Sub Lead

ബഫര്‍ സോണ്‍: കരട് വിജ്ഞാപനത്തില്‍ ഇളവ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രിംകോടതി

ബഫര്‍ സോണ്‍: കരട് വിജ്ഞാപനത്തില്‍ ഇളവ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രിംകോടതി. ഇന്ന് കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. വിധിയില്‍ വ്യക്തത തേടിയുള്ള ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും ഹരജികള്‍ ഒരുമിച്ച് പരിഗണിക്കും. കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നതിനിടയിലാണ് സുപ്രിംകോടതിയില്‍ നിന്ന് സംസ്ഥാനത്തിന് ആശ്വാസകരമായ നിരീക്ഷണമുണ്ടായത്. ഇളവ് ആവശ്യപ്പെട്ട് കേരളവും കേന്ദ്ര സര്‍ക്കാരും നല്‍കിയ അപേക്ഷകള്‍ തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഇളവ് അനുവദിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയില്‍ ആവശ്യപ്പെട്ടു. അന്തിമ വിജ്ഞാപനവും കരട് വിജ്ഞാപനവും ഇറങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിക്കണമെന്നാണ് ആദ്ദേഹം ആവശ്യപ്പെട്ടത്. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധി കേരളത്തിലെ ജനങ്ങളില്‍ പല പ്രതിസന്ധികളും അരക്ഷിതാവസ്ഥയുമുണ്ടാക്കിയെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്ന അവസ്ഥയിലാണെന്നും അഭിഭാഷകര്‍ വാദിച്ചു. ഈ ഘട്ടത്തിലാണ് കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞത്. ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഇന്ന് കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായിരുന്നു. അന്തിമ വിജ്ഞാപനം ഇറങ്ങിയ മേഖലകള്‍ക്ക് ഇതിനോടകം ഇളവ് നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയുമുള്ളതാണ് ഹരജികള്‍.

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളെ ബഫര്‍ സോണ്‍ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് കേന്ദ്രത്തിന്റെ ആവശ്യം. കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ കേരളത്തിലെ 22 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് നല്‍കണമെന്ന് കേരളവും ആവശ്യപ്പെടുന്നു. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോ അതോ രണ്ട് അംഗ ബെഞ്ചിന് തന്നെ ഉത്തരവിറക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.

Next Story

RELATED STORIES

Share it