Sub Lead

തൃക്കാക്കരയില്‍ എല്‍ഡിഎഫിനെതിരേ പ്രചാരണം നടത്തും: സില്‍വര്‍ ലൈന്‍ വിരുദ്ധ കണ്‍വന്‍ഷന്‍

തൃക്കാക്കരയില്‍ എല്‍ഡിഎഫിനെതിരേ പ്രചാരണം നടത്തും: സില്‍വര്‍ ലൈന്‍ വിരുദ്ധ കണ്‍വന്‍ഷന്‍
X

കൊച്ചി: 'സില്‍വര്‍ ലൈനിന് വോട്ടില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ എറണാകുളം അധ്യാപക ഭവനില്‍ നടന്ന സില്‍വര്‍ലൈന്‍ വിരുദ്ധ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവുമായി തകര്‍ക്കുന്ന പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കാന്‍ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കും. സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന എല്ലാ സംഘടനകളുമായും യോജിച്ച് പ്രചാരണം നടത്തും.

എറണാകുളത്ത് സ്ഥിരം സമര കേന്ദ്രം തുറക്കാനും തീരുമാനിച്ചു. ഓരോ ദിവസവും വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സത്യഗ്രഹം നടത്തും. കെ റെയില്‍ വിരുദ്ധ സമരസമിതിയും മറ്റ് സംഘടനകളും നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും കണ്‍വന്‍ഷന്‍ പിന്തുണ പ്രഖ്യാപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വെക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെയും സമരം തുടങ്ങും.

വിദേശ വായ്പ ഏജന്‍സികളുടെയും കോര്‍പറേറ്റുകളുടെയും താല്‍പര്യങ്ങള്‍ നടപ്പാക്കുന്ന സാമ്രാജ്യത വികസന മാതൃകയാണ് സില്‍വര്‍ലെന്‍ പോലുള്ള പദ്ധതികളെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കൂടംകുളം സമര നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ: എസ്പി ഉദയകുമാര്‍ പറഞ്ഞു. ഇത്തരം വമ്പന്‍ പദ്ധതികള്‍ ഭരണാധികാരികള്‍ക്ക് ലാഭമുണ്ടാക്കുന്നത് കൊണ്ടാണ് ചര്‍ച്ചകള്‍ പോലും നടത്താതെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. വികസനത്തെയല്ല എതിര്‍ക്കുന്നത് വിനാശകരമായ വികസന രീതികളെയാണ് എതിര്‍ക്കുന്നത്. വികസനമെന്നാല്‍ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന ജനപക്ഷ വികസനമാണ് നടപ്പാക്കേണ്ടതെന്നും ഉദയകുമാര്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതി നിര്‍ത്തിവെക്കുന്നത് വരെ സമരം തുടരുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ റെയില്‍ വിരുദ്ധ ജനകീയ സമരസമിതി ചെയര്‍മാന്‍ എം പി ബാബുരാജ് പറഞ്ഞു. കേരളം മുഴുവനുമുള്ള സമരസമിതികള്‍ ഒറ്റക്കെട്ടായി സമര രംഗത്തുണ്ടാകും.

മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. എം പി മത്തായി, ഡോ. കുസുമം ജോസഫ് (എന്‍എപി എം), മഗ്‌ളിന്‍ ഫിലോമിന (തീരദേശ ഏകോപന സമിതി), അഡ്വ. ജോണ്‍ ജോസഫ് , മണികണ്ഠന്‍ കാട്ടാമ്പിളളി, അഡ്വ. കെ വി ഭദ്രകുമാരി (ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം), എം ടി തോമസ് (കെ റെയില്‍ വിരുദ്ധ ജനകീയ സമരസമിതി), ടി കെ സുധീര്‍ കുമാര്‍ (SUCI), നിപുണ്‍ ചെറിയാന്‍ (V4 പീപ്പിള്‍ പാര്‍ട്ടി), എം കെ കൃഷ്ണന്‍കുട്ടി (സിപിഐ എം എല്‍ റെഡ് സ്റ്റാര്‍), അഡ്വ. രാജാ ദാസ് (MCPl (U), എസ് ബാബുജി (പിപിഎഫ്) ടി എം വര്‍ഗീസ് (നവദര്‍ശന വേദി), സുദേവന്‍ (സിവില്‍ സമൂഹ പഠന കേന്ദ്രം), വി സി ജെന്നി (സര്‍ഫാസി വിരുദ്ധ പ്രസ്ഥാനം), ഡോ. വേണുഗോപാല്‍ (സ്വരാജ് ഇന്ത്യ), എം ബി ജയഘോഷ്, തോമസ് കിഴക്കമ്പലം തുടങ്ങിയവര്‍ സംസാരിച്ചു.

ഫെലിക്‌സ് ജെ പുല്ലൂടന്‍ സമര പ്രഖ്യാപനം അവതരിപ്പിച്ചു. അഡ്വ. വി എം മൈക്കിള്‍ അധ്യക്ഷത വഹിച്ചു. പി എ പ്രേം ബാബു, കെ സുനില്‍ കുമാര്‍, പി പി സന്തോഷ്, കബീര്‍ ഷാ, എം ജെ പീറ്റര്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. പിജെ തോമസ് സ്വാഗതവും എം പത്മകുമാര്‍ നന്ദിയും പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്ന് 175 പ്രതിനിധികള്‍ പങ്കെടുത്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50 അംഗ കമ്മിറ്റി തെരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it