Sub Lead

ഭീമാ കൊറേഗാവ് കേസ്: വീട്ടുതടങ്കല്‍ അനുവദിക്കണം; ഗൗതം നവ്‌ലാഖയുടെ ഹരജിയില്‍ ഇന്ന് സുപ്രിംകോടതി വിധി

ഭീമാ കൊറേഗാവ് കേസ്: വീട്ടുതടങ്കല്‍ അനുവദിക്കണം; ഗൗതം നവ്‌ലാഖയുടെ ഹരജിയില്‍ ഇന്ന് സുപ്രിംകോടതി വിധി
X

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ വീട്ടുതടങ്കല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ആരോഗ്യനില കണക്കിലെടുത്ത് വീട്ടുതടങ്കല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. പൂര്‍ണതടങ്കല്‍ സ്വഭാവത്തില്‍ത്തന്നെ വീട്ടുതടങ്കല്‍ അനുവദിക്കാമെന്നാണ് ഹരജിയില്‍ ഒരുമണിക്കൂര്‍ വാദം കേട്ട ശേഷം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഗൗതം നവ്‌ലാഖയുടെ ആരോഗ്യസ്ഥിതി വളരെ മോശം അവസ്ഥയിലാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും വിചാരണ ആരംഭിക്കാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, നവ്‌ലാഖയെ കര്‍ശന ഉപാധികളോടെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്ന നിര്‍ദേശത്തെ എന്‍ഐഎ ശക്തമായി എതിര്‍ത്തു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയും രാജ്യത്തെ നശിപ്പിക്കാനും ശ്രമിക്കുന്നയാളാണെന്നും വീട്ടുതടങ്കല്‍ അനുവദിക്കരുതെന്നുമായിരുന്നു എന്‍ഐഎയുടെ അഭിഭാഷകനായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞത്. രാജ്യത്തെ നശിപ്പിക്കുന്നത് അഴിമതിക്കാരാണെന്നും അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കൂ എന്നുമായിരുന്നു ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ പ്രതികരണം. വീട്ടുതടങ്കലിലായിരിക്കുമ്പോള്‍ നവ്‌ലാഖയ്ക്ക് നല്‍കാവുന്ന വ്യവസ്ഥകളുമായി കോടതിയിലെത്താന്‍ അഭിഭാഷകനോട് കോടതി പറഞ്ഞു.

തുടര്‍ന്ന് വാദം കേള്‍ക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. രാജ്യത്തെ നശിപ്പിക്കുന്നത് ആരാണെന്ന് നിങ്ങള്‍ക്കറിയാം, അഴിമതിക്കാരാണ്. എല്ലാ ഓഫിസുകളിലും കയറിയാലും പുറത്തായാലും അഴിമതിയുണ്ട്. അഴിമതിക്കാര്‍ക്കെതിരേ ആരാണ് നടപടിയെടുക്കുക? ആരുമില്ല,' ജസ്റ്റിസ് ജോസഫ് തിരിച്ചടിച്ചു. തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ ജനപ്രതിനിധികളെ വാങ്ങാന്‍ ആളുകള്‍ കോടിക്കണക്കിന് രൂപ വിലപേശുന്ന വീഡിയോ കണ്ടു. അവര്‍ രാജ്യം നശിപ്പിക്കുന്നില്ല എന്നാണോ നിങ്ങള്‍ പറയുന്നത് ? അഴിമതി വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ കേസെടുക്കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചപ്പോള്‍, അവര്‍ ആഹ്ലാദത്തോടെ മുന്നോട്ടുപോവുകയും കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നുവെന്നായിരുന്നു ജഡ്ജിയുടെ മറുപടി.

അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കണമെന്ന് കോടതി പറഞ്ഞപ്പോള്‍, 70 വയസ്സുള്ള ഒരാള്‍ക്കുണ്ടാവുന്ന സാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമേ നവ്‌ലാഖയ്ക്കുള്ളൂവെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതാണെന്ന് തോന്നുന്നില്ലെന്ന് ബെഞ്ച് അഭിഭാഷകനെ അറിയിച്ചു. അദ്ദേഹം തടവിലുള്ള തലോജ ജയിലിലെ ആശുപത്രിയില്‍ ചികില്‍സിക്കാന്‍ കഴിയുന്ന രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും മാത്രമേയുള്ളൂവെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. നിങ്ങളുടെ ഭക്ഷണക്രമം നിങ്ങള്‍ നിയന്ത്രിക്കുകയാണെങ്കില്‍ ആരോഗ്യം നിയന്ത്രിക്കാവുന്നതാണ്. വീട്ടുതടങ്കല്‍ ആവശ്യപ്പെടുന്ന ഒന്നല്ല ഇത്.

ഞങ്ങള്‍ ഒരു മെത്തയും കട്ടിലുെല്ലാം നല്‍കും. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ അനുവദിക്കാം. നവ്‌ലാഖയെ ജയിലില്‍ തുടരാന്‍ അനുവദിക്കുന്നതിന് ജഡ്ജിമാരെ ബോധ്യപ്പെടുത്താന്‍ ഈ വാദങ്ങളെല്ലാമാണ് സോളിസിറ്റര്‍ ജനറല്‍ നിരത്തിയത്. 2018ലെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായത് മുതല്‍ നവ്‌ലാഖ ജയിലിലാണ്. മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തിയാണ് അദ്ദേഹത്തെ തടങ്കലിലാക്കിയത്. സഹോദരിയുടെ വീട്ടിലേക്ക് മാറ്റണമെന്ന അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്. ത്വക്ക് അലര്‍ജിയും ദന്തപ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള ഗുരുതരമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും കാന്‍സര്‍ പരിശോധനയ്ക്ക് അനുവദിക്കണമെന്നുമായിരുന്നു നവ്‌ലാഖ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Next Story

RELATED STORIES

Share it