Sub Lead

ബിഹാര്‍ ഡയറി-2: വ്യത്യസ്തമായ കാഴ്ചകൾ, കണ്ണുകള്‍ നിറയുന്ന ജീവിതങ്ങള്‍

ബിഹാര്‍ ഡയറി-2:   വ്യത്യസ്തമായ കാഴ്ചകൾ, കണ്ണുകള്‍ നിറയുന്ന ജീവിതങ്ങള്‍
X

-ആദിലാ ബാനു ടി

കുട്ടികള്‍ റോഡ് എന്നോ വഴി എന്നോ ഇല്ലാതെ വഴിയോരങ്ങളില്‍ ഓടിക്കളിക്കുന്നു. ചില കുട്ടികള്‍ മണ്ണ് തിന്നുന്നു. അവരെ നോക്കാന്‍ അവരുടെ മാതാപിതാക്കളൊന്നും ഇല്ല. ചക്രമുരുട്ടിയും മറ്റുകളികളിലും ഏര്‍പ്പെട്ട് ചിലര്‍. കുട്ടികളുടെ കളി കാണുമ്പോള്‍ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കാഴ്ചകള്‍.


ഗ്രാമത്തിലെ മിക്ക കുട്ടികളും ചെറിയ ഒരു ടൗസറും ബനിയനും മാത്രം ധരിച്ചത് കാണാം. ചിലര്‍ക്ക് അതുമില്ല. അധിക കുട്ടികളുടെയും ശരീരമാസകലം ചെളിയും മുടി ജഡ പിടിച്ചും നഖങ്ങളില്‍ ചെളിയും പല്ലുകള്‍ മഞ്ഞയും കറുപ്പും. മൂക്കില്‍ നിന്ന് നീരുറവ പോലെ ഒലിച്ച് ചെളിപുരണ്ടു കിടക്കുന്ന മുഖം. ശരീരമാസകലം ഒരു തരത്തിലുള്ള ദുര്‍ഗന്ധം അവരില്‍ നിന്ന് വന്ന് കൊണ്ടേ ഇരിക്കുന്നു. ചെളി നിറഞ്ഞ, തീര്‍ത്തും വൃത്തിഹീനമായ വെള്ളത്തില്‍ ചാടി വന്നത് കൊണ്ടാണ് ആ ഗന്ധം അവരില്‍. ഒരു മാതാവിനും പിതാവിനും അവരുടെ മക്കളുടെ കാര്യത്തില്‍ സ്വപ്നങ്ങളോ ആശങ്കകളോ വേവലാതികളോ ശ്രദ്ധയോ ഒന്നുമില്ല, അവരങ്ങനെ ഇഷ്ടാനുസരണം അയഞ്ഞ് നടക്കുന്നു.


ഇവിടെ 38 ജില്ലകളാണ്. അപ്പോള്‍ അത്രയും വിശാലമായി കിടക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. ഗ്രാമത്തിന്റെ ഉള്ളിലേക്ക് പോയാല്‍ ഒറ്റനില വീടുകളാണ് എങ്ങും. പലതും ഓല കൊണ്ട് മേഞ്ഞ വീടുകള്‍, മുളയും പട് വ(ജൂട്ട് )യുടെ കമ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച വീടുകള്‍, ചെളി കൊണ്ട് നിര്‍മിച്ച വീടുകള്‍. ഇതൊക്കെയാണ് കൂടുതലും ഇവിടെ കാണാന്‍ കഴിയുക. ചില വീടുകള്‍ ഇഷ്ടിക കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളതെങ്കിലും ചുമരൊന്നും തേച്ചിട്ടില്ല. അതായത് ഏത് വീട് നോക്കിയാലും നമ്മളെ നാട്ടിലെ വീടിന്റെ ഒരു സ്ട്രക്ചര്‍ കാണില്ല. അവര്‍ക്ക് അവരുടേതായ വാസ്തു സങ്കല്‍പങ്ങള്‍ ഉണ്ട്. അത് നമ്മുടേതില്‍ നിന്ന് വളരെ അകലെ നില്‍ക്കുന്ന സങ്കല്‍പ്പമാണ്.

