Sub Lead

മോദി വിരുദ്ധ പ്രക്ഷോഭം; സൈന്യത്തെ ഇറക്കി ബംഗ്ലാ ഭരണകൂടം

സംഘര്‍ഷങ്ങളില്‍ അഞ്ചു പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

മോദി വിരുദ്ധ പ്രക്ഷോഭം; സൈന്യത്തെ ഇറക്കി ബംഗ്ലാ ഭരണകൂടം
X

ധക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധം.സമരക്കാര്‍ക്ക് നേരെ പലയിടത്തും പോലിസ് ബലപ്രയോഗം നടത്തി. സംഘര്‍ഷങ്ങളില്‍ അഞ്ചു പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

സംഘര്‍ഷം തടയുന്നതിന് അതിര്‍ത്തി രക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. തലസ്ഥാനമായ ധക്കയിലും സമീപ നഗരങ്ങളിലും സൈന്യമിറങ്ങി. ഇന്ന് ഒറ്റപ്പെട്ട പ്രതിഷേധം മാത്രമാണ് നടന്നത് എന്നും സൈന്യമിറങ്ങിയ ശേഷം രംഗം ശാന്തമായിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ധക്കയില്‍ മോദിയുടെ സന്ദര്‍ശനത്തിനെതിരെ സമരം തുടങ്ങിയത്.

ദ്വിദിന സന്ദര്‍ശനത്തിനാണ് മോദി ബംഗ്ലാദേശിലെത്തിയത്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുകയാണ് ബംഗ്ലാദേശ്. കൂടാതെ രാഷ്ട്രപിതാവ് ശൈഖ് മുജീബ് റഹ്മാന്റെ ജന്മ വാര്‍ഷികവും. ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാന്‍ മോദി ബംഗ്ലാദേശിലെത്തിയത് വെള്ളിയാഴ്ചയാണ്. ശനിയാഴ്ച അദ്ദേഹം മതുവ സമുദായക്കാരുമായി സംവദിച്ചു. കൂടാതെ ക്ഷേത്ര ദര്‍ശനം നടത്തി.

ബംഗ്ലാദേശ് ഭരണകൂടം ഏകാധിപത്യ പ്രവണതയ്ക്കും മോദിയുടെ സന്ദര്‍ശനത്തിനുമെതിരേ ഹാഫിസത്തെ ഇസ്‌ലാം എന്ന സംഘടന പ്രഖ്യാപിച്ച സമരമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചിറ്റഗോങിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ധക്കയിലും മറ്റു സമീപ നഗരങ്ങളിലും വെള്ളിയാഴ്ച സമരം നടത്തിയത്.

അതിനിടെ, ഫേസ്ബുക്കിന് രാജ്യത്ത് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയതായി ആരോപണമുണ്ട്.

Next Story

RELATED STORIES

Share it