Sub Lead

ബോംബ് നിര്‍മാണദൃശ്യം വാട്‌സ് ആപ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ച സംഭവം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബോംബ് നിര്‍മാണദൃശ്യം വാട്‌സ് ആപ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ച സംഭവം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

കണ്ണൂര്‍: ബോംബ് നിര്‍മാണദൃശ്യം വാട്‌സ് ആപ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ ആഎസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബോംബ് നിര്‍മാണത്തിന് പരിശീലനം നല്‍കിയ തലശ്ശേരി വേലിക്കോത്ത് വി വി ധനുഷിനെ(18)യാണ് എടക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. മുഴപ്പിലങ്ങാട് ദീപ്തി റോഡിനു സമീപം വിവേകാനന്ദ നഗറിലെ ബന്ധുവീട്ടിലാണ് ഇയാള്‍ താമസിക്കുന്നതെന്നാണ് പോലിസ് പറയുന്നത്. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറില്‍ ബോംബ് നിര്‍മാണ പരിശീലനം നടത്തുകയും നടുറോഡില്‍ ബോംബെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ പകര്‍ത്തി വാട്‌സ് ആപ് സ്റ്റാറ്റസാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം തേജസ് ന്യൂസ് വാര്‍ത്ത നല്‍കിയതിനു പിന്നാലെയാണ് പോലിസ് നടപടി തുടങ്ങിയത്.

ഒരു യുവാവ് തെങ്ങിനുപിന്നില്‍ നിന്ന് ബോംബ് കെട്ടുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. കരിങ്കല്‍ച്ചീളുകളും വെടിമരുന്നുകളും ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ വ്യക്തമായി കാണിച്ച ശേഷം തെങ്ങിനു പിറകില്‍ നിന്ന് ബോംബ് വലിച്ചുകെട്ടുന്നതാണ് വീഡിയോയിലുള്ളത്. ബോംബ് നിര്‍മിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയാണെങ്കില്‍ മുഖത്തും മറ്റും പരിക്കേല്‍ക്കാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. നിര്‍മിച്ച ശേഷം റോഡിലെത്തി രണ്ടുതവണ ബോംബ് പൊട്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം മൊബൈലില്‍ പകര്‍ത്തി അശ്വന്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാട്‌സ് ആപ് സ്റ്റാറ്റസ് ആക്കിയതോടെയാണ് പ്രദേശവാസികള്‍ ഇക്കാര്യം അറിഞ്ഞത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൂടക്കടവ് ബ്രാഞ്ച് ഭാരവാഹികള്‍ എടക്കാട് സി ഐയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എടക്കാട് പോലിസ് കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷണത്തിനു ശേഷമേ പറയാനാവൂവെന്ന് എടക്കാട് എസ് ഐ എന്‍ ദിജേഷ് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തമുണ്ടെന്ന് ദൃശ്യങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ബോംബ് പൊട്ടിക്കുന്ന ദൃശ്യത്തില്‍ കൂടുതല്‍ യുവാക്കളെ കാണുന്നുണ്ട്. അതേസമയം, കേസൊതുക്കാന്‍ പോലിസ് ശ്രമിച്ചതായും ആക്ഷേപമുണ്ട്. ഇന്നലെ തന്നെ വീഡിയോ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും ഇന്ന് ഉച്ചയോടെയാണ് പോലിസ് നടപടികള്‍ തുടങ്ങിയത്. പ്രദേശത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ബോംബ് നിര്‍മാണത്തെ ലഘൂകരിച്ച് ഏറുപടക്കമാക്കി മാറ്റാനാണ് പോലിസ് നീീക്കം. നാടന്‍ ബോംബിന്റെ ചെറുപതിപ്പിലുള്ള ഏറുപടക്കമാണിതെന്നാണ് പോലിസ് ഭാഷ്യം. പ്രദേശത്ത് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം നടന്ന സംഭവത്തെ പോലിസ് ഏറുപടക്കമാണെന്നു പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിനെതിരേ പ്രദേശവാസികളിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it