Sub Lead

എല്ലാ ജില്ലകളിലും ബിജെപി കള്ളപ്പണം വിതരണം ചെയ്തു, കെ സുരേന്ദ്രന്‍ ഒരു കോടി തട്ടിയെടുത്തെന്ന് മുന്‍ ഓഫീസ് സെക്രട്ടറി

''പണം കൊണ്ടുവരുമ്പോള്‍ കോഴിക്കോടുവച്ച് ഒരു കോടിരൂപ കെ സുരേന്ദ്രന്‍ കൈയിട്ടെടുത്തെന്ന് കുഴല്‍പ്പണം കടത്തിയ ധര്‍മരാജന്‍ പറഞ്ഞിട്ടുണ്ട്. 35 ലക്ഷം രൂപ തിരുവനന്തപുരത്ത് വി വി രാജേഷിന് കൈമാറാന്‍ പറഞ്ഞു''-

എല്ലാ ജില്ലകളിലും ബിജെപി കള്ളപ്പണം വിതരണം ചെയ്തു, കെ സുരേന്ദ്രന്‍ ഒരു കോടി തട്ടിയെടുത്തെന്ന് മുന്‍ ഓഫീസ് സെക്രട്ടറി
X

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി എല്ലാ ജില്ലകളിലും കള്ളപ്പണം എത്തിച്ചെന്ന് മൊഴി. കൊടകര കുഴല്‍പ്പണക്കേസിലെ പരാതിക്കാരനായ ധര്‍മരാജന്‍ നല്‍കിയ മൊഴിയിലാണ് ഈ വിവരമുള്ളത്. കാസര്‍കോട് ഒന്നര കോടി, കണ്ണൂര്‍ ഒന്നര കോടി, കോഴിക്കോട് ഒരു കോടി, തൃശൂര്‍ 12 കോടി, ആലപ്പുഴ ഒന്നര കോടി, തിരുവനന്തപുരം 10 കോടി എന്നിങ്ങനെയാണ് പണം എത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി കേരളത്തില്‍ എത്തിയത് 41 കോടി രൂപയാണ്. കര്‍ണാടകത്തില്‍ നിന്ന് നേരിട്ടെത്തിച്ചത് 14 കോടിയോളം രൂപയാണെന്ന് മൊഴി പറയുന്നു. ഇതില്‍ എട്ട് കോടി രൂപ കൊള്ളയടിക്കപ്പെട്ടു.

അതേസമയം, ബിജെപി കേരളത്തിലെത്തിച്ച കുഴല്‍പ്പണത്തില്‍ ഒരുകോടിരൂപ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തട്ടിയെടുത്തുവെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് ആരോപിച്ചു. ''പണം കൊണ്ടുവരുമ്പോള്‍ കോഴിക്കോടുവച്ച് ഒരു കോടിരൂപ കെ സുരേന്ദ്രന്‍ കൈയിട്ടെടുത്തെന്ന് കുഴല്‍പ്പണം കടത്തിയ ധര്‍മരാജന്‍ പറഞ്ഞിട്ടുണ്ട്. 35 ലക്ഷം രൂപ തിരുവനന്തപുരത്ത് വി വി രാജേഷിന് കൈമാറാന്‍ പറഞ്ഞു''-തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സതീശ് പറഞ്ഞു.

2021 എപ്രില്‍ രണ്ടിന് ആറു ചാക്കുകളിലായി ആര്‍എസ്എസ് നേതാവ് ധര്‍മരാജന്‍ ഒമ്പത് കോടി രൂപയാണ് തൃശൂര്‍ ജില്ല കമ്മറ്റി ഓഫീസില്‍ എത്തിച്ചത്. എത്ര പണം, മണ്ഡലങ്ങളില്‍ എവിടെയൊക്കെ വിതരണം ചെയ്തു, ആരൊക്കെ കൊണ്ടുപോയി എന്ന് കൃത്യമായി അറിയാം. ഇതുപയോഗിച്ച് വാഹനങ്ങളും ഭൂമിയും വാങ്ങിക്കൂട്ടിയവരെയും അറിയാം. ഓഫീസ് സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാന ഓഫീസുമായും നേതാക്കളുമായും ജില്ലാകമ്മിറ്റിയുമായും ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അറിയാം. ഇക്കാര്യങ്ങള്‍ അന്വേഷകസംഘത്തോട് വെളിപ്പെടുത്തും. കൊടകര കവര്‍ച്ച നടന്നപ്പോള്‍ ധര്‍മരാജന്‍ ആദ്യംവിളിച്ചത് കെ സുരേന്ദ്രനെയും മകനെയുമാണ്.

പാര്‍ടി സംസ്ഥാന അധ്യക്ഷനെ എന്തിനാണ് കുഴല്‍പ്പണക്കടത്തുകാര്‍ ബന്ധപ്പെടുന്നത്. കെ സുരേന്ദ്രനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. മരം മുറിച്ചുവിറ്റ കേസിലാണ് വയനാട് എസ്‌റ്റേറ്റില്‍നിന്ന് സുരേന്ദ്രനെ പുറത്താക്കിയത്. കുഴല്‍പ്പണക്കടത്ത് പുറത്തുവിട്ടശേഷം സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറും വ്യക്തിഹത്യ നടത്തുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പറയും. അതിന് തടയിടാന്‍ അവര്‍ക്ക് കുറച്ചുകൂടി നുണക്കഥകള്‍ കരുതിവയ്‌ക്കേണ്ടി വരും.

എന്നെ ആര്‍ക്കും വിലക്കെടുക്കാനാവില്ല. സത്യം വിളിച്ചുപറഞ്ഞതിനാല്‍ എത്രനാള്‍ ജീവിക്കുമെന്ന് ഉറപ്പില്ല. ഞാന്‍ മരിച്ചാല്‍ ആരായിരിക്കും ഉത്തരവാദികളെന്ന് വീട്ടുകാരെ അറിയിച്ചിട്ടുണ്ടെന്നും സതീശ് പറഞ്ഞു. താനുമായി ബന്ധമില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദവും സതീശ് തള്ളി. ശോഭാസുരേന്ദ്രനും തന്റെ കുടുംബവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും സതീശ് പുറത്തുവിട്ടു.

Next Story

RELATED STORIES

Share it