- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബില്‍ക്കീസ് ബാനു ഒന്നേയുള്ളൂ...
'ഇന്‍സാന്‍ പൈദാ നഹീ ഹോനാ ചാഹിയേ' 2002ലെ ഗുജറാത്ത് വംശഹത്യയുടെ ഭീതിനിറഞ്ഞ നാളുകളിലൊന്നില്‍ നരാധമന്മാരുടെ ആക്രമണത്തിനിരയായ സബേര എന്ന ഗുജറാത്തി മുസ്‌ലിം യുവതിയുടെ ഈ വാക്കുകള്‍ വര്‍ഷം 22 കഴിഞ്ഞിട്ടും ഒരായിരം മുനകളുള്ള, രക്തം പുരണ്ട ചോദ്യമായി മനസ്സില്‍ ആഞ്ഞു തറയ്ക്കുകയാണ്. അതെ, മനുഷ്യര്‍ പിറക്കരുത് എന്ന് ആ സഹോദരിയെ പോലെ നിരവധി സ്ത്രീകള്‍ ചിന്തിച്ചു പോയ അഭിശപ്ത നിമിഷങ്ങളായിരുന്നു അത്. 2002 ലെ ഗുജറാത്ത് വംശഹത്യയുടെയും സ്ത്രീവേട്ടയുടെയും ഇരകളായി സബേരയെ പോലെ നിരവധി പേരുണ്ടാവാം. പക്ഷേ, ബില്‍ക്കീസ് ബാനു ഒന്നേയുള്ളൂ. എല്ലാം കൈവിട്ടു പോയി എന്നു കരുതിയിരുന്നിടത്തുനിന്ന് ജീവിതത്തിലേക്കു മെല്ലെമെല്ല തിരിച്ചു കയറിയ ബില്‍ക്കീസ് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ നിരാശയുടെ ഇരുള്‍ കയത്തില്‍ മുങ്ങുകയല്ല, നിശ്ചയദാര്‍ഢ്യത്തിന്റെ തീപ്പന്തമായി മാറുകയായിരുന്നു.
വര്‍ഗീയോന്മാദം ബാധിച്ച അക്രമികളുടെ കണ്‍വെട്ടത്തു നിന്ന് എവിടേക്കെങ്കിലും രക്ഷപ്പെടാന്‍ മൂന്നു വയസ്സുള്ള കുട്ടിയും കുടുംബാംഗങ്ങളുമൊത്ത് പലായനം ചെയ്തതാണ് ബില്‍ക്കീസ് ബാനു. അന്നവള്‍ക്ക് പ്രായം 21 വയസ്സ്. അഞ്ചുമാസം ഗര്‍ഭിണിയുമായിരുന്നു. അക്രമികള്‍ അവളെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും കുട്ടിയുള്‍പ്പെടെ കുടുംബത്തിലെ 14 പേരെ കൊന്നുതള്ളുകയും ചെയ്തു. മരിച്ചെന്നു കരുതി വേട്ടനായ്ക്കള്‍ ഉപേക്ഷിച്ചു പോയ ബില്‍ക്കീസില്‍ പക്ഷേ, ജീവന്റെ തുടിപ്പുകള്‍ അവശേഷിച്ചിരുന്നു. നീതിക്കുവേണ്ടി ഉള്‍ക്കരുത്തോടെ പോരാടാനുള്ള നിയോഗമായിരിക്കാം ജീവിതത്തിലേക്കുള്ള അവളുടെ ആ തിരിച്ചു വരവ്. ബില്‍ക്കീസ് ബാനുവിന്റെ നിയമ പോരാട്ടത്തിനൊടുവില്‍ കുറ്റവാളികള്‍ക്ക് മഹാരാഷ്ട്രയിലെ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികള്‍ക്ക് ശിക്ഷയിളവ് നല്‍കി 2022 ആഗസ്റ്റ് 15 ന് ഗുജറാത്ത് സര്‍ക്കാര്‍ അവരെ ജയില്‍മോചിതരാക്കി. ബിജെപി ഭരണത്തിലുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ സുപ്രിംകോടതി ബെഞ്ച് ഇന്നത്തെ വിധിയിലൂടെ റദ്ദ് ചെയ്തത്. നീതിയുടെ ഈ വിജയം ബില്‍ ക്കീസ് ബാനുവിന്റേതെന്ന പോലെ ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീവര്‍ഗത്തിന്റെയും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മുഴുവന്‍ ഇന്ത്യക്കാരുടെയും വിജയമാണ്.
