Sub Lead

ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചുള്ള പ്രാര്‍ത്ഥനയും ഭജനയും ഒരു മതത്തിന്റെയും അനിവാര്യമായ ആചാരമല്ല: ബോംബെ ഹൈക്കോടതി.

ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചുള്ള പ്രാര്‍ത്ഥനയും ഭജനയും ഒരു മതത്തിന്റെയും അനിവാര്യമായ ആചാരമല്ല: ബോംബെ ഹൈക്കോടതി.
X

മുംബൈ: ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചുള്ള പ്രാര്‍ത്ഥനയും ഭജനയും ഒരു മതത്തിന്റെയും അനിവാര്യമായ ആചാരമല്ലെന്ന് ബോംബെ ഹൈക്കോടതി. അതിനാല്‍ ശബ്ദമലിനീകരണം തടയാനുള്ള 2000ലെ ചട്ടങ്ങള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജസ്റ്റിസുമാരായ അജയ് ഗഡ്കരി, ശ്യാം ചാന്ദക് എന്നിവരടങ്ങിയ ബെഞ്ച് മുംബൈ പോലിസിന് നിര്‍ദേശം നല്‍കി.

കോസ്‌മോപൊളിറ്റന്‍ നഗരമായ മുംബൈയില്‍ വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ള ആളുകള്‍ താമസിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ''ശബ്ദം എങ്ങനെ നോക്കിയാലും ഗുരുതരമായ ആരോഗ്യ അപകടമാണ്. ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ആരുടെയും അവകാശങ്ങളെ ബാധിക്കില്ല. ഉച്ചഭാഷിണികളുടെ ഉപയോഗം ഒരു മതത്തിന്റെയും അനിവാര്യമായ ഘടകമല്ല.''-കോടതി പറഞ്ഞു.

മസ്ജിദുകളും മദ്‌റസകളും ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായി ആരോപിച്ച് കുര്‍ളയിലേയും ചുനാഭാട്ടി പ്രദേശത്തേയും രണ്ടു റെഡിസന്റ് അസോസിയേഷനുകള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. പോലിസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിക്കാര്‍ ആരോപിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി വിശദമായ ഉത്തരവ് ഇറക്കിയത്.

ശബ്ദമലിനീകരണം ആരോപിച്ച് ഏതെങ്കിലും ആരാധനാലയത്തിനെതിരേ പരാതി ലഭിക്കുകയാണെങ്കില്‍ പോലിസ് നടപടി സ്വീകരിക്കണമെന്ന് ഉത്തരവ് പറയുന്നു. ആരാണ് പരാതി നല്‍കുന്നത് എന്ന കാര്യം നോക്കരുത്. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ ആരോപണവിധേയര്‍ക്ക് കൈമാറരുത്. തുടര്‍ന്ന് ഇത്തരം പരാതികളില്‍ സ്വീകരിക്കേണ്ട നടപടികളും ഉത്തരവായി ഇറക്കി.

1) ആദ്യതവണയാണെങ്കില്‍ മുന്നറിയിപ്പ് നല്‍കണം

2) അതേ മതസ്ഥാപനത്തിനെതിരേ വീണ്ടും പരാതി വരുകയാണെങ്കില്‍ മഹാരാഷ്ട്ര പോലിസ് നിയമത്തിലെ 136ാം വകുപ്പ് പ്രകാരം പിഴ ഈടാക്കണം. സ്ഥാപനത്തിന്റെ ഉന്നത അധികാരികള്‍ക്ക് മുന്നറിയിപ്പും നല്‍കണം.

3) വീണ്ടും ഇതേ സ്ഥാപനത്തിനെതിരേ പരാതി വരുകയാണെങ്കില്‍ ലൗഡ് സ്പീക്കറുകളും ആംപ്ലിഫയറുകളുമെല്ലാം പിടിച്ചെടുക്കണം. കൂടാതെ ലൗഡ്‌സ്പീക്കറുകളും മറ്റും ഉപയോഗിക്കാന്‍ കൊടുത്ത അനുമതി റദ്ദാക്കുകയും വേണം.

സമാനമായ ഉത്തരവ് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതിയും പുറപ്പെടുവിച്ചിട്ടുണ്ട്. മസ്ജിദില്‍ ലൗഡ്‌സ്പീക്കര്‍ സ്ഥാപിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്തിയാര്‍ അഹമദ് എന്നയാള്‍ നല്‍കിയ ഹരജി തള്ളിയായിരുന്നു ജസ്റ്റിസുമാരായ അശ്വനി കുമാര്‍ മിശ്ര, ദോനദി രമേശ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ആരാധനാലയങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനുള്ളതാണെന്നും ഉച്ചഭാഷിണിയുടെ ഉപയോഗം പ്രദേശവാസികള്‍ക്ക് ശല്യമുണ്ടാക്കുകയാണെങ്കില്‍ അവകാശമായി ഉന്നയിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it