Sub Lead

ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുകയാണ് ലക്ഷ്യം: വൈറ്റ് ഹൗസ്

ഈ ഭരണത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ക്യൂബയിലെ ഗ്വാണ്ടനാമോ ദ്വീപിലുള്ള യുഎസ് അധീനതയിലുള്ള കുപ്രസിദ്ധ ജയില്‍ അടച്ചുപൂട്ടുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി മാധ്യമങ്ങളോട് പറഞ്ഞു.

ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുകയാണ് ലക്ഷ്യം: വൈറ്റ് ഹൗസ്
X

വാഷിങ്ടണ്‍: ഭീകര വേട്ടയുടെ മറവില്‍ നിരപരാധികളായ നിരവധി മുസ്‌ലിം യുവാക്കളെ തടവിലാക്കി ക്രൂരമായ പീഡിപ്പിച്ച ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്ന വാഗ്ദാനവുമായി യുഎസിലെ ഡമോക്രാറ്റ് ഭരണകൂടം.ഈ ഭരണത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ക്യൂബയിലെ ഗ്വാണ്ടനാമോ ദ്വീപിലുള്ള യുഎസ് അധീനതയിലുള്ള കുപ്രസിദ്ധ ജയില്‍ അടച്ചുപൂട്ടുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഒബാമ ഭരണകൂടം രണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഗ്വണ്ടാനമോ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരുന്നു.

ക്യൂബയിലെ ഗ്വാണ്ടനാമോ ദ്വീപില്‍ കടുത്ത നിയന്ത്രണങ്ങളോടെ 2002ല്‍ അമേരിക്ക സ്ഥാപിച്ച ജയിലാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ നീക്കം ആരംഭിച്ചത്. അടുത്ത് തന്നെ ഇതിനുള്ള ഉത്തരവില്‍ ബൈഡന്‍ ഒപ്പുവെക്കുമെന്നാണ് സൂചന. ഇതിന്റെ പ്രാഥമിക നടപടികള്‍ക്കായി ഔദ്യോഗിക അവലോകന പ്രക്രിയ ആരംഭിച്ചെന്നു വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ജി.ടി.എം.ഒ എന്നും ഗിറ്റ്‌മോ എന്നും വിളിക്കപ്പെടുന്ന തടവറയില്‍ അല്‍ഖാഇദ, താലിബാന്‍ ബന്ധമാരോപിച്ച് ആരംഭ വര്‍ഷത്തില്‍ മാത്രം 680 പേരെയാണ് എത്തിച്ച് കൊടിയ പീഡനങ്ങള്‍ക്കിരയാക്കിയത്.

വര്‍ഷങ്ങള്‍ നീണ്ട ക്രൂരതകള്‍ക്കൊടുവില്‍ തടവുകാരില്‍ ഭൂരിപക്ഷം പേരെയും സ്വദേശത്തേക്ക് നാടുകടത്തുകയോ മരിക്കുകയോ ചെയ്തു. എന്നാല്‍, ഇവിടെ ഇപ്പോഴും 40 പേര്‍ അനിശ്ചിത കാല തടവില്‍ തുടരുന്നുണ്ട്. 2001 സെപ്റ്റംബറില്‍ യുഎസിലെ ലോക വ്യാപാര കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിന് പിന്തുണ നല്‍കിയെന്നും ആസൂത്രണത്തില്‍ പങ്കാളികളായെന്നും ആരോപിച്ചാണ് ഇവരെ തുറങ്കിലടച്ചത്.

ബൈഡന്‍ ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ടെങ്കിലും തടവറ അടച്ചുപൂട്ടല്‍ വേഗത്തിലാകില്ലെന്ന് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് എമിലി ഹോണ്‍ പറഞ്ഞു. രാഷ്ട്രീയ നിയമ പ്രശ്‌നങ്ങള്‍ ഒരുപോലെ ബൈഡന്റെ നീക്കത്തിനു മുന്നില്‍ തടസ്സമായി നില്‍ക്കുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it