Sub Lead

തദ്ദേശ തിരഞ്ഞെടുപ്പില്‍ 'ചരിത്രവിജയം' അവകാശപ്പെട്ട് ബിജെപി; ഉത്തര്‍പ്രദേശില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു

അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പോലിസ് തന്നെ പുറത്തുവിട്ടു. തങ്ങള്‍ക്കു നേരേ ബിജെപി പ്രവര്‍ത്തകരുടെ അതിക്രമമുണ്ടായെന്ന് പോലിസ് ഫോണിലൂടെ ഉന്നത ഉദ്യോഗസ്ഥനോട് പരാതി പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. പോലിസുകാര്‍ക്കും യാത്രക്കാര്‍ക്കും നേരേ കല്ലെറിയുകയും വടികൊണ്ട് അടിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം അവകാശപ്പെട്ട് ബിജെപി; ഉത്തര്‍പ്രദേശില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറി. തിരഞ്ഞെടുപ്പില്‍ 'ചരിത്രവിജയം' അവകാശപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും അക്രമം അഴിച്ചുവിടുന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വടികള്‍, കല്ലുകള്‍ എന്നിവയ്ക്ക് പുറമെ തോക്കുകള്‍, ബോംബുകള്‍ എന്നിവയും അക്രമത്തിന് ഉപയോഗിച്ചത്. ബിജെപി പ്രവര്‍ത്തകരും സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടലുണ്ടായി. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് വിവിധ ജില്ലകളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെന്ന് അവകാശപ്പെട്ട് ബിജെപി പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.

അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പോലിസ് തന്നെ പുറത്തുവിട്ടു. തങ്ങള്‍ക്കു നേരേ ബിജെപി പ്രവര്‍ത്തകരുടെ അതിക്രമമുണ്ടായെന്ന് പോലിസ് ഫോണിലൂടെ ഉന്നത ഉദ്യോഗസ്ഥനോട് പരാതി പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. പോലിസുകാര്‍ക്കും യാത്രക്കാര്‍ക്കും നേരേ കല്ലെറിയുകയും വടികൊണ്ട് അടിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ വടികൊണ്ട് ആക്രമിക്കുകയും വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന് പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഹമീര്‍പൂര്‍ ജില്ലയിലായിരുന്നു ഈ സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

പോലിസുകാരെ മര്‍ദ്ദിക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 17 ജില്ലകളിലാണ് അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാഥ്‌റസില്‍ ഒരു സമാജ്‌വാദി പാര്‍ട്ടി നേതാവിന് വെടിവയെപ്പില്‍ പരിക്കേറ്റു. ചന്ദൗലി ജില്ലയില്‍ ബിജെപിയും സമാജ്‌വാദി പ്രവര്‍ത്തകരും ഏറ്റുമുട്ടി. കല്ലേറില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് കേടുപാടുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു. മൂന്നുമണിയോടെയാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. പിന്നീട് നടന്ന വോട്ടണ്ണലില്‍ അറുന്നൂറിലധികം സീറ്റുകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വോട്ടണ്ണല്‍ ഫലം പൂര്‍ണമായും പുറത്തുവരുമ്പോള്‍ ഈ സംഖ്യ ഇനിയും കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് പഞ്ചായത്ത് മേധാവികളുടെ 476 തസ്തികകളിലേക്കുള്ള വോട്ടെണ്ണലാണ് അവസാനിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

എതാവ, അയോധ്യ, പ്രയാഗ്‌രാജ്, അലിഗഢ്, ഹാഥ്‌റസ്, സോനഭദ്ര തുടങ്ങിയ ജില്ലകളിലും വ്യപകമായ സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങള്‍ക്കിടെ പോലിസുകാര്‍ക്കും പരിക്കേറ്റതായാണ് റിപോര്‍ട്ടുകള്‍. അലിഗഢില്‍ ഒരു ബിജെപി നേതാവ് മജിസ്‌ട്രേറ്റിന് നേരെ ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നു. നിരവധി സമാജ്‌വാദി നേതാക്കള്‍ ഏറ്റുമുട്ടലിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ആക്രമണത്തിലൂടെ ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.

ഇറ്റാവയിലാണ് ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനാണ് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനോട് ബിജെപി അനുകൂലികള്‍ തല്ലിച്ചതച്ചതായി പരാതിപ്പെട്ടത്. അവര്‍ ഇഷ്ടികയും കല്ലുകളുമായാണ് വന്നത്. അവര്‍ തന്നെ പോലും മര്‍ദ്ദിച്ചു. അവരുട കൈയില്‍ ബോംബുണ്ടായിരുന്നു- പോലിസ് സൂപ്രണ്ട് (സിറ്റി) പ്രശാന്ത് കുമാര്‍ പങ്കിട്ട വീഡിയോയില്‍ പറയുന്നു. വോട്ടിങ് ദിവസത്തിന് വളരെ മുമ്പുതന്നെ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നതില്‍ പോലിസും ഭരണകൂടവും പരാജയപ്പെട്ടതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച പഞ്ചായത്ത് ബ്ലോക്ക് അധ്യക്ഷ പദവികളിലേക്ക് 349 സ്ഥാനാര്‍ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ശേഷിക്കുന്ന 1700ഓളം പേരാണ് ഇന്ന് ജനവിധി തേടിയത്.

Next Story

RELATED STORIES

Share it