മിക്ക വീടിന്റെ മുമ്പിലും കാന്നുകാലികളെ വളര്‍ത്തുന്നത് കാണാം. പശുക്കളും ആടുകളുമെല്ലാം ഗ്രാമത്തിന്റെ അഭിവാജ്യഘടകമാണ്. അത് പോലെ തന്നെ ഗ്രാമത്തിലുള്ള ഭൂരിപക്ഷം വീടുകളിലും ശൗചാലയ സൗകര്യം ഇല്ല. 10 ശതമാനത്തില്‍ 2 ശതമാനം വീട്ടുകളില്‍ മാത്രമേ ശൗചാലയ സൗകര്യമുള്ളൂ. മുളംകാടുകളും വയലുകളും ചെറിയ തോട്ടിന്‍ കരകളുമാണ് ഇവരുടെ ശൗചാലയങ്ങള്‍.


കുട്ടികള്‍ കൃത്യമായി എല്ലാ ദിവസവും സ്‌കൂളില്‍ പോകുന്നത് വളരെ കുറവാണ്. അതിന്റെ കുറ്റക്കാര്‍ കുട്ടികള്‍ മാത്രമല്ല, അവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും കൂടിയാണ്. എല്ലാ ദിവസം സ്‌കൂളില്‍ ടീച്ചര്‍മാര്‍ വന്നാല്‍ മാത്രമല്ലേ, സ്‌കൂളുകളില്‍ കുട്ടികള്‍ വരികയുള്ളൂ. ഇതില്‍ നിന്നൊക്കെ ഉള്ള ഒരു മാറ്റത്തിന് വേണ്ടിയാണ് റിഹാബ് അവിടെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. റിഹാബ് അരേരിയ ജില്ലകളിലെ ഗ്രാമങ്ങള്‍ ദത്തെടുത്തിട്ട് രണ്ട് വര്‍ഷം തികയുന്നൊള്ളൂ , അതില്‍ ഒരു വര്‍ഷം കോവിഡ് മഹാമാരിയും ലോക് ഡൗണും കൊണ്ട് പോയി. റിഹാബിന്റെ പ്രവര്‍ത്തകര്‍ ഈ കുറഞ്ഞ സമയം കൊണ്ട് ഗ്രാമത്തിലെ 80% ശതമാനം വരുന്ന 6 മുതല്‍ 14 വയസ്സ് വരെ കുട്ടികളെ എല്ലാം സ്‌കൂളുകളില്‍ അഡ്മിഷന്‍ എടുപ്പിച്ചു.


തപ്‌കോല്‍ എന്ന ഗ്രാമത്തിലെ ഒരു മരക്കടയില്‍ ഒരു 12 വയസ്സ്‌കാരന്‍ അമീര്‍ എന്ന കുട്ടിയോട് , നീ എത്രാം ക്ലാസ്സിലാ പഠിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ ഒന്നാം ക്ലാസ്സില്‍ നിന്ന് നിര്‍ത്തിയെന്നാ അവന്‍ എന്നോട് പറഞ്ഞത്. കേട്ടപ്പോള്‍ സങ്കടം തോന്നി. ഇങ്ങനെ എത്ര എത്ര കുട്ടികളാണ് പഠിക്കാന്‍ പോകാതെ ചെറു പ്രായത്തില്‍ തന്നെ ജോലിക്ക് പോകുന്നത് ഇന്നത്തെ കാലത്തും.

ഇങ്ങനെയല്ലാം മനുഷ്യര്‍ ജീവിക്കുന്നുണ്ടല്ലോ എന്നതില്‍ സങ്കടം തോന്നി. എന്ത് കൊണ്ട് ഈ ഗ്രാമത്തിലൊന്നും വികസനം വരുന്നില്ലാ?.എന്ത് കൊണ്ട് സര്‍ക്കാര്‍ ഇവരെ തിരിഞ്ഞു നോക്കുന്നില്ല?. എന്ത് കൊണ്ട് ഒരു നല്ല പ്രാഥമികാരോഗ്യ കേന്ദ്രമില്ല?, എല്ലാ സൗകര്യങ്ങളോട് കൂടിയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്ലാ?. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ നിരന്തരം ചോദിച്ചു.

