Sub Lead

കര്‍ക്കരെ രക്തസാക്ഷി തന്നെ; പക്ഷേ, ബഹുമാനിക്കാനാവില്ലെന്ന് ആര്‍എസ്എസ് നേതാവ്

പ്രജ്ഞാസിങ് താക്കൂറിനെയും മറ്റും പീഡിപ്പിച്ചതിനാല്‍ അദ്ദേഹത്തെ ബഹുമാനിക്കാനാവില്ലെന്നായിരുന്നു ഇന്ദ്രേഷ്‌കുമാറിന്റെ പരാമര്‍ശം

കര്‍ക്കരെ രക്തസാക്ഷി തന്നെ; പക്ഷേ, ബഹുമാനിക്കാനാവില്ലെന്ന് ആര്‍എസ്എസ് നേതാവ്
X

ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിനിടെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ മുന്‍ തലവന്‍ ഹേമന്ത് കര്‍ക്കരെ രക്തസാക്ഷിയാണെങ്കിലും അദ്ദേഹത്തെ ബഹുമാനിക്കാനാവില്ലെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. തീവ്രവാദികളുടെ വെടിയുണ്ടകള്‍ കൊണ്ട് കൊല്ലപ്പെട്ടു എന്നതിനാല്‍ കര്‍ക്കരെയെ ആദരിക്കാം. എന്നാല്‍, പ്രജ്ഞാസിങ് താക്കൂറിനെയും മറ്റും പീഡിപ്പിച്ചതിനാല്‍ അദ്ദേഹത്തെ ബഹുമാനിക്കാനാവില്ലെന്നായിരുന്നു ഇന്ദ്രേഷ്‌കുമാറിന്റെ പരാമര്‍ശം. അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ള സംഘം 2008 നവംബറില്‍ നടത്തിയ ആക്രമണത്തിനിടെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയെ മരണാനന്തരം രാജ്യം പരമോന്നത പദവിയായ അശോകചക്ര നല്‍കി ആദരിച്ചിരുന്നു. കാവി ഭീകരത എന്നുപറഞ്ഞ് കോണ്‍ഗ്രസ് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രജ്ഞാസിങ് താക്കൂറിനെ പോലെയുള്ള നേതാക്കളെ വേട്ടയാടി. വ്യാജകേസുകള്‍ ചുമത്തി വേട്ടയാടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. മുംബൈ എടിഎസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെയാണ് മലേഗാവ്, മക്കാ മസ്ജിദ് സ്‌ഫോടനക്കേസുകളിലെ ഹിന്ദുത്വ ശക്തികളുടെ പങ്ക് പുറത്തുകൊണ്ടുവന്നത്. 2008ലെ നലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായിരുന്ന പ്രജ്ഞാസിങ് താക്കൂര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെ തോല്‍പ്പിച്ച് പാര്‍ലിമെന്റിലെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗാന്ധിഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേയെ പുകഴ്ത്തുകയും തന്റെ ശാപം കാരണമാണ് കര്‍ക്കരെ കൊല്ലപ്പെട്ടതെന്ന് പറയുകയും ചെയ്ത പ്രജ്ഞാസിങ് താക്കൂറിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.നേരത്തേ, കര്‍ക്കരെ മികച്ച ഉദ്യോഗസ്ഥനല്ലെന്ന് ബിജെപി നേതാവ് സുമിത്രാ മഹാജനും അപമാനിച്ചിരുന്നു.







Next Story

RELATED STORIES

Share it