Sub Lead

അതിര്‍ത്തി തര്‍ക്കത്തിന് അയവില്ല; അസം മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുത്ത് മിസോറം പോലിസ്

അതിര്‍ത്തി തര്‍ക്കത്തിന് അയവില്ല; അസം മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുത്ത് മിസോറം പോലിസ്
X

ഗുവാഹത്തി: അസം- മിസോറം സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം കൂടുതല്‍ ഏറ്റുമുട്ടലുകളിലേക്ക് നീങ്ങുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് പുരോഗമിക്കവെ അസമിനെതിരേ നിയമന നടപടിയുമായി മിസോറം പോലിസ് രംഗത്തെത്തി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ അസം മുഖ്യമന്ത്രി അടക്കമുള്ളമുള്ളവര്‍ക്കെതിരേ മിസോറം പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ, സര്‍ക്കാരിലെ ആറ് ഉന്നത ഉദ്യോഗസ്ഥരെയും പേരറിയാത്ത 200 ഓളം പോലിസുകാരെയും പ്രതിചേര്‍ത്താണ് കേസെടുത്തത്.

അസം പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍, പോലിസ് സൂപ്രണ്ട്, കച്ചാര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറും എന്നിവരും കേസെടുത്ത പോലിസുകാരില്‍ ഉള്‍പ്പെടുന്നു. അസമിലെ കച്ചാറിന്റെ അതിര്‍ത്തിയായ മിസോറാമിലെ കൊളാസിബ് ജില്ലയിലെ വൈറെങ്‌തെ പോലിസ് സ്‌റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മിസോറമില്‍നിന്നുള്ള എംപിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് അസം പോലിസ് സമന്‍സ് അയച്ചു. സമന്‍സ് നേരിട്ട് നല്‍കുന്നതിനായി പോലിസ് ഡല്‍ഹിയിലെ എംപിമാരുടെ വസതികള്‍ സന്ദര്‍ശിച്ചു.

മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിചേര്‍ത്ത് പോലിസ് കേസെടുത്തത് ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും കലുഷിതമാവാനിടയാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിലനിന്ന സംഘര്‍ഷത്തിന് അല്‍പം അയവുണ്ടായിരുന്നു. മിസോറമിലേക്കുള്ള ദേശീയപാതയില്‍ അസം ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയിരുന്നു. ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തിയില്‍ സ്ഥിതി ശാന്തമാണെങ്കിലും സംഘര്‍ഷം ഭയന്ന് ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഭൂരിഭാഗവും മിസോറമിലേക്ക് കടക്കുന്നില്ല. അതിര്‍ത്തിയോട് ചേര്‍ന്ന് അസമിന്റെ ഭാഗത്തുള്ള ധോലെയ് ബസാറിനു സമീപം അവ നിര്‍ത്തിയിട്ടിരിക്കുകയാണ്.

സംസ്ഥാന അതിര്‍ത്തിയിലുടനീളം സിആര്‍പിഎഫ് നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥിതി വഷളാക്കാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് വന്‍ പോലിസ് സംഘത്തെ അസം വിന്യസിച്ചതായി മിസോറം ആരോപിക്കുന്നു. പോലിസിനെ പിന്‍വലിക്കാന്‍ അസം സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടു മിസോറം ആവശ്യപ്പെട്ടു. അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്നാണു പ്രതീക്ഷയെന്നു മിസോറം മുഖ്യമന്ത്രി സോറം താങ്ഗ പ്രതികരിച്ചു. സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ മിസോറമിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അസം നിവാസികളോട് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

യന്ത്രത്തോക്കുകളടക്കമുള്ള ആയുധങ്ങളുമായി മിസോറംകാര്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ഇരുസംസ്ഥാനങ്ങളും പതിറ്റാണ്ടുകളായി ഏറ്റുമുട്ടലിലാണ്. എന്നാല്‍, ഈ ആഴ്ച കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടല്‍ ആറ് അസം പോലിസ് ഉദ്യോഗസ്ഥരുടെ മരണത്തിനും മറ്റ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി. അക്രമത്തിനുശേഷം ഇരുസംസ്ഥാനങ്ങളും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങളുമായി രംഗത്തുവരികയായിരുന്നു.

Next Story

RELATED STORIES

Share it