ഒടുവില്‍ ഞാന്‍ ഉത്തരം കണ്ടത്തി. ലളിതമാണ്, ഗ്രാമത്തിലുള്ള ആളുകള്‍ക്ക് അധികാരത്തില്‍ ഇരിക്കുന്നവരെ ചോദ്യം ചെയ്യാന്‍ ഭയമാണ്. എന്തിന് പറയണം ഒരു വാര്‍ഡ് മെംബറെ വരെ ചോദ്യം ചെയ്യാന്‍ ഭയം. അതേ, ഇന്ത്യയുടെ ഗ്രാമീണ അതസ്ഥിത മക്കള്‍ ഭയത്തിലാണ്, അത് പോലെ തന്നെ വിശപ്പിലും.

വിശപ്പില്‍ നിന്ന് മോചിപ്പിക്കുക ചിലപ്പോള്‍ പെട്ടെന്ന് സാധ്യമാവും, എന്നാല്‍ ഭയത്തില്‍ നിന്നുള മോചനം അവര്‍ക്ക് പകര്‍ന്ന് നല്‍കേണ്ടതാണ്. അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍, ഭയമില്ലാതെ തന്റെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നവന്റെ കൈക്ക് പിടിക്കാന്‍, അവനെ ചോദ്യം ചെയ്യാന്‍, ഇതെല്ലാം അവരില്‍ എന്നാണ് ഉണ്ടായിത്തീരണം. അന്ന് അവരുടെ ഈ അവസ്ഥകള്‍ക്ക് മാറ്റമുണ്ടാവും.


പഞ്ചായത്ത് തലത്തിലുള്ള ഇലക്ഷന്‍ നടക്കുന്ന സമയത്താണ് ഞാന്‍ ഇവിടങ്ങളില്‍ സന്ദര്‍ശിക്കുന്നത്. സ്വാധീനമുള്ളയാള്‍ പണം നല്‍കി വിജയിക്കുന്നു. പരിചയപെട്ട ചില വാര്‍ഡ് തലത്തിലുള്ള സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞത് 7 ലക്ഷം രൂപ ചെലവുണ്ട് 8 ലക്ഷം ചെലവുണ്ടെന്നാണ്. ചില സ്ഥാനാര്‍ത്ഥികള്‍ മറ്റുളവര്‍ കൊടുക്കുന്നത് കൊണ്ട് അവരും ഓരോ വീട്ടിലും 500, 1000, 2000 എന്നിങ്ങനെ നല്‍കുന്നു. അവര്‍ പറഞ്ഞതനുസരിച്ച് മുഖ്യ സ്ഥാനാര്‍ത്ഥി 20 ഉം 25 ലക്ഷമെല്ലാം ചെലവാക്കുന്നു. അതിന്റെ ആറിരട്ടി അവര്‍ ഈ മാര്‍ഗത്തില്‍ സമ്പാദിക്കുകയും ചെയ്യും. ഒരു മറയുമില്ലാതെയാണ് അവര്‍ അധികപേരും ഇതെല്ലാം പറയുന്നത്. ഇതാണ് ഇവിടുത്തെ അവസ്ഥ. പിന്നെ എങ്ങനെയാണ് വികസനം വരുന്നത്. ആരെങ്കിലും നല്ലത് പോലെ പൈസ ഒന്നും കൊടുക്കാതെ വോട്ടിന് നിന്നാല്‍ അവനനുഭവിക്കുന്ന പരിഹാസവും മാറ്റി നിര്‍ത്തലുകളും കണ്ടറിയാന്‍ കഴിഞ്ഞു. സിസ്റ്റവും ജനങ്ങളുമെല്ലാം കുറ്റക്കാരാണ്. പെട്ടെന്നുള്ള ഒരു മാറ്റമൊന്നും സാധ്യമല്ല, സമയമെടുത്തുള്ള മാറ്റത്തിന് നമുക്ക് കാത്തിരിക്കാം. വിദ്യാസമ്പന്നരായ ഒരു ജനത ഈ സിസ്റ്റമെല്ലാം പൊളിച്ചെഴുതും ഒരു ദിവസം. ആ നാള്‍ പ്രതീക്ഷയോടെ നമ്മുക്ക് സ്വപ്നം കാണാം.

