഒരു ചെറുമന്ത്രണം പോലും പള്ളിക്കുള്ളില്‍ 200 അടി അകലെ നിന്നാലും വ്യക്തമായി കേള്‍ക്കാനാവുമായിരുന്നു. ബാബരി മസ്ജിദിന്റെ നിര്‍മാണ ചാരുതിയെക്കുറിച്ച് ബ്രിട്ടീഷ് വാസ്തുവിദ്യാ വിദഗ്ധന്‍ ഗ്രേയം പിക്‌ഫോഡ് പറഞ്ഞതാണ് ഇക്കാര്യം. ആധുനിക വാസ്തുവിദ്യാ ശാസ്ത്രത്തെ ഇന്നും വിസ്മയിപ്പിക്കുന്ന നിരവധി സവിശേഷതകളുള്ള ആ മസ്ജിദിനെച്ചൊല്ലിയുയര്‍ന്ന ഒരു വിദ്വേഷമന്ത്രമാണ് ഇന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അലയടിച്ച് ഇന്ത്യയുടെ വര്‍ത്തമാനകാലത്തെ നിര്‍ണയിച്ചുകൊണ്ടേയിരിക്കുന്നത്.


മസ്ജിദ് നിലകൊള്ളുന്നത് രാമജന്‍മഭൂമിലെ ക്ഷേത്രനിര്‍മിതിക്ക് മേലാണ് എന്ന വാദത്തെ അടിസ്ഥാനമാക്കി മസ്ജിദിനെതിരായ നടന്ന ആക്രമസംഭവം ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത് 1853 ലാണ്. 1934 ല്‍ പള്ളി നില്‍ക്കുന്ന സ്ഥലത്തെച്ചൊല്ലി വീണ്ടും സംഘര്‍ഷമുണ്ടാവുകയും പള്ളിയുടെ മതിലും താഴികക്കുടവും തകര്‍പ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ ഇവ പുനര്‍നിര്‍മിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട ശേഷമാണ് ബാബരിമസ്ജിദ് ഭൂമിയെക്കുറിച്ചുളള തര്‍ക്കത്തിലെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവുണ്ടാവുന്നത്.

1949 ല്‍ ഹിന്ദുമഹാസഭാ അംഗങ്ങള്‍ ബാബരി മസ്ജിദിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ ഒളിപ്പിച്ചുകടത്തി. ഫൈസാബാദ് ജില്ലാ ഭരണാധികാരി കെ കെ നായരാണ് 1949 ഡിസംബര്‍ 22ന് ഹിന്ദുക്കളില്‍ ചിലരുടെ അവകാശവാദത്തെയും കൈയേറ്റത്തെയും തുടര്‍ന്ന് മസ്ജിദ് അടച്ചുപൂട്ടിയത്. വിഷയം വീണ്ടും കോടതിയിലെത്തി. മസ്ജിദ് സ്ഥലം തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഗേറ്റ് താഴിട്ട് പൂട്ടി. അതുവരെ സാമുദായികമായിരുന്ന രാമജന്‍മഭൂമി അവകാശവാദം 1984 ല്‍ രാഷ്ട്രീയ വിഷയമായി. സംഘപരിവാര്‍ സംഘടനയായ വിഎച്ച്പി മസ്ജിദ് ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചു.

ബിജെപി നേതാവായ എല്‍ കെ അദ്വാനി പ്രക്ഷോഭത്തിന്റെ നേതാവായി. 1986 ല്‍ ജില്ലാ ജഡ്ജി ഏകപക്ഷീയമായി മസ്ജിദിന്റെ താഴുകള്‍ ഹിന്ദു ആരാധനയ്ക്കായി തുറക്കാന്‍ ഉത്തരവിട്ടു. പ്രതിരോധത്തിനായി ബാബരി കര്‍മസിമിതിയും രൂപീകരിക്കപ്പെട്ടു. അതില്‍പിന്നെയാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ദേശീയാവശ്യമായി സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതും ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനി രാജ്യവ്യാപകമായി രഥയാത്ര നടത്തുന്നതും വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കി അതിലൂടെ ബിജെപിയെ അധികാരത്തിലേറ്റുന്നതും. 1989 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നല്‍കിയതിനെത്തുടര്‍ന്ന് മസ്ജിദ് പരിസരത്ത് വിഎച്ച്പി ക്ഷേത്രത്തിന് തറക്കല്ലിട്ടു.

