Sub Lead

ആ ബിരുദവും വ്യാജം; കുറ്റം സമ്മതിച്ച് സ്മൃതി ഇറാനി

നേരത്തെ ലോകപ്രശസ്ത യേല്‍ യൂനിവേഴ്‌സിറ്റിയുടെ ആറുദിവസത്തെ റിഫ്രഷ് കോഴ്‌സിനെ ബിരുദമായി ചിത്രീകരിച്ച ഇറാനിയുടെ നടപടി സോഷ്യല്‍മീഡിയയുടെ പരിഹാസത്തിനിടയാക്കിയിരുന്നു.

ആ ബിരുദവും വ്യാജം;  കുറ്റം സമ്മതിച്ച് സ്മൃതി ഇറാനി
X

ന്യൂഡല്‍ഹി: ബിരുദമുണ്ടെന്ന കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുടെ അവകാശവാദം അവസാനം പൊളിഞ്ഞു. ഡല്‍ഹി ഹൈക്കോടതിയില്‍ വരെയെത്തിയ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവാദത്തിനാണ് സ്മൃതി ഇറാനിയുടെ കുറ്റസമ്മതത്തോടെ തീരുമാനമായത്. പിടിവീഴുമെന്ന് ഉറപ്പായതോടെ തനിക്കു ബിരുദമില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുകയായിരുന്നു. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ മല്‍സരിക്കുന്ന സ്മൃതി ഇറാനി, ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തിലാണ് തന്റെ യഥാര്‍ത്ഥ വിദ്യാഭ്യാസ യോഗ്യത 'വെളിപ്പെടുത്തി'യത്. 1991ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് ഇന്നലത്തെ സത്യവാങ്മൂലത്തില്‍ പറയുന്നത്. 1994ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബി.കോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്മൃതി ഇറാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1996ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സ്) നിന്ന് ബി.എ ബിരുദം കരസ്ഥമാക്കിയെന്നാണു പറയുന്നത്. എന്നാല്‍ 2011 ജൂലൈ 11ന് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കു മത്സരിക്കാനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (വിദൂര പഠനം) നിന്ന് ബികോം യോഗ്യത നേടിയതായും പറയുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബികോം വിജയിച്ചെന്നാണ് പറയുന്നത്. ഈ വൈരുധ്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം, സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യംചെയ്തപ്പോഴെല്ലാം തന്റെ ബിരുദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അവര്‍ ചെയ്തത്.

തനിക്ക് അമേരിക്കയിലെ യേല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദമുണ്ടെന്നും ഇറാനി അവകാശപ്പെട്ടിരുന്നു. ലോകപ്രശസ്ത യേല്‍ യൂനിവേഴ്‌സിറ്റിയുടെ ആറുദിവസത്തെ റിഫ്രഷ് കോഴ്‌സിനെ ബിരുദമായി ചിത്രീകരിച്ച ഇറാനിയുടെ നടപടി സോഷ്യല്‍മീഡിയയുടെ പരിഹാസത്തിനിടയാക്കിയിരുന്നു.

കൈയില്‍ പണമായിട്ടുള്ളത് 6.24 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടുകളില്‍ 89 ലക്ഷം രൂപയുമുണ്ടെന്ന് സ്മൃതി ഇറാനി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി. ഇത് കൂടാതെ 18 ലക്ഷം രൂപ ദേശീയ സമ്പാദ്യ പദ്ധതിയിലും പോസ്റ്റല്‍ നിക്ഷേപത്തിലുമായി ഉണ്ട്. 1.05 ലക്ഷം രൂപയുടെ മറ്റൊരു നിക്ഷേപവും സ്മൃതി ഇറാനിക്കുണ്ട്. 13.14 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും 21 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും സ്വന്തം പേരിലുണ്ട്.

Next Story

RELATED STORIES

Share it