Sub Lead

ബിഹാര്‍ കൊവിഡിനെ കീഴ്‌പ്പെടുത്തിയെന്ന് ബിജെപി; തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമെന്ന് കണക്കുകള്‍

ബിഹാര്‍ കൊവിഡിനെ കീഴ്‌പ്പെടുത്തിയെന്ന് ബിജെപി; തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമെന്ന് കണക്കുകള്‍
X
പട്‌ന: ബിഹാര്‍ കൊവിഡിനെ കീഴ്‌പ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പോസ്റ്ററില്‍ രേഖപ്പെടുത്തിയത് ഇങ്ങനെ: 91 ശതമാനം രോഗമുക്തി നേടുന്ന ആദ്യ സംസ്ഥാനമാണ് ബിഹാര്‍. സംസ്ഥാനത്ത് 50 ലക്ഷം പരിശോധനകളാണ് നടത്തിയത്. ഇതേപടി മുന്നോട്ട് പോവുകയാണെങ്കില്‍ എന്‍ഡിഎ സര്‍ക്കാരിനു കീഴില്‍ ബിഹാര്‍ കൊവിഡ് രഹിത സംസ്ഥാനമായി മാറും. മോദിയുടെ ഒരു ചിത്രവും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ ബീഹാര്‍ ഘടകമാണ് പോസ്റ്ററിന്റെ ഉപജ്ഞാതാക്കള്‍. ബിജെപിയുടെ ഔദ്യോഗിക എഫ്ബി പേജിലും ഈ പോസ്റ്റര്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പോസ്റ്ററില്‍ പറയുന്നത് ശരിയാണെങ്കില്‍ ബിഹാര്‍ കൊവിഡ് മഹാമാരിക്കെതിരേ വലിയൊരു യുദ്ധമാണ് ജയിച്ചിരിക്കുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗോവ, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി 12 സംസ്ഥാനങ്ങള്‍ ബിജെപി നേരിട്ടോ എന്‍ഡിഎ വഴിയോ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഈ സാഹചര്യത്തില്‍ പോസ്റ്ററില്‍ പറയുന്നപോലെ ബിഹാറില്‍ മാത്രം ഈ നേട്ടം എങ്ങനെ ഉണ്ടായി? ഈ അവകാശവാദത്തിന് ഒരു കാരണമേയുള്ളൂ, അവിടെ തിരഞ്ഞെടുപ്പ് വരികയാണ്.


യഥാര്‍ത്ഥത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ ബിഹാറിന്റെ സ്ഥാനമെന്താണ്?

ബിഹാര്‍ 91 ശതമാനം രോഗമുക്തി നിരക്ക് ആര്‍ജിച്ചെന്ന വാദമെടുക്കുക. സംസ്ഥാനം സ്വയമേവ നേടിയ ഒരു നേട്ടമല്ല ഇത്. ഈ നേട്ടത്തിന് വേണ്ടി ബിഹാര്‍ സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടിവന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റുള്ളവര്‍ ചെയ്ത അതേ കാര്യങ്ങളാണ് ബിഹാറും ചെയ്തത്, ചില കാര്യങ്ങളില്‍ അതിലും കുറവും. അതേസമയം ലോക്ക് ഡൗണിന്റെ ഇരകളായി മാറിയ കുടിയേറ്റത്തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ സമീപം മോശമായിരുന്നു. രോഗവ്യാപനം വര്‍ധിക്കാന്‍ ഇത് കാരണമായിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ ബോധ്യമാവും. കൊവിഡ് രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും ബിഹാര്‍ സര്‍ക്കാര്‍ ജൂണ്‍ മാസം ഒന്നാം തിയ്യതി കുടിയേറ്റ തൊഴിലാളികള്‍ക്കു വേണ്ടിയുളള ഭൂരിഭാഗം കൊവിഡ് ക്വാറന്റൈന്‍ സെന്ററുകളും അടച്ചുപൂട്ടി. ജൂണ്‍ 15 ആയപ്പോഴേക്കും എല്ലാ സെന്ററുകളും അടച്ചിട്ടു. ഈ സമയത്തും കുടിയേറ്റത്തൊഴിലാളികള്‍ ബിഹാറിലേക്ക് വന്നുകൊണ്ടിരുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചത്.