1990 ല്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് അതിക്രമിച്ചുകയറി മിനാരത്തിനുമുകളില്‍ കൊടിനാട്ടി. അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവ് ശക്തമായ നിലപാടെടുക്കുകയും പള്ളി സംരക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷേ, ഉത്തര്‍പ്രദേശ് വര്‍ഗീയ സംഘര്‍ഷത്താല്‍ വിറകൊണ്ടു. 1991 ല്‍ ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തി. 1992 ഡിസംബര്‍ 6ന് അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരുടെ നേതത്വത്തില്‍ സംഘപരിവാര്‍ സംഘടനകളുടേയും ശിവസേനയുടെയും പ്രവര്‍ത്തകരടങ്ങുന്ന ലക്ഷക്കണക്കിന് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തു.

കല്യാണ്‍ സിങ്ങിന്റെ നേതൃത്തിലുള്ള യുപി ബിജെപി സര്‍ക്കാര്‍ അക്രമം തടയാന്‍ കാര്യമായി ഒന്നും ചെയ്തില്ല. തുടര്‍ന്ന് രാജ്യവ്യാപകമായി കലാപങ്ങളും വംശഹത്യകളുമുണ്ടായി. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കുമ്പോള്‍ യുപി ഭരിച്ചത് ബിജെപിയായിരുന്നെങ്കിലും ഇന്ത്യയുടെ ഭരണം കോണ്‍ഗ്രസുകാരനായ പി വി നരസിംഹറാവുവിന്റെ കരങ്ങളിലായിരുന്നു. 1992 ഡിസംബര്‍ 16 ന് നരസിംഹറാവു സര്‍ക്കാര്‍ ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ് അന്വേഷണത്തിന് ലിബറാന്‍ കമ്മീഷന്‍ രൂപീകരിച്ചു.

17 വര്‍ഷങ്ങള്‍ കഴിഞ്ഞ് 2009 ല്‍ ലിബറാന്‍ കമ്മീഷന്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. അടല്‍ ബിഹാരി വാജ്‌പേയി, എല്‍ കെ അദ്വാനി, ഉമാഭരതി, കല്യാണ്‍ സിങ്, വിജയാരെജ സിന്ധ്യ തുടങ്ങി നിരവധി ബിജെപി നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാല്‍, കോടതി അവരെ കുറ്റവിമുക്തരാക്കി. 2019 നവംബര്‍ 9ന് സുപ്രിംകോടതി ബാബരി മസ്ജിദ് കേസില്‍ അന്തിമ വിധി പ്രഖ്യാപിച്ചു.

ബാബരി മസ്ജിദില്‍ മുസ്‌ലിംകള്‍ പ്രാര്‍ഥിച്ചുവന്നതാണ്; പള്ളി നിലനിന്ന സ്ഥലത്ത് ക്ഷേത്രമോ മറ്റു നിര്‍മിതികളോ ഉണ്ടായിരുന്നില്ല, ഹിന്ദുപക്ഷത്തുനിന്ന് ഭൂമിയെക്കുറിച്ച അവകാശവാദങ്ങള്‍ക്കൊന്നും തെളിവുകളില്ല എന്ന് പരമോന്നത കോടതി വ്യക്തമാക്കിക്കൊണ്ടുതന്നെ ഹിന്ദുക്കളുടെ വികാരം മാനിച്ച് ബാബരി ഭൂമി അവര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പകരം, മറ്റെവിടെയെങ്കിലും മുസ്‌ലിംകള്‍ക്ക് മതകേന്ദ്രം പണിയാന്‍ സ്ഥലമനുവദിക്കണമെന്ന് ഭരണകൂടത്തോട് നിര്‍ദേശിക്കുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോ ഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രിംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിധിപ്രകാരം 2.7 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറണമെന്നും പള്ളി നിര്‍മിക്കാന്‍ അയോധ്യയിലെ ബാബരി മസ്ജിദിന് പകരം ധന്നിപ്പൂര്‍ വില്ലേജില്‍ അഞ്ചേക്കര്‍ ഭൂമി നല്‍കുമെന്നുമായിരുന്നു ഉത്തരവ്. നിയമത്തിന്റെ വഴിയില്‍ വിധിയെഴുതിക്കഴിഞ്ഞെങ്കിലും ബാബരി ധ്വംസനം ഇന്നും മതേതര ഇന്ത്യയ്ക്ക് നേരിട്ട കനത്ത മുറിവുതന്നെയാണ്.

Next Story

RELATED STORIES

Share it