Sub Lead

ഭീമാ കൊറെഗാവ് കേസുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുനരവലോകനം ചെയ്യും

ഭീമാ കൊറെഗാവ് കേസുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുനരവലോകനം ചെയ്യും
X

മുംബൈ: 2018ലെ ഭീമാ കൊറെഗാവ് അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖ് പുനരവലോകനം ചെയ്യും. വ്യാഴാഴ്ച നടക്കുന്ന അവലോകന യോഗത്തിലേക്ക് പുനെ പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിപ്പിച്ചിട്ടുണ്ട്. സംഭവങ്ങളുടെ തെളിവുകളെക്കുറിച്ച് പോലിസില്‍ നിന്ന് വിശദീകരണം ശേഷം അവലോകനം ചെയ്ത് കേസില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളോട് വിയോജിപ്പുള്ളവരെയെല്ലാം നഗര നക്‌സലുകളെന്നാണ് മുന്‍ സര്‍ക്കാര്‍ മുദ്രകുത്തിയിട്ടുള്ളത്. എന്നാല്‍ നിലവിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ഭരണകൂടം ആ വഴിക്ക് പോവില്ലെന്നും മറാത്തി ദിനപത്രമായ 'ലോക്‌സത്ത'യോട് പറഞ്ഞു. എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ജനാധിപത്യത്തില്‍ അവകാശമുണ്ട്. ഭീമാ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനെക്കുറിച്ച് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ മുഖേന ഇക്കാര്യം അവലോകനം ചെയ്ത് തീരുമാനമെടുക്കുമെന്നും ദേശ്മുഖ് പറഞ്ഞു.

ദലിതരും മറാത്തികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ദലിതുകള്‍ വിജയിച്ചതിന്റെ 200ാം വാര്‍ഷികാചരണത്തിനിടെ 2018 ജനുവരി ഒന്നിനു പൂനെ ജില്ലയിലെ ഭീമാ കൊറെഗാവില്‍ സംഘര്‍ഷമുണ്ടായ സംഭവത്തിലാണ് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചത്. 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പാരീസില്‍ പ്രസംഗിച്ച രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരേ പോലും പൂനെ പോലിസ് കേസെടുത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പിറ്റേന്ന് നടന്ന സംഘര്‍ഷത്തിന് കാരണമായത് ഇവരുടെ പ്രസംഗങ്ങളാണെന്ന് ആരോപിച്ചാണ് പോലിസ് പലരെയും അറസ്റ്റ് ചെയ്തത്. മാത്രമല്ല, സംഘാടകര്‍ക്ക് നക്‌സല്‍ ബന്ധമുണ്ടെന്നായിരുന്നു പോലിസ് അവകാശവാദം. ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ 2018 ആഗസ്ത്, സപ്തംബര്‍ മാസം മുതല്‍ 10ലേറെ പേരാണ് വിചാരണ നേരിടുന്നത്.




Next Story

RELATED STORIES

Share it