Sub Lead

ഹിജാബ് നിരോധനത്തിനെതിരേ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി

ഹിജാബ് നിരോധനത്തിനെതിരേ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി
X

മുംബൈ: കാംപസില്‍ ഹിജാബ്, നഖാബ്, ബുര്‍ഖ, തൊപ്പി മുതലായവ ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള മുംബൈയിലെ കോളജ് അധികൃതരുടെ നടപടി ചോദ്യം ചെയ്ത് ഒമ്പത് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ എസ് ചന്ദൂര്‍ക്കറും ജസ്റ്റിസ് രാജേഷ് പാട്ടീലും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മുംബൈയിലെ എന്‍ജി ആചാര്യ, ഡി കെ മരാട്ടെ കോളജ് ഓഫ് ആര്‍ട്ട്‌സ്, സയന്‍സ് ആന്റ് കൊമേഴ്‌സ് എന്നീ കോളജുകളിലെ ബിഎസ്‌സി, ബിഎസ്‌സി (കംപ്യൂട്ടര്‍ സയന്‍സ്) വിഭാഗങ്ങളിലെ രണ്ടും മൂന്നും വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പുതിയ ഡ്രസ് കോഡിനെതിരേ കോടതിയെ സമീപിച്ചത്. പുതിയ ഡ്രസ് കോഡ് തങ്ങളുടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശങ്ങളെ ലംഘിക്കുന്നതെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. സിഖുകാരുടെ തലപ്പാവ് പോലെയുള്ള മതത്തിന്റെ മൗലികാവകാശത്തിന്റെ ഭാഗമായി കരുതപ്പെടുന്നവ ഒഴികെ, മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കാനാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കോളജ് അധികൃതരുടെ വാദം. നിരോധനം എല്ലാ മതചിഹ്നങ്ങള്‍ക്കും ബാധകമാണെന്നും മുസ് ലിംകളെ ലക്ഷ്യം വച്ചുള്ളതല്ലെന്നും കോളജിനെ പ്രതിനിധീകരിച്ച് ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അനില്‍ ആന്തൂര്‍ക്കര്‍ വിശദീകരിച്ചു. വിദ്യാര്‍ഥിനികള്‍ക്കു വേണ്ടി അഡ്വ. അല്‍ത്താഫ് ഖാനാണ് ഹാജരായത്.

ജൂനിയര്‍ കോളജുകളിലെ ഹിജാബ് നിരോധനത്തെക്കുറിച്ചുള്ള കര്‍ണാടക ഹൈക്കോടതി വിധിയില്‍ നിന്ന് വ്യത്യസ്തമായി സീനിയര്‍ കോളജ് വിദ്യാര്‍ഥികളെയാണ് നിരോധനം ബാധിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ യൂനിഫോം സമ്പ്രദായം നിലവിലില്ല. മാത്രമല്ല, നിയമപരമായ അധികാരമില്ലാതെ വാട്ട്‌സ്ആപ്പ് വഴിയാണ് ഡ്രസ് കോഡ് അടിച്ചേല്‍പ്പിച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു. നിലവിലുള്ള യൂനിഫോം നയം നടപ്പാക്കിയ കര്‍ണാടക കേസുമായി ഇത് വ്യത്യസ്തമാണ്. വസ്ത്രധാരണരീതി മുസ് ലിംകള്‍ക്ക് മാത്രമല്ല, എല്ലാ വിദ്യാര്‍ഥികള്‍ക്കും ബാധകമാണെന്ന് കോളജിനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകന്‍ അനില്‍ ആന്തൂര്‍ക്കര്‍ പറഞ്ഞു. ഹിജാബ് ധരിക്കുന്നത് ഇസ് ലാമില്‍ അനിവാര്യമായ ഒരു മതപരമായ ആചാരമാണെന്ന് തെളിയിക്കാന്‍ ഹരജിക്കാരെ വെല്ലുവിളിച്ചു. വിദ്യാര്‍ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്. അപേക്ഷകര്‍ക്ക് പ്രവേശനം ലഭിക്കുമ്പോള്‍ ഡ്രസ് കോഡിനെക്കുറിച്ച് അറിയാമായിരുന്നു. ഭാവിയില്‍ ആരെങ്കിലും മറ്റ് മതചിഹ്നങ്ങളായ ഗദയോ കാവി വസ്ത്രമോ ധരിച്ചാല്‍ കോളജും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷമായി ഹിജാബ് ധരിച്ചിരുന്നുവെന്നും പെട്ടെന്നുള്ള വിലക്കിനെയാണ് ചോദ്യം ചെയ്തതെന്നും വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നിരോധനം ആര്‍ട്ടിക്കിള്‍ 19, 21, സ്വകാര്യതയ്ക്കുള്ള അവകാശം സംബന്ധിച്ച പുട്ടസ്വാമി വിധി എന്നിവയുടെ ലംഘനമാണ്.

എന്‍ജി ആചാര്യ, ഡി കെ മരാട്ടെ കോളജ് ഓഫ് ആര്‍ട്, സയന്‍സ് ആന്റ് കൊമേഴ്‌സ് എന്നീ കോളജുകളിലെ ബിഎസ്‌സി, ബിഎസ്‌സി(കംപ്യൂട്ടര്‍ സയന്‍സ്) പ്രോഗ്രാമുകളിലെ രണ്ടും മൂന്നും വര്‍ഷങ്ങളിലെ വിദ്യാര്‍ഥിനികളാണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരായ എല്ലാ വിദ്യാര്‍ഥിനികളും കോളജിന് അകത്തും പുറത്തും വര്‍ഷങ്ങളായി നിഖാബും ഹിജാബും ധരിക്കുന്നുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബുര്‍ഖ, നിഖാബ്, ഹിജാബ്, തൊപ്പികള്‍, ബാഡ്ജുകള്‍ തുടങ്ങിയ ധരിക്കുന്നത് വ്യക്തമായി വിലക്കുന്ന ഡ്രസ് കോഡ് നിര്‍ബന്ധമാക്കി കോളജ് ഈയിടെ വെബ്‌സൈറ്റിലും ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയുമാണ് 'വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശം' എന്ന പേരില്‍ തിയ്യതിയില്ലാത്ത അറിയിപ്പ് നല്‍കിയത്. ഈ നിര്‍ദേശങ്ങള്‍ നിയമവിരുദ്ധവും ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ഹരജിക്കാര്‍ വാദിച്ചു.

Next Story

RELATED STORIES

Share it