Sub Lead

സംസ്ഥാനത്ത് 5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

സംസ്ഥാനത്ത് 5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല
X

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല. ചിലയിടങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്തിയപ്പോള്‍ ചിലയിടങ്ങളില്‍ മുന്നണികളുമായി രഹസ്യ ധാരണയുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട്ട് കോണ്‍ഗ്രസ്, ലീഗ്, ബിജെപി സഖ്യം ഉണ്ടെന്ന് ആരോപിച്ച് പനത്തടി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലാവട്ടെ കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥിയായിരുന്ന വനിത ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയാണ്. ഇവിടെ കഴിഞ്ഞ തവണ എസ്ഡിപിഐ വിജയിച്ച വാര്‍ഡിലും ഇദ്ദേഹം ഇത്തവണ മല്‍സരിക്കുന്ന വാര്‍ഡിലും ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. പലയിടത്തും തദ്ദേശ സ്ഥാപനങ്ങളില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണം ശക്തമാണ്. ഇരുമുന്നണികളും രഹസ്യമായും പരസ്യമായും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിനു മുതിരുന്നുണ്ടെന്നാണു റിപോര്‍ട്ടുകള്‍.

ബിജെപിയില്‍ സംസ്ഥാന നേതൃത്തെ ചൊല്ലി ഭിന്നകള്‍ രൂക്ഷമായിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ 5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്കു സ്വന്തം സ്ഥാനാര്‍ഥിയില്ലെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സന്തം ജില്ലയായ കോഴിക്കോട് പോലും എല്ലാ സീറ്റുകളിലേക്കും ബിജെപിക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താനായിട്ടില്ല. ആകെയുള്ള 23 പഞ്ചായത്തില്‍ 44 വാര്‍ഡുകളില്‍ ബിജെപി മല്‍സരിക്കുന്നില്ല. ഒമ്പത് ഗ്രാമപഞ്ചായത്ത് വാര്‍ഡിലും രണ്ട് നഗരസഭാ വാര്‍ഡിലുമാണ് ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്താത്തത്. നൊച്ചാട് പഞ്ചായത്ത് 15, 16 വാര്‍ഡുകളിലും കടലുണ്ടി നാലാം വാര്‍ഡിലും കക്കോടി ഏഴാം വാര്‍ഡിലും മണിയൂര്‍ ഒന്ന്, കിഴക്കോത്ത് 17, തിരുവള്ളൂര്‍ 11, 13, 18 വാര്‍ഡുകളിലും ബിജെപിക്കു സ്ഥാനാര്‍ഥികളില്ല. നഗരസഭകളില്‍ വടകര 29ാം വാര്‍ഡിലും കൊയിലാണ്ടി എട്ടാം വാര്‍ഡിലും സ്ഥാനാര്‍ഥികളില്ല.

ബിജെപിയും കോണ്‍ഗ്രസും ഒരേ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന വാര്‍ഡുകളുമുണ്ട്. പാലക്കാട് 400ലേറെ വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്താത്തത്. മലപ്പുറത്തെ 700 വാര്‍ഡിലും കാസര്‍കോട് ജില്ലയില്‍ എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ ഉള്‍പ്പെടെ 116 വാര്‍ഡുകളിലും കണ്ണൂരിലെ 1,684 തദ്ദേശ വാര്‍ഡില്‍ 337 സീറ്റിലും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല.

മലപ്പുറത്ത് 223 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ 190 ഡിവിഷനുകളില്‍ മാത്രമാണ് സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കുന്നത്. 12 നഗരസഭകളിലായി 479 ഡിവിഷനുകളില്‍ 257 ഡിവിഷനിലും ബിജെപി മല്‍സര രംഗത്തില്ല.

കണ്ണൂരിലെ 71 ഗ്രാമപ്പഞ്ചായത്തുകളിലായി 1,167 വാര്‍ഡുകളാണുള്ളത്. ഇതില്‍ 243 വാര്‍ഡിലും 11 ബ്ലോക്ക് പഞ്ചായത്തിലെ 149ല്‍ 15 ഡിവിഷനിലും എട്ട് നഗരസഭയിലെ 289ല്‍ 79 വാര്‍ഡിലും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല. സിപിഎം ശക്തിപ്രദേശമായ മലപ്പട്ടം, ചെറുകുന്ന് പഞ്ചായത്തുകളിലെ ഒറ്റവാര്‍ഡില്‍ പോലും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല. മലപ്പുറത്തെ 223 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ 190ല്‍ മാത്രമാണ് സ്ഥാനാര്‍ഥികളുള്ളത്. ജില്ലയിലെ 12 നഗരസഭകളിലെ 479 ഡിവിഷനില്‍ 251 ഡിവിഷനിലും പാര്‍ട്ടി മല്‍സരരംഗത്തില്ല. എറണാകുളം പല്ലാരി മംഗലം പഞ്ചായത്തിലെ 13 വാര്‍ഡില്‍ ഒന്നിലാണ് എന്‍ഡിഎ മല്‍സരിക്കുന്നത്. ആലപ്പുഴ നഗരസഭയില്‍ വട്ടയാല്‍, വാടയ്ക്കല്‍, പവര്‍ഹൗസ്, ലജനത്ത്, വഴിച്ചേരി വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടണക്കാട് ഡിവിഷനില്‍ സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ നല്‍കാത്തതിനാല്‍ പത്രിക തള്ളുകയായിരുന്നു. കോട്ടയത്ത് 204 മുനിസിപ്പല്‍ വാര്‍ഡില്‍ ബിജെപി ജനവിധി തേടുന്നത് 139 സീറ്റില്‍ മാത്രമാണ്.

സംസ്ഥാനത്ത് തന്നെ ബിജെപി ഭരിക്കുന്ന ഏക നഗരസഭയുള്ള പാലക്കാട് യുഡിഎഫ്-ബിജെപി പരസ്യ ബാന്ധവമാണ്. പൂക്കോട്ടുക്കാവ് പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മിനെതിരേ സ്വതന്ത്രസ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുകയാണ്. യുഡിഎഫിന്റെയും എന്‍ഡിഎയുടെയും പ്രചാരണ പോസ്റ്ററുകളില്‍ ഇവരുടെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്ന പേരിലാണ് സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തിയിട്ടുള്ളത്. ഇവിടെ മൂന്ന് വാര്‍ഡുകളിലും ബിജെപി മല്‍സരിക്കുന്നില്ല.

എന്‍ആര്‍സി, സിഎഎ വിരുദ്ധ നിയമങ്ങളും കര്‍ഷക വിരുദ്ധ-ജനവിരുദ്ധ നയങ്ങളുമെല്ലാം ബിജെപിക്കെതിരേ കേരളത്തില്‍ ശക്തമായി അലയടിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ സിപിഎം പരസ്യമായ പോരിനിറങ്ങിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പല നേതാക്കളെയും കേന്ദ്ര ഏജന്‍സികള്‍ നിരന്തരം വേട്ടയാടുന്നുണ്ട്. ഇത്തരം നടപടികളിലൂടെ ബിജെപിക്കെതിരേ ജനവികാരം ഉയരുമെന്ന് മനസ്സിലാക്കിയാണ് സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം, ഇരുമുന്നണികളും പ്രത്യേകിച്ച് യുഡിഎഫ് പലയിടങ്ങളിലും അധികാരം ലക്ഷ്യമിട്ട് ബിജെപിക്ക് അനുകൂലമായി നില്‍ക്കുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

BJP has no candidates in 5,000 wards in the state

Next Story

RELATED STORIES

Share it