Sub Lead

മുഹമ്മദ് സുബൈറിന് എല്ലാ കേസിലും സുപ്രിംകോടതി ജാമ്യം

അറസ്റ്റിനുള്ള പോലിസിനുള്ള അധികാരം മിതമായി പ്രയോഗിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സുബൈറിന് എതിരായ എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു.

മുഹമ്മദ് സുബൈറിന് എല്ലാ കേസിലും സുപ്രിംകോടതി ജാമ്യം
X

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. യുപി പോലിസ് രജിസ്റ്റര്‍ ചെയ്ത ഏഴു കേസുകളിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. അദ്ദേഹത്തെ തുടര്‍ച്ചയായി കസ്റ്റഡിയില്‍ വെയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അറസ്റ്റിനുള്ള പോലിസിനുള്ള അധികാരം മിതമായി പ്രയോഗിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. സുബൈറിന് എതിരായ എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ആറു മണിക്ക് മുന്‍പ് അദ്ദേഹത്തെ ജയില്‍ മോചിപ്പിക്കണമെന്നും ഇത് തിഹാര്‍ ജയില്‍ സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.

ജാമ്യത്തിനായി സുബൈര്‍ 20,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മുഹമ്മദ് സുബൈര്‍ മാധ്യമ പ്രവര്‍ത്തകന്‍ അല്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍ക്ക് പണം വാങ്ങിയിരുന്നതായി സുബൈര്‍ സമ്മതിച്ചതായും യുപി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ചില ട്വീറ്റുകള്‍ക്ക് രണ്ടുകോടിയും മറ്റു ചിലതിന് 12 ലക്ഷവും വാങ്ങിയിരുന്നതായി സുബൈര്‍ സമ്മതിച്ചെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക ഗരിമ പ്രസാദ് പറഞ്ഞു. കൂടുതല്‍ പ്രകോപനപരമായ ട്വീറ്റുകള്‍ക്ക് കൂടുതല്‍ തുക വാങ്ങിയെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമ പ്രവര്‍ത്തകനോട് എഴുതാതിരിക്കണം എന്ന് പറയാന്‍ എങ്ങനെ സാധിക്കും എന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ചോദ്യത്തിന് മറുപടിയായാണ് സുബൈര്‍ മാധ്യമ പ്രവര്‍ത്തകനല്ലെന്ന് ഗരിമ പ്രസാദി പറഞ്ഞത്.

'സുബൈര്‍ മാധ്യമ പ്രവര്‍ത്തകനല്ല. 'ഫാക്ട് ചെക്കര്‍' എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഫാക്ട് ചെക്കിങിന് പകരം വിഷം പരത്തുന്ന ട്വീറ്റുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്യുന്നത്. ഈ ട്വീറ്റുകള്‍ക്കായി സുബൈറിന് പണം ലഭിച്ചു, കൂടുതല്‍ ദോഷകരമായ ട്വീറ്റുകള്‍ക്ക് വലിയ പ്രതിഫലം വാങ്ങി' ഗരിമ പ്രസാദ് പറഞ്ഞു.

വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന വീഡിയോകളും പ്രസംഗങ്ങളും സുബൈര്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചതായും ഇതിന് ശേഷം രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചെന്നും യുപി സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍ യുപി സര്‍ക്കാരിന്റെ വാദങ്ങള്‍ നിഷേധിച്ച സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍, അദ്ദേഹം ഫാക്ട് ചെക് തന്നെയാണ് നടത്തുന്നതെന്നും പല ട്വീറ്റുകളിലും കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പോലിസിനെ ടാഗ് ചെയ്തിട്ടുണ്ടെന്നും വാദിച്ചു. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും സുബൈറിനെ ലക്ഷ്യം വയ്ക്കുന്ന വലിയ റാക്കറ്റ് പുറത്തുണ്ടെന്നും വൃന്ദ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it