Sub Lead

ബുറേവി ചുഴലിക്കാറ്റ് നാളെ കേരളത്തില്‍ പ്രവേശിച്ചേക്കും; അതീവ ജാഗ്രതാ നിര്‍ദേശം

ബുറേവി ചുഴലിക്കാറ്റ് നാളെ കേരളത്തില്‍ പ്രവേശിച്ചേക്കും; അതീവ ജാഗ്രതാ നിര്‍ദേശം
X
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം 'ബുറേവി' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി(Deep Depression) ഡിസംബര്‍ 4ന് കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. തെക്കന്‍ കേരളം-തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 12 കിലോമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9.0 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 80.8 ഡിഗ്രി കിഴക്ക് രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയില്‍ നിന്ന് ഏകദേശം 380 കിലോമീറ്റര്‍ ദൂരത്തിലുമാണ്.

ചുഴലിക്കാറ്റ് ഡിസംബര്‍ 3ന് പുലര്‍ച്ചെയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി (കോമോറിന്‍) മേഖലയില്‍ എത്തുകയും, ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 90 കിലോമീറ്റര്‍ വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള തീരത്ത് ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ കടലില്‍ പോവുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണം. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോവാന്‍ അനുവദിക്കുന്നതല്ല.

ഡിസംബര്‍ 3 മുതല്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. മുന്നറിയിപ്പുകളില്‍ വരുന്ന മാറ്റങ്ങള്‍ അപ്ഡേറ്റ് ചെയ്യും. ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥവും ഇതോടൊപ്പം നല്‍കുന്നു.

Burevi may enter Kerala tomorrow; Extreme caution is advised

Next Story

RELATED STORIES

Share it