Sub Lead

മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു; ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവുമെന്ന് സൂചന

മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു; ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവുമെന്ന് സൂചന
X

ന്യൂഡല്‍ഹി: ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രിയായ നഖ്‌വിയുടെ രാജ്യസഭാ കാലയളവ് നാളെ അവസാനിക്കാനിരിക്കെയാണ് രാജി. നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്. ഇന്ന് രാവിലെ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം നടത്തുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ കേന്ദ്രമന്ത്രി നജ്മ ഹെപ്തുല്ല, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവരെയും ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്ത് 10നാണ് അവസാനിക്കുന്നത്. ജൂലൈ 19 ആണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ആഗസ്ത് ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍/ ലഫ്. ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. മുതിര്‍ന്ന ബിജെപി നേതാവായ നഖ്‌വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്. ഒഡീഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ നേതാവ് ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it