ഗ്രാമത്തില്‍ ഓരോ രണ്ട് മണിക്കൂറിലും കറന്റ് പോയി കൊണ്ടിരിക്കുന്നു. അതില്‍ ദേഷ്യപ്പെട്ട എന്നോട് ആബിദക്കയും ഇര്‍ഷാദ്ക്കയുമെല്ലാമാണ്

പറഞ്ഞത്. അവരൊന്നും വന്ന സമയത്ത് 4 വര്‍ഷം മുന്നേ ഒരുപാട് ഗ്രാമങ്ങില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല എന്നും ഇപ്പോള്‍ രണ്ട് മണിക്കൂര്‍ ഇല്ലേ, അന്നൊക്കെ ഓരോ ഒരു മണിക്കൂര്‍ ഇടവിട്ടായിരുന്നെന്നും പരിഹാസത്തോടെയുള്ള പറച്ചിലും. അരാരിയ ജോക്കിഹട്ട് റോഡില്‍ രണ്ട് പണി തീരാത്ത പാലങ്ങള്‍ കാണിച്ച് തന്നു. 2017 ലെ പ്രളയത്തില്‍ പൊട്ടിപ്പൊളിഞ്ഞു വീണ പാലമാണ്. ഇത് വരെയും അത് ശരിയാക്കിയിട്ടില്ല. വഹനങ്ങള്‍ നദിയിലൂടെ ഇറങ്ങി വേണം പോവാന്‍. വെള്ളം വന്നാല്‍ പിന്നെ അങ്ങോട്ടേക്ക് യാത്രയില്ല. ഇത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയുന്നില്ല. മുന്‍ എംഎല്‍എ തന്നെയാണ് ഇപ്പോഴത്തെ എംഎല്‍എയും അന്ന് ആര്‍ജെഡി ആയിരുന്നങ്കില്‍ ഇന്ന് എം ഐഎംഐഎം.വ്യക്തി മാറിയില്ല പാര്‍ട്ടി മാത്രമാണ് മാറിയത്. അപ്പോള്‍ പിന്നെ ഇങ്ങനെയല്ലെ വരൂ. എന്നാണാവോ അങ്ങനെയൊരു പാലം ഇനിയവിടെ വരിക. എന്നാണോ ഗ്രാമവാസികള്‍ ഭയം എന്ന രണ്ടക്ഷരം മാറ്റിവക്കുന്നത് അന്ന് മാത്രമേ ഇവിടെ വികസനം വരുകയുള്ളൂ.

ഇവിടെയാണ് റിഹാബ് പോലെയുള്ള സ്വതന്ത്ര എന്‍ജിഒകള്‍ പ്രസക്തമാകുന്നത്. റിഹാബ് 2012 ജൂലൈയില്‍ തുടങ്ങിയതാണ്. എനിക്ക് കൂടുതലൊന്നും റിഹാബിനെ കുറിച്ച് അറിയില്ലായിരുന്നു. റിഹാബിന്റെ ഫേസ്ബുക്ക് വാളില്‍ കാണുന്ന വിവരങ്ങളേ എനിക്കും ആദ്യമൊക്കെ കിട്ടിയിരുന്നുള്ളൂ. റിഹാബ് എന്താണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ ഒരു പ്രാവശ്യമെങ്കിലും ബിഹാര്‍, അസം, ബംഗാളിലൊക്കെ ഒന്ന് വരണം. റിഹാബിന്റെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണം. കുട്ടികളുടെ പഠനം, ഗ്രാമത്തിന്റെ സുസ്ഥിരമായ വികസനം, സ്ത്രീ ശക്തീകരണം, മെഡിക്കല്‍ ക്യാംപ് എന്നിവയൊക്കെയാണ് റിഹാബിന്റെ ദൗത്യങ്ങള്‍.


ഒരു ദിവസം റിഹാബിന്റെ മെഡിക്കല്‍ ക്യാംപിന് ഞാനും പോയി. ഓരോ രണ്ട് മാസത്തിലും ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാംപ് റിഹാബ് നടത്താറുണ്ട്. ഒരു ദിവസം 70 90 പേരെ ചികില്‍സിക്കാറുണ്ട്. ഗ്രാമത്തിലുള്ളവര്‍ക്ക് ഡോക്ടറെക്കാളും നമ്മളോരോരുത്തരേക്കാളും മരുന്നുകളുടെ പേരുകള്‍ അറിയാം. നമ്മുടെ നാട്ടിലെ എത്ര സാധാരണക്കാര്‍ക്കറിയും ഓരോ മരുന്നും ഏതെല്ലാം രോഗത്തിന്നുള്ളതാണെന്ന്. പക്ഷേ, ഗ്രാമങ്ങളിലെ ഈ ജനങ്ങള്‍ക്ക് അത് നന്നായി അറിയാം. അത് അത്ര നല്ല കാര്യമായി ഞാന്‍ കാണുന്നില്ല. അവര്‍ക്ക് ഇത്രത്തോളം മരുന്നുകളുടെ പേരുകള്‍ അറിയാന്‍ കാരണം അവരും രോഗങ്ങളും തമ്മിലുള്ള നിരന്തരമായ ബന്ധമാണ്.

വിവിധ തരത്തിലുള്ള ചൊറിയാണ് ഇവിടങ്ങളിലെ പ്രധാന രോഗം. പക്ഷേ, ആ ചൊറി ഇവരില്‍ നിന്ന് അകന്ന് പോകില്ല. വ്യത്തിയോടെയുള്ള ഒരു സാഹചര്യമെന്നാണോ ഈ ഗ്രാമങ്ങളില്‍ ഒരുങ്ങുന്നത് അന്ന് ഈ ചൊറികളെല്ലാം ഇല്ലാതാകും. റിഹാബിന്റെ മെഡിക്കല്‍ വാഹനത്തില്‍ വിവിധ ക്വാളിറ്റിയിലുള്ള ചൊറിയുടെ മരുന്നുകള്‍ ഉണ്ട്. ചെറിയ കുട്ടികള്‍ വരെ ഈ രോഗത്തിന്റെ അടിമകളാണ്. ചെറിയ ചെറിയ കുട്ടികള്‍ വലിയ സൈക്കിളുകള്‍ ഓടിക്കുന്നത് കാണാന്‍ തന്നെ രസമാണ്. അവര്‍ക്ക് കാല് എത്തിയിട്ടില്ലെങ്കിലും അവര്‍ അതിന്റെ നടുവിലൂടെ കാലുകള്‍ ഇട്ട് സൈക്കിള്‍ ചവിട്ടും. അവരുടെ കലാ വിരുന്നാണ് അതില്‍ വ്യക്തമാകുന്നത്.

അത് പോലെ തന്നെ, ഞാന്‍ ഇതുവരെയും കാണാത്ത മറ്റൊരു പുതിയ കാഴ്ച ബിഹാറില്‍ കണ്ടു. ജൂട്ടുകളുടെ നിര്‍മ്മാണം. തീരെ ബലമില്ലാത്ത പട് വ ചെടികളില്‍ നിന്ന് ജൂട്ട് കയറുകള്‍ ഉണ്ടാക്കുന്ന രീതി. മഴയും വെയിലും ഉള്ള ആഗസ്ത്‌സെപ്തംബര്‍ മാസങ്ങളില്‍ ഈ സ്ഥലങ്ങളിലെ ഒരു വലിയ വ്യവസായമാണ് ഇത്. ഇന്ത്യയിലെ ജൂട്ട് വ്യവസായങ്ങളുടെ വലിയ ഒരു കേന്ദ്രവും കൂടിയാണ് ഈ പ്രദേശങ്ങളെല്ലാം. ഗ്രാമങ്ങളിലെ വയലുകളില്‍ ചേറിലും നദിക്കരയിലും മുഴുവന്‍ ഈ പട് വ ചെടികള്‍ തന്നെയാണ്. ഭൂമിക്കടിയിലെ വെള്ളത്തിന്റെ തോത് കൂടിയ സ്ഥലമാണ് ബിഹാറിലെ അരാരിയ ജില്ലയെല്ലാം. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും വലിയ തോതില്‍ തന്നെ പ്രളയം വരുന്ന പ്രദേശമാണിത്.

അരാരിയ ജില്ലയിലെ പലാസി ബ്ലോക്കിലെ സൊഹദി ചര്‍ബന, ജര്‍മ്മാബാരി, ബംഗവാന്‍, സര്‍ഫത് ടോള അത് പോലെ ജോകിഹട്ട് ബ്ലോക്കിലെ അര്‍ത്തിയ, ബോരിയ, ദര്‍ശന, പത്രാബാരി, അജുവ, തപ്‌കോല്‍, കതിഹാര്‍ ജില്ലയിലെ ബാന്‍സിബാരി, ടുകിയ ടോള എന്നീ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ റിഹാബിലൂടെ അവസരം ലഭിച്ചു.

(അവസാനിക്കുന്നില്ല)

Next Story

RELATED STORIES

Share it