ബിഹാറിലെ കൊവിഡ് കണക്കുകള്‍ ശരിയല്ലെന്ന നിലപാടാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ സ്വീകരിക്കുന്നത്. മാര്‍ച്ച് 6നാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് ലാബ് തുറന്നത്, രാജേന്ദ്ര മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍. അവിടെ ആ സമയം ഉണ്ടായിരുന്നത് 500 പരിശോധനാ കിറ്റുകള്‍ മാത്രം. ഈ ലാബില്‍ മാര്‍ച്ച് 20 വരെ പരിശോധിച്ചത് 70 സാംപിളുകള്‍. മറ്റ് സംസ്ഥാനങ്ങള്‍ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചപ്പോഴും ബിഹാര്‍ പിന്നിലായിരുന്നു. ഇതിന്റെ പേരില്‍ നീതി ആയോഗ് സംസ്ഥാനത്തെ വിമര്‍ശിക്കുക പോലും ചെയ്തു. പരിശോധന വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പക്ഷേ, നടന്നില്ല.

ബിഹാറില്‍ റാപിഡ് ആന്റിജന്‍ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന ജൂലൈ 13നാണ് തുടങ്ങിയത്. ആദ്യം 40,000 റാപിഡ് ആന്റിജന്‍ കിറ്റ് സംസ്ഥാനത്തെത്തിച്ചു. ഇത് ഉപയോഗപ്പെടുത്തി ബിഹാര്‍ കൂടുതല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയെന്നത് സത്യമാണ്. അതേസമയം ഈ പരിശോധന പലപ്പോഴും തെറ്റായ ഫലമാണ് തരുന്നതെന്ന കാര്യം അത്ര രഹസ്യമല്ല. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ഫലം ലഭിച്ചാല്‍ അത് വിശ്വസനീയമാണെങ്കിലും നെഗറ്റീവ് ഫലം തെറ്റാവാനുള്ള സാധ്യതയുമുണ്ട്. റാപിഡ് പരിശോധനയില്‍ നെഗറ്റീവായതിനാല്‍ ഒരാള്‍ക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കാനാവില്ല. രോഗി കുറച്ചു ദിവസം കാത്തിരിക്കണം. എന്നിട്ട് വീണ്ടും പരിശോധന നടത്തേണ്ടിവരും. അതായത് റാപിഡ് പരിശോധന അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള അവകാശവാദം ശരിയല്ലെന്ന് ചുരുക്കം. ബിഹാര്‍ ചെയ്യുന്നത് അതാണ്.

സപ്തംബര്‍ 5ന് ബിഹാറില്‍ മൊത്തം 151,033 സാംപിളുകള്‍ പരിശോധിച്ചു. ഇതില്‍ 9,901 (6.55%) സാംപിളുകള്‍ മാത്രമാണ് റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്്ഷന്‍ (ആര്‍ടിപിസിആര്‍) സാങ്കേതികത ഉപയോഗിച്ച് പരീക്ഷിച്ചത്. 1,36,870 സാംപിളുകള്‍ ആന്റിജന്‍ ഉപയോഗിച്ച് പരിശോധിച്ചു. ഇതിനര്‍ത്ഥം 10% ല്‍ താഴെ സാംപിളുകള്‍ മാത്രമാണ് കൂടുതല്‍ വിശ്വസനീയമാണെന്ന് കരുതപ്പെടുന്ന ആര്‍ടിപിസിആര്‍ വഴി പരീക്ഷിച്ചത്. കൊവിഡ് പ്രതിരോധത്തില്‍ സമ്പര്‍ക്കപ്പെട്ടിക തയ്യാറാക്കല്‍ പ്രധാനമാണ്. പക്ഷേ, ബിഹാറില്‍ ഇപ്പോള്‍ ഇത് വളരെ വിരളമാണ്. രോഗികളുടെ കുടുംബങ്ങളെ പരിശോധിക്കുന്ന രീതിയും ഇല്ല. ആദ്യമൊക്കെ ഇത്തരം രീതികള്‍ സംസ്ഥാനം അനുവര്‍ത്തിച്ചിരുന്നെങ്കിലും ഇപ്പോഴതില്ല. രോഗലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം കൂടിയതോടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രവൃത്തിയായി മാറി. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും പരിശോധനാ കിറ്റുകള്‍ അയച്ചിട്ടുണ്ടെങ്കിലും അതൊക്കെ ഉപയോഗശൂന്യമായി കിടക്കുകയാണ്. രോഗലക്ഷണമില്ലാത്തവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന രിതീ ഇല്ലാതായതാണ് തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും രോഗവ്യാപനം തീവ്രമാക്കിയത്.

ചുരുക്കത്തില്‍ റാപിഡ് ആന്റിജന്‍ പരിശോധന വഴി രോഗം പൂര്‍ണമായി കണ്ടെത്താനാവാത്തതും കൊവിഡ് സമ്പര്‍ക്കപ്പെട്ടിക തയ്യാറാക്കുന്ന പദ്ധതി ഉപേക്ഷിച്ചതും ബിഹാറിലെ രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിച്ചിരിക്കുകയാണ്.

