Sub Lead

'കെഎന്‍എ ഖാദര്‍ അനാഥനാകില്ല'; പിന്തുണയുമായി അബ്ദുല്ലക്കുട്ടി

കെഎന്‍എ ഖാദര്‍ അനാഥനാകില്ല; പിന്തുണയുമായി അബ്ദുല്ലക്കുട്ടി
X

കണ്ണൂര്‍: ആര്‍എസ്എസ് വേദിയിലെത്തിയ സംഭവത്തില്‍ മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദറിനെ പിന്തുണച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. മുസ്‌ലിം ലീഗ് പുറത്താക്കിയാല്‍ കെഎന്‍എ ഖാദര്‍ അനാഥനാകില്ലെന്നും ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുളള ആളാകാന്‍ കെഎന്‍എ ഖാദറിന് കഴിയുമെന്നും എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. കെഎന്‍എ ഖാദറിനെതിരായ ലീഗ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ കടുക്കുന്ന സാഹചര്യത്തിലാണ് അബ്ദുല്ല കുട്ടിയുടെ പ്രതികരണം.

കെഎന്‍എ ഖാദറിനെ പിന്തുണച്ച് ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് എന്‍ ആര്‍ മധുവും ഇന്നലെ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ ഓഫിസിലേക്ക് കെഎന്‍എ ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള ദേശസ്‌നേഹിയായ വ്യക്തി എന്ന നിലയിലാണെന്നായിരുന്നു എന്‍ആര്‍ മധുവിന്റെ പ്രതികരണം. ''മാനവിക നിലപാടുള്ള വ്യക്തിയാണ് ഖാദര്‍. കേസരി പരിപാടിക്ക് വേണ്ടി അദ്ദേഹത്തെ ഞാന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നു. സംഭവത്തില്‍ ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെഎന്‍എ ഖാദറിന് ഉണ്ടാകില്ല.'' എന്‍ആര്‍ മധു പറഞ്ഞു.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിട്ടും മുസ് ലിം ലീഗ് ദേശീയ നേതാവ് കൂടിയായ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ്സിനെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പരിപാടിയില്‍ പങ്കെടുത്തത് സംബന്ധിച്ച് നല്‍കിയ വിശദീകരണത്തിലും ആര്‍എസ്എസിന് അനുകൂലമായ പ്രതികരണമാണ് കെഎന്‍എ ഖാദര്‍ നടത്തിയത്. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും ഒരു സാംസ്‌കാരിക പരിപാടിയാണെന്നുമായിരുന്നു പ്രതികരണം. പ്രവാചക നിന്ദയും മുസ് ലിം വീടുകള്‍ തകര്‍ക്കുന്നതും ഉള്‍പ്പടെ മുസ് ലിംകള്‍ക്കെതിരേ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് എന്ത് മത സൗഹാര്‍ദമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് വിമര്‍ശകര്‍ ചോദിച്ചു.

Next Story

RELATED STORIES

Share it