Sub Lead

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
X

ബംഗളൂരു: കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് കര്‍ണാടക രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞക്ക് മുമ്പ് ബസവരാജ് യെദിയൂരപ്പയുടെ കാല്‍ തൊട്ടുവന്ദിച്ച് അനുഗ്രഹം തേടി. ഇന്ന് മന്ത്രിസഭായോഗം ചേരുമെന്നും അതിന് ശേഷം കൊവിഡ്, സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം എന്നിവ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞക്ക് മുമ്പായി രാവിലെ ബസവരാജ് ബോമ്മൈ, ബംഗളൂരുവിലെ ഭഗവാന്‍ മാരുതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്ന് ബിജെപിയുടെ കേന്ദ്ര നിരീക്ഷകന്‍ ധര്‍മേന്ദ്ര പ്രധാനെയും യെദിയൂരപ്പയെയും സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബസവരാജിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നിയമനിര്‍മാണത്തിലെയും ഭരണത്തിലെയും അനുഭവം മുതല്‍ക്കൂട്ടാവുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. യെദിയൂരപ്പ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു ബൊമ്മെ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബൊമ്മെയുടെ പേര് യെദിയൂരപ്പയാണു നിര്‍ദേശിച്ചത്.

ലിംഗായത്ത് നേതാവും യെദിയൂരപ്പയുടെ വിശ്വസ്തനുമായ ബൊമ്മെയെ ഇന്നലെ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ നിയമസഭകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എസ് ആര്‍ ബൊമ്മെയുടെ മകനാണു ബസവരാജ് ബൊമ്മെ. ജനതാദളിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച ബസവരാജ് 2008ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഹവേരി ജില്ലയിലെ ഷിഗാവോണില്‍നിന്ന് രണ്ടുതവണ എംഎല്‍സിയും മൂന്നുതവണ എംഎല്‍എ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2008ല്‍ യെദിയൂരപ്പ മന്ത്രിസഭയില്‍ ജലസേചന വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് സഹകരണം, പാര്‍ലമെന്റി കാര്യം, നിയമം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1960 ജനുവരി 28നാണു ജനനം. 1956നുശേഷം കര്‍ണാടകയിലെ 21 മുഖ്യമന്ത്രിമാരില്‍ ഒമ്പതുപേര്‍ ലിംഗായത്ത് വിഭാഗക്കാരാണ്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളില്‍ 90 എണ്ണത്തില്‍ ലിംഗായത്ത് വിഭാഗത്തിനു നിര്‍ണായക സ്വാധീനമുണ്ട്.

Next Story

RELATED STORIES

Share it