Sub Lead

ഗസ വംശഹത്യ: ഇസ്രായേലിന് എതിരെ ബൊളീവിയയും അന്താരാഷ്ട്ര കോടതിയില്‍

ഗസ മുനമ്പില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിന് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യം

ഗസ വംശഹത്യ: ഇസ്രായേലിന് എതിരെ ബൊളീവിയയും അന്താരാഷ്ട്ര കോടതിയില്‍
X

ഹേഗ്: ഗസ വംശഹത്യക്കെതിരെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍. ദക്ഷിണാഫ്രിക്ക നേരത്തെ നല്‍കിയ കേസില്‍ കക്ഷിചേരാന്‍ ബൊളീവിയ അപേക്ഷ നല്‍കിയതായി കോടതി അറിയിച്ചു. ഗസ മുനമ്പിലെ വംശഹത്യ തടയണമെന്ന ദക്ഷിണാഫ്രിക്കയുടെ ഹര്‍ജിയിലാണ് ബൊളീവിയയും കക്ഷി ചേര്‍ന്നിരിക്കുന്നത്. ഇതോടെ കേസില്‍ കോടതിയുടെ വിധികള്‍ നടപ്പാക്കേണ്ട ഉത്തരവാദിത്തം ബൊളീവിയ കൂടി ഏറ്റെടുത്തു.

വംശഹത്യയെ വിശാലമായി വ്യാഖ്യാനിക്കണം, കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാരപരിധി വിപുലപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും ബൊളീവിയ മുന്നോട്ട് വെച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് മാലി ദ്വീപും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.

നിക്കാരഗ്വ, കൊളംബിയ, ലിബിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ നിലവില്‍ കേസില്‍ കക്ഷിയാണ്. ബെല്‍ജിയം, അയര്‍ലാന്‍ഡ്, സ്‌പെയിന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ കേസില്‍ കക്ഷിചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേസിന് ആഗോളതലത്തില്‍ പിന്തുണ ലഭിക്കുന്നതായി ദക്ഷിണാഫ്രിക്ക നേരത്തെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിക്ക് കൈമാറിക്കഴിഞ്ഞതായും ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.

ഗസയില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയതിന് പിന്നാലെ കഴിഞ്ഞ നവംബറിലാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. വംശഹത്യ തടയാന്‍ 1948ല്‍ കൊണ്ടുവന്ന ആഗോള ഉടമ്പടി ഇസ്രായേല്‍ ലംഘിച്ചുവെന്നാണ് ഹര്‍ജിയില്‍ ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടിയത്. ഇതിന് വേണ്ട എല്ലാ തെളിവുകളും ഹാജരാക്കിയാണ് ഹര്‍ജി നല്‍കിയത്.

ദക്ഷിണാഫ്രിക്കയുടെ വാദങ്ങള്‍ പരിഗണിച്ച കോടതി ഇസ്രായേലിന് എതിരെ നിരവധി ഇടക്കാല ഉത്തരവുകള്‍ ഇറക്കി. റഫ ആക്രമണം തടയണമെന്ന മേയ് മാസത്തിലെ നിര്‍ദേശം ഇസ്രായേല്‍ തള്ളി.

Next Story

RELATED STORIES

Share it