ബിഹാര്‍ കൊവിഡ് മുക്തമാവുമെന്നാണ് ബിജെപിയുടെ മറ്റൊരു അവകാശവാദമെങ്കിലും കണക്കുകള്‍ അത് ശരിവയ്ക്കുന്നില്ല. മാര്‍ച്ച് 22 മുതല്‍ മെയ് 31 വരെ 3,692 കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂണ്‍ 30 വരെ ഇത് 9,744 ആയി. ജൂലൈ 31ഓടെ ഇത് 50,987 ആയി. ആഗസ്ത് 31ന് 1,36,337 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. സപ്തംബര്‍ 23 വരെയുള്ള കണക്ക് 1,73,063 ആണ്. ഇക്കാലയളവില്‍ 874 പേര്‍ മരിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണില്‍ പ്രതിദിനം ശരാശരി 201.7 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നിടത്ത് ജൂലൈയില്‍ 1,330.4 ആയും ആഗസ്തില്‍ 2,753 ആയും ഉയര്‍ന്നു. സപ്തംബര്‍ 1 മുതല്‍ 21 വരെ ബിഹാറില്‍ മൊത്തം 33,519 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനര്‍ഥം പ്രതിദിനം ശരാശരി 1,597 പുതിയ കേസുകള്‍, അതായത് ജൂലൈയേക്കാള്‍ 267 കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്തു. സപ്തംബറില്‍ മാത്രം ബിഹാറില്‍ 176 പേര്‍ മരിച്ചു. ആഗസ്തില്‍ 386 രോഗികള്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ ജൂലൈയില്‍ 225 രോഗികള്‍ മരിച്ചു. ജൂണില്‍ 45 പേരും മരിച്ചു. ഇതാണ് പൊതു അവസ്ഥ. സപ്തംബര്‍ 7 മുതല്‍ ബിഹാര്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. അന്തര്‍ ജില്ലാ ബസ് സര്‍വീസുകളും പ്രാദേശിക ഗതാഗത സൗകര്യങ്ങളും പുനരാരംഭിച്ചു. ഈ സാഹചര്യത്തിലും ബിഹാറിലെ രോഗമുക്തി നിരക്ക് വര്‍ധിക്കുകയാണ്.

നിലവില്‍ മിക്ക രോഗികളും ആശുപത്രിയിലേക്ക് പോവാതെ വീട്ടിലിരുന്ന് ചികില്‍സ തേടുകയാണ്. ബിഹാറില്‍ മാത്രമല്ല, മിക്കയിടത്തും ഇതാണ് സ്ഥിതി. ഇതുവഴി നിരവധി പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. അതിനര്‍ത്ഥം രോഗമുക്തി നിരക്ക് വര്‍ധിക്കുന്നതില്‍ സര്‍ക്കാരിന് വലിയ പങ്കൊന്നുമില്ലെന്നാണ്. കൊവിഡ് ബാധിക്കുന്ന എല്ലാവരും മരിക്കാറില്ലെന്ന് നമുക്കറിയാം. 85% കേസുകളിലും രോഗികള്‍ സാധാരണഗതിയില്‍ സുഖം പ്രാപിക്കുന്നു. വിശ്രമം, പോഷകസമൃദ്ധമായ ഭക്ഷണം, വിറ്റാമിന്‍ സി, ഡി എന്നിവയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും അതിജീവന നിരക്ക് വര്‍ധിപ്പിക്കുന്നു. 10% കേസുകളില്‍ നേരിയ രോഗലക്ഷണങ്ങള്‍ കാണാം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരും. കൂടാതെ പാരസെറ്റമോള്‍, ഓക്‌സിജന്‍ തുടങ്ങിയവ ആവശ്യമായി വന്നേക്കാം. ശേഷിക്കുന്ന 5%, 3% രോഗികള്‍ക്ക് ഐസിയു പ്രവേശനവും ചികില്‍സയും ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ 2.5% രോഗികള്‍ മികച്ച ചികില്‍സ നല്‍കിയിട്ടും മരിക്കുന്നു. ചുരുക്കത്തില്‍ വ്യക്തമാവുന്നത് 91% രോഗമുക്തി നിരക്ക് സര്‍ക്കാരുകളുടെ പ്രവര്‍ത്തന മികവിന്റെ സൂചനയല്ല, ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ് എന്നാണ്.

ആശുപത്രിയില്‍ കൊണ്ടുപോവുന്നവരെ ചികില്‍സിച്ചുമാറ്റലും രോഗം വ്യാപിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയുമാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്. അതില്‍ ബിഹാര്‍ പരാജയമാണെന്നാണ് നാം കണ്ടത്.

BJP claims to have defeated Bihar Covid; figures are only for the election campaign




Next Story

RELATED STORIES

Share it