Sub Lead

ചുവന്ന കൊടിയേന്തി നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നത് എത്ര കേമന്‍ നേതാവായാലും അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

ചുവന്ന കൊടിയേന്തി നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നത് എത്ര കേമന്‍ നേതാവായാലും അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം
X

തിരൂര്‍: ചുവന്ന കൊടി കൈയിലേന്തി നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എത്ര കേമന്‍ നേതാവായാലും അംഗീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരൂരില്‍ കെ ദാമോദരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ വലിയ തര്‍ക്കം നടക്കുന്നതായാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. സിപിഐ ചില കാര്യങ്ങള്‍ പറഞ്ഞു. അത് ഇടതുപക്ഷ ഐക്യം തകര്‍ക്കാനല്ല. ചെങ്കൊടി തണലിലാണ് സിപിഐയും സിപിഎമ്മും നില കൊള്ളുന്നത്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടാത്തതുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വെറും ആള്‍ക്കൂട്ടത്തിന്റെ പാര്‍ട്ടിയാണെന്ന ധാരണ ശരിയല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചത് യാഥാര്‍ഥ്യമാണ്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സിപിഐയ്‌ക്കോ സിപിഎമ്മിനോ കഴിയില്ല. ജനങ്ങളില്‍ നിന്ന് അകന്ന സാഹചര്യം മനസ്സിലാക്കി തിരുത്താന്‍ തയ്യാറാവണം. ജനങ്ങളെ പഠിക്കാതെ ഈ വീഴ്ചയയില്‍ നിന്ന് കരകയറാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പേരിന്റെയും മൂല്യങ്ങളുടേയും സംഘടനയാണെന്ന് ജീവിതം കൊണ്ട് തെളിയിച്ച നേതാവാണ് കെ ദാമോദരന്‍. കമ്മ്യൂണിസ്റ്റ് മൂല്യബോധം പ്രാണവായുവായി നെഞ്ചേറ്റിയ ദാമോദരനെ പോലുള്ള നേതാക്കള്‍ ജീവിതകാലം മുഴുവന്‍ ചെങ്കൊടിയേന്തിയത് കേവലമായ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല. ഏതു ഘട്ടത്തിലും പാര്‍ട്ടിക്കൊപ്പം നിന്ന് അദ്ദേഹം ജനങ്ങളോട് സംവദിച്ചു. പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരോട് എന്നും ദാമോദരന്റെ അനുയായികള്‍ക്ക് പുച്ഛമാണ്. പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നതും പാര്‍ട്ടി കാര്‍ഡ് നശിപ്പിക്കലുമൊക്കെ നടത്തുന്നവര്‍ എല്ലാ മൂല്യബോധവും നഷ്ടപ്പെട്ടവരാണ്. പുകഞ്ഞ കൊള്ളികളായ ഇക്കൂട്ടരുടെ വഴി പുറത്തേക്കാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അജിത് കൊളാടി, ഇരുമ്പന്‍ സെയ്തലവി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ഹംസ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it