Sub Lead

ഒഡീഷയിലെ സംബാല്‍പൂരില്‍ല്‍ മസ്ജിദിനു നേരെ ബോംബേറ്

ഒഡീഷയിലെ സംബാല്‍പൂരില്‍ല്‍ മസ്ജിദിനു നേരെ ബോംബേറ്
X

ഭുവനേശ്വര്‍: ഒഡീഷയിലെ സംബാല്‍പൂരില്‍ മസ്ജിദിനു നേരെ ബോംബേറ്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മഅ് രിബ് നമസ്‌കാരത്തിനു പിന്നാലെയാണ് സംബാല്‍പൂരിലെ പിര്‍ ബാബ സ്‌ക്വയറിലെ സദര്‍ മസ്ജിദിനു നേരെ ബോംബെറിഞ്ഞത്. പള്ളിയെ ലക്ഷ്യമിട്ട് എറിഞ്ഞ ബോംബ് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് വീണതെന്ന് പ്രദേശവാസി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഒരാളുടെ കൈപ്പത്തിയിലും മറ്റൊരാള്‍ക്ക് വയറ്റിലും കാല്‍മുട്ടിലുമാണ് പരിക്കേറ്റത്. റിക്ഷ വലിക്കുന്നയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. മൂവരും പ്രദേശത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍ രണ്ട് പേര്‍ക്ക് നിസാര പരിക്കാണെന്നാണ് പോലിസ് പറയുന്നത്. അടുത്തുള്ള മേല്‍പ്പാലത്തില്‍ നിന്ന് അജ്ഞാതര്‍ ബോംബെറിഞ്ഞ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. നോര്‍ത്തേണ്‍ റേഞ്ച് ഐജി ഹിമാന്‍സു ലാല്‍, എസ്പി മുകേഷ് ഭാമു തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


ബോംബേറില്‍ മോട്ടോര്‍ സൈക്കിള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നാടന്‍ ബോംബുകളാണ് എറിഞ്ഞതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നെന്നും എസ്പി മുകേഷ് ഭാമു പറഞ്ഞു. രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. അവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ജയ് ശ്രീ റാം, ജയ് ബി ജെ പി' എന്നെഴുതിയ ബയോ ഉള്ള 'എസ്ബിപി മാഫിയ ഗ്യാങ്' എന്ന ഒരു ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിന്റെ ചിത്രമുള്ള പെട്ടിയിലാണ് ബോംബ് ഉണ്ടായിരുന്നതെന്ന് ഒബ്‌സര്‍വര്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളില്‍ പോലിസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുകയും പരിശോധന ശക്തമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി വര്‍ഗീയ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബിജെപി, ബിജെഡി നേതാക്കളുടെ ശ്രമമാണ് ആക്രമണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആസഫ് അലി ഖാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it