കുറ്റവാളികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷയിളവ് റദ്ദാക്കിയുള്ള പരമോന്നത കോടതിയുടെ വിധി. വിചാരണ നടന്നതും ശിക്ഷ വിധിച്ചതും മഹാരാഷ്ട്രയിലായതിനാല്‍ ആ സര്‍ക്കാരിനാണ് ശിക്ഷയിളവ് നല്‍കാന്‍ നിയമപരമായി അധികാരമുള്ളത്. കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിച്ചും അധികാര ദുര്‍വിനിയോഗം നടത്തിയുമാണ് ഗുജറാത്ത് സര്‍ക്കാര്‍ കുറ്റക്കാരെ മോചിപ്പിച്ചത്. ശിക്ഷിച്ചവര്‍ക്കെല്ലാം ഇളവ് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ഒരേ അച്ചില്‍ വാര്‍ത്തതു പോലെ ആയത് ഇതിനു തെളിവാണ്. കോടതി നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്നു. നിയമവാഴ്ചയാണ് പരിരക്ഷിക്കപ്പെടേണ്ടത്. സഹതാപത്തിനോ സഹാനുഭൂതിക്കോ നിയമവാഴ്ചയില്‍ സ്ഥാനമില്ല. ഇവിടെ നിയമവാഴ്ച ലംഘിക്കപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിയുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ അനുഛേദം 21 നിയമാനുസൃതമായി മാത്രമേ നിലനില്‍ക്കൂ. അതുകൊണ്ട് ശിക്ഷയിളവ് നല്‍കി മോചിപ്പിക്കപ്പെട്ടവരെ തിരികെ ജയിലിലേക്ക് അയക്കലാണ് നീതി. വിധി പ്രസ്താവനയില്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടി. വിട്ടയക്കപ്പെട്ടവരെ രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലില്‍ എത്തിക്കണമെന്നും കോടതി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അങ്ങേയറ്റം നിന്ദ്യമായ കുറ്റകൃത്യങ്ങള്‍ ശിക്ഷയിളവിന് പരിഗണിക്കപ്പെട്ടതില്‍ സുപ്രിംകോടതി അദ്ഭുതം കൂറി. പ്രതികള്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ശിക്ഷയിളവ് നല്‍കുന്നതിന് കര്‍ശനമായ കീഴ് വഴക്കങ്ങളുണ്ട്. ശരിയായ രീതിയിലും യുക്തിസഹമായ കാരണങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കണം ഇളവ് നല്‍കല്‍. സര്‍ക്കാരിന്റെ തീരുമാനം സ്വേച്ഛാപരമാകരുത്. കുറ്റകൃത്യത്തിന്റെ സ്വഭാവം അവഗണിച്ചു കൊണ്ടാവരുത് ശിക്ഷയിളവുകള്‍. ബില്‍ക്കീസ് ബാനു കേസില്‍ ഇതെല്ലാം നഗ്‌നമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം.
ഗുജറാത്ത് സര്‍ക്കാര്‍ നിശ്ചയിച്ച ഒരു പാനലുമായി കൂടിയാലോചിച്ചാണത്രേ 11 പേര്‍ക്കും ശിക്ഷയിളവ് നല്‍കിയത്. 'സംസ്‌കൃത മനസ്‌കരായ ബ്രാഹ്മണരാണ്' അവര്‍ എന്നാണ് പാനല്‍ അഭിപ്രായപ്പെട്ടത്. 'സംസ്‌കൃതചിത്തരായ' ബ്രാഹ്മണരായതു കൊണ്ട് അവര്‍ ഇത്തരം കുറ്റകൃത്യങ്ങളൊന്നും ചെയ്യില്ലെന്നായിരിക്കാം പാനലിലുള്ളവര്‍ പറഞ്ഞു വയ്ക്കുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ വിവേചനപരമായ ഔദാര്യത്തിന്റെയും അധികാര ദുരുപയോഗത്തിന്റെയും മറവില്‍ ജയിലിനു പുറത്തുവന്ന കുറ്റവാളികള്‍ക്ക് ബിജെപിക്കാരായ എംപിമാരുടെയും എംഎല്‍എമാരുടെയും സാന്നിധ്യത്തില്‍ വീരോചിതമായ സ്വീകരണം നല്‍കുകയും ചെയ്തു. അന്നു തന്നെ ഇതിനെതിരേ പ്രതിപക്ഷനിരയില്‍നിന്നും ആക്ടിവിസ്റ്റുകളുടെ ഭാഗത്തു നിന്നും രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, സിപിഎം നേതാവ് സുഭാഷിണി അലി, രേവതി ലോള്‍, ലഖ്‌നോ സര്‍വകലാശാല മുന്‍ വിസി രൂപ് രേഖ വര്‍മ, ആക്ടിവിസ്റ്റ് ടീസ്ത സെത്തില്‍വാദ് തുടങ്ങിയവര്‍ പ്രതിഷേധത്തിന്റെയും നിയമ പോരാട്ടത്തിന്റെയും മുന്‍നിരയില്‍ നിന്ന് ബില്‍ക്കീസിനും കുടുംബത്തിനും പിന്തുണ നല്‍കിയവരില്‍ ചിലരാണ്.
സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്നാണ് ബില്‍ക്കീസ് ബാനു കേസ് വിചാരണ മഹാരാഷ്ട്രയിലേക്കു മാറ്റിയത്. ഇപ്പോഴത്തെ സുപ്രിംകോടതി വിധി നീതിയുടെ വെള്ളിവെളിച്ചം അണഞ്ഞു പോയിട്ടില്ലെന്ന ആശ്വാസം അവശേഷിപ്പിക്കുന്നതും ജുഡീഷ്യറിയില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസവും പ്രതീക്ഷയും ഊട്ടിയുറപ്പിക്കുന്നതുമാണ് എന്നതില്‍ നമുക്കു സന്തോഷിക്